Asianet News MalayalamAsianet News Malayalam

പൂട്ട് തുറന്നത് പക്ഷികള്‍, കോർപ്പറേഷൻ അടച്ചുപൂട്ടി സീൽവച്ച സ്ഥലത്ത് കയറിയ ഉടമയുടെ വിചിത്രവാദം

സീൽ ചെയ്ത വസ്തുവിൽ പിറന്നാൾ പാർട്ടികൾ, വിവാഹം തുടങ്ങിയ പരിപാടികൾ എങ്ങനെയാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് ഉടമ മറുപടി പറഞ്ഞില്ല.

owner opened sealed marriage garden blames birds rlp
Author
First Published Mar 7, 2024, 3:09 PM IST

നികുതി അടയ്ക്കാത്തതിനെ തുടർന്ന് കോർപ്പറേഷൻ സീൽ ചെയ്ത് അടച്ചുപൂട്ടിയ സ്ഥലത്ത് അതിക്രമിച്ച് കയറി ഉടമ. ചോദ്യം ചെയ്തപ്പോൾ സീൽ പൊളിച്ചത് പക്ഷികളാണെന്ന് ഉടമയുടെ വിചിത്രമായ മറുപടി. എന്നാൽ, സീൽ വച്ച ശേഷവും ഇവിടെ വിവാഹങ്ങളടക്കം ചടങ്ങുകൾ നടന്നിട്ടുണ്ട്. ഭോപ്പാലിലെ ബിസൻഖേഡി ഏരിയയിലെ സെഹോർ റോഡിൽ സ്ഥിതി ചെയ്യുന്ന വിൻ്റേജ് വില്ല വിവാഹ ഗാർഡൻ ആണ് നികുതി കുടിശ്ശികയെ തുടർന്ന് കോർപ്പറേഷൻ സീൽ ചെയ്തത്. 82 ലക്ഷം രൂപയുടെ വസ്തു നികുതി കുടിശ്ശികയാണ് വിൻ്റേജ് വില്ല വിവാഹ ഗാർഡൻ അടയ്ക്കാനുള്ളത്.

എന്നാൽ, ഇപ്പോഴിതാ വസ്തുനികുതി അടക്കുന്നതിന് പകരം പൂട്ട് തകർത്ത് ഉടമ തന്റെ സ്ഥലത്ത് അനധികൃതമായി കയറിയിരിക്കുകയാണ്. ഇത് ചോദ്യം ചെയ്ത കോർപ്പറേഷൻ ജീവനക്കാരോട് ഉടമ പറഞ്ഞ മറുപ‌ടി ഏറെ വിചിത്രമാണ്. സീലുപൊളിച്ചത് താൻ അല്ലെന്നും പതിവായി പൂട്ടിൽ ഏതാനും പക്ഷികൾ വന്നിരിക്കാറുണ്ടെന്നും അവയാണ് സീലു പൊളിച്ചതെന്നുമാണ് ഉടയുടെ വാദം. ഇയാളുടെ വിചിത്രമായ മറുപടി കേട്ട് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അമ്പരന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 

സീൽ ചെയ്ത വസ്തുവിൽ പിറന്നാൾ പാർട്ടികൾ, വിവാഹം തുടങ്ങിയ പരിപാടികൾ എങ്ങനെയാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് ഉടമ മറുപടി പറഞ്ഞില്ല. സീൽ ചെയ്ത ശേഷം പതിനഞ്ചോളം ചടങ്ങുകൾ ഇവിടെ നടന്നതായാണ് കോർപറേഷൻ ജീവനക്കാർ പറയുന്നത്. ഇക്കാലയളവിൽ 50 ലക്ഷത്തിലേറെ രൂപ ഉടമയ്ക്ക് ലഭിച്ചതായാണ് കണക്ക്. വിൻ്റേജ് വില്ല മാര്യേജ് ഗാർഡൻ ഉടമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഫയൽ മുനിസിപ്പൽ കോർപ്പറേഷൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് രണ്ടാഴ്ച മുമ്പ് അയച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios