ഒമ്പതാമത്തെ വയസ്സിൽ അവൾ ഒരു അയൽക്കാരനെ നോക്കി നായയെ പോലെ കുരച്ചപ്പോഴാണ് അധികൃതരെ വിവരമറിയിക്കുന്നതും അധികൃതർ എത്തി അവളെ അവിടെ നിന്നും കൊണ്ടുപോകുന്നതും.

മൗ​ഗ്ലിയുടെ കഥ കേട്ടവരായിരിക്കും നമ്മിൽ പലരും. ഒരു സാങ്കല്പിക കഥാപാത്രമാണ് മൗ​ഗ്ലി. മൗ​ഗ്ലിയെ വളർത്തിയത് ചെന്നായ ആയതുകൊണ്ട് തന്നെ അവന്റെ പെരുമാറ്റം കാട്ടിലെ മൃ​ഗങ്ങളുടേതിന് സമാനമായിരുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിലും അങ്ങനെ ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒക്സാന മലയ എന്ന 40 വയസ്സുള്ള ഉക്രേനിയൻ സ്ത്രീയെ ഒരുപാട് കാലം നോക്കിയത് നായകളാണ്. അതിനാൽ നായകളെ പോലെയായി അവളുടെ പെരുമാറ്റം. 

ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ട് വലഞ്ഞിരുന്ന നോവ ബ്ലാഹോവിഷ്ചെങ്ക എന്ന ​ഗ്രാമത്തിലായിരുന്നു ഒക്സാന ജനിച്ചത്. ഒക്സാനയുടെ അമ്മയ്‍ക്ക് അവളെ കൂടാതെ വേറെയും കുട്ടികളുണ്ടായിരുന്നു. മാത്രമല്ല, അവളുടെ മാതാപിതാക്കൾ മദ്യത്തിന് അടിമകളും ആയിരുന്നു. അങ്ങനെ മൂന്നാമത്തെ വയസ്സിൽ ഒരു ദിവസം അവളെ അവർ വീട്ടിന് പുറത്താക്കി. ആകെ തനിച്ചായിപ്പോയ കുഞ്ഞ് ഒക്സാനയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അങ്ങനെ അവൾ ചെന്നെത്തിയത് ഒരു നായ കിടന്നിരുന്ന സ്ഥലത്താണ്. അവളും ആ നായയ്ക്കൊപ്പം കിടന്നു. 

പയ്യെപ്പയ്യെ നായകളോടൊത്തുള്ള സഹവാസം അവളുടെ പെരുമാറ്റത്തിൽ വലിയ മാറ്റമുണ്ടാക്കി. സംസാരിക്കാനുള്ള അവളുടെ കഴിവ് നഷ്ടമായി. നായകളെ പോലെ മുരളാനും കുരയ്ക്കാനും തുടങ്ങി പിന്നീടവൾ. മാലിന്യക്കൂമ്പാരങ്ങളിലെ ഇറച്ചി അവശിഷ്ടങ്ങളും മറ്റുമായി അവളുടെ ഭക്ഷണം. രണ്ടുകാലിൽ നടക്കുന്നതിന് പകരം നായകളെ പോലെ രണ്ടു കയ്യും രണ്ട് കാലും ഉപയോ​ഗിച്ചാണത്രെ അവൾ നടന്നിരുന്നത്. 

ഒമ്പതാമത്തെ വയസ്സിൽ അവൾ ഒരു അയൽക്കാരനെ നോക്കി നായയെ പോലെ കുരച്ചപ്പോഴാണ് അധികൃതരെ വിവരമറിയിക്കുന്നതും അധികൃതർ എത്തി അവളെ അവിടെ നിന്നും കൊണ്ടുപോകുന്നതും. അവർ അവളെ പ്രത്യേക പരിചരണ കേന്ദ്രത്തിലാക്കുകയായിരുന്നു. സ്‌പെഷ്യൽ കെയർ സ്ഥാപനത്തിൻ്റെ ഡയറക്ടർ അന്ന ചലയ പറയുന്നത് ഇപ്പോഴും അവളുടെ സ്വഭാവത്തിൽ ഏറിയ പങ്കും മൃ​ഗങ്ങളുടേതിന് സമാനമാണ് എന്നാണ്. അത് പൂർണമായും മാറാൻ സാധ്യതയില്ല എന്നും അവർ പറയുന്നു. 

ഭക്ഷണം കഴിക്കാൻ കൈ ഉപയോ​ഗിക്കാതെ നാവുപയോ​ഗിക്കുക, നായകളെ പോലെ കൈകൾ കൂടി ഉപയോ​ഗിച്ച് നടക്കുക എന്നതൊക്കെ ഇന്നും അവൾ ചെയ്യുന്നു എന്നാണ് അവർ പറയുന്നത്. അവൾ വല്ലാതെ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്നും അതിന്റെ വേദനയിലാണ് എന്നുകൂടി അവർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം