മനുഷ്യന്റെ പുറംതള്ളല്‍ മൂലം നഗരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഉയര്‍ന്ന പ്രതിപ്രവര്‍ത്തനക്ഷമതയുള്ള വാതകമാണ് ഭൂമിയുടെ താഴ്ന്ന അന്തരീക്ഷത്തിലെ (ട്രോപോസ്ഫിയറിലെ)  ഓസോണ്‍. അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്പിയറിലെ ഓസോണ്‍ പാളി നമുക്ക് സംരക്ഷണ കവചമെങ്കില്‍ ഭൂനിരപ്പിലുള്ള (ട്രോപോസ്ഫിയറിലെ) കൂടിയ അളവിലുള്ള ഓസോണ്‍ വാതകം, ആരോഗ്യത്തിനു ദോഷകരമായ രീതിയിലുള്ള മലിനവായുവായാണ് കണക്കാക്കുന്നത്.  പ്രത്യേകിച്ച്,  പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും ശ്വാസകോശ രോഗമുള്ളവര്‍ക്കും മറ്റും ഇത് വളരെയധികം ദോഷകരമാണ്. 

മറ്റ് വായു മലിനീകരണത്തെപ്പോലെ ഓസോണ്‍ നേരിട്ട് വായുവിലേക്ക് പുറന്തള്ളപ്പെടുന്നില്ല.  ഭൂനിരപ്പിന് സമീപമായി കാണപ്പെടുന്ന ഈ ഓസോണ്‍ മലിനീകരണത്തിന് പ്രധാന കാരണം,  കാറുകള്‍, പവര്‍ പ്ലാന്റുകള്‍,  എണ്ണസംസ്‌ക്കരണശാലകള്‍ , കെമിക്കല്‍ പ്ലാന്റുകള്‍, തുടങ്ങിയ പലവിധ സ്രോതസ്സുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഓക്‌സൈഡുകളും ഹൈഡ്രോകാര്‍ബണുകളും മറ്റുമടങ്ങിയ മാലിന്യങ്ങളും പുകയുമാണ്. ഇവ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ രാസപരമായി പ്രതികരിക്കുമ്പോള്‍ രൂപം കൊള്ളുന്ന മൂന്നു ഓക്സിജന്‍ കണികകള്‍ ചേര്‍ന്നതാണ് ഓസോണ്‍ വാതകം. 

20 രാജ്യങ്ങളില്‍ നിന്നുമുള്ള 434 നഗരങ്ങളിലെ വസ്തുതകള്‍ പഠനവിധേയമാക്കി ഡോ. അനാ വിസിഡോ ക്യാബറേറയും നടത്തിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്. ഓസോണ്‍ മലിനീകരണം കാരണം ലോകത്തെ 406 നഗരങ്ങളില്‍ മരണനിരക്ക് കൂടിയതായാണ് പഠനത്തില്‍ തെളിഞ്ഞത്.  'ദി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കൃത്യമായ വായു യോഗ്യതാ ഗുണനിലവാരം ഓരോ രാജ്യവും ഉറപ്പുവരുത്തിയിരുന്നെങ്കില്‍, പഠനം നടത്തിയ 406 നഗരങ്ങളില്‍ പ്രതിവര്‍ഷം സംഭവിക്കുന്ന മരണങ്ങള്‍ 6000 -ഓളം എണ്ണം ഒഴിവാക്കാമായിരുന്നു എന്ന് പഠനം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ചു ഭൂനിരപ്പിലെ ഓസോണിന്റെ അളവ് 100ന്ദg/m3 നേക്കാള്‍ കുറവ് ആയിരിക്കണം. എന്നാല്‍ നഗരപ്രദേശത്ത് ജീവിക്കുന്ന 80% പേരും ഈ അളവിനേക്കാള്‍ കൂടുതല്‍ ഓസോണ്‍ അടങ്ങിയ വായുവാണ് ശ്വസിക്കുന്നത്. ഗവേഷകര്‍ പറയുന്നത് ലോകാരോഗ്യസംഘടന നിശ്ചയിച്ച ഓസോണിന്റെ അതിരു തന്നെ വളരെ കൂടുതലാണ് എന്നാണ്. 

വായുമലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിനുണ്ടാക്കാവുന്ന വിവിധതരം പ്രത്യാഘാതങ്ങളിലേക്ക് ഈ പഠനം വിരല്‍ചൂണ്ടുന്നു. ആഗോളതാപനവും വലിയരീതിയിലുള്ള മാലിന്യങ്ങളുടെ പുറംതള്ളലും അന്തരീക്ഷ ഓസോണിന്റെ അളവിനെ ഭാവിയില്‍ ഇനിയും വര്‍ദ്ധിപ്പിക്കും, അതിലൂടെ ഉണ്ടാകാന്‍ പോകുന്ന രോഗങ്ങളെക്കുറിച്ചും  മരണനിരക്കിനെക്കുറിച്ചു സമൂഹം കൂടുതല്‍ ബോധവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട് കൂടുതല്‍ പൊതുമേഖലാ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതും ചെറിയ ദൂരങ്ങളിലേക്ക് സൈക്കിള്‍ നടത്തം തുടങ്ങിയ സഞ്ചാര രീതികള്‍ അവലംബിക്കേണ്ടതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്.