Asianet News MalayalamAsianet News Malayalam

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് പ്രതിമാസം 1.5 ലക്ഷം രൂപ അലവൻസ് പ്രഖ്യാപിച്ച് പാകിസ്ഥാൻ; അംഗീകരിച്ച് യുഎൻ

അഡിയാല ജയിലിൽ ജാമ്യമില്ലാ തടവിൽ കഴിഞ്ഞ കാലത്ത് ലഖ്‌വിക്ക് ഒരു കുഞ്ഞു ജനിക്കുന്നു പോലുമുണ്ട്.

pak approves 1.5 lakhs per month allowance to the main architect of mumbai terror strike
Author
Pakistan, First Published Dec 11, 2020, 10:55 AM IST

ഇന്ത്യക്ക് ഏറെ അതൃപ്തിയുളവാക്കാൻ സാധ്യതയുള്ള ഒരു തീരുമാനം കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി കൈക്കൊണ്ടിരിക്കുകയാണ്. സെക്യൂരിറ്റി കൗൺസിലിന്റെ സാങ്ക്ഷൻസ് കമ്മിറ്റി കഴിഞ്ഞ ദിവസം മുംബൈ  26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു വിശ്വസിക്കപ്പെടുന്ന സക്കിയൂർ റഹ്‌മാൻ ലഖ്‌വി എന്ന ലഷ്കർ എ ത്വയ്യിബ ഭീകരന്, മാസാമാസം ഒന്നര ലക്ഷം രൂപ വീതം നൽകാനുള്ള പാകിസ്താന്റെ തീരുമാനത്തിന് അംഗീകാരം നൽകിക്കൊണ്ട് ഉത്തരവിട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

ഈ ഒന്നരലക്ഷത്തിന്റെ അലവൻസിൽ അരലക്ഷം രൂപ മാസം ഭക്ഷണച്ചെലവിനും, 45,000 രൂപ മരുന്നിന്റെ ചെലവിനും, 20,000 രൂപ പബ്ലിക് യൂട്ടിലിറ്റി എക്സ്പെൻസസ് ഗണത്തിലും, 20,000 രൂപ വക്കീൽഫീസിനത്തിലും, 15,000 രൂപ യാത്രാച്ചെലവിനുമായിട്ടാണ് അനുവദിച്ചിട്ടുള്ളത്. ഇമ്രാൻ ഖാൻ ഗവണ്മെന്റ്, UNSC യിൽ സമർപ്പിച്ച അപേക്ഷയിന്മേലാണ് ഈ അനുമതി ഉത്തരവ് ഉണ്ടായിട്ടുള്ളത്. 

യുഎന്നിന്റെ 1267 കമ്മിറ്റി, 2008 -ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരരുടെ ലിസ്റ്റിൽ പെടുത്തി തടവിലാക്കിയിരുന്ന ലഖ്‌വി, 2015 മുതൽ ജാമ്യത്തിലാണ്. ഈ ലഖ്‌വി ജയിലിൽ കഴിഞ്ഞ കാലവും വെറും പ്രഹസനങ്ങളാണ് പാകിസ്ഥാൻ ഗവൺമെന്റ് കാണിച്ചുകൊണ്ടിരുന്നത് എന്നും ആക്ഷേപങ്ങളുണ്ട്. കാരണം, ഇങ്ങനെ അഡിയാല ജയിലിൽ ജാമ്യമില്ലാ തടവിൽ കഴിഞ്ഞ കാലത്ത് ലഖ്‌വിക്ക് ഒരു കുഞ്ഞു ജനിക്കുന്നു പോലുമുണ്ട്.

ലഖ്‌വിക്ക് പുറമെ നിരോധിക്കപ്പെട്ട ആണവശാസ്ത്രജ്ഞൻ മഹ്മൂദ് സുൽത്താൻ ബഷീറുദ്ദിൻ എന്നയാളുടെ ചെലവും ഇതേ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പാകിസ്താന്റെ അറ്റോമിക് എനർജി കമ്മീഷനിൽ പ്രവർത്തിച്ചിട്ടുള്ള ബഷീറുദ്ദിൻ രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ 'സിതാര എ ഇംതിയാസ്‌'നേടിയിട്ടുണ്ട്. ഒസാമ ബിൻ ലാദനെ നേരിൽ കണ്ടിട്ടുള്ള ഇയാളെയും ഇയാൾ അംഗമായ ഉമ്മാ തഅമീർ എ നൗ എന്ന സംഘടനയെയും അമേരിക്കയിലെ 9/11 ഭീകരാക്രമണത്തെ തുടർന്ന്, യുഎന്നും, അമേരിക്കയും ഒരുപോലെ ഭീകരലിസ്റ്റിൽ പെടുത്തിയിട്ടുള്ളതാണ്. ഇയാളും ഇന്ന് പാകിസ്ഥാനിൽ സ്വതന്ത്രനായി വിലസുകയാണ്. 

ഇങ്ങനെ ഭീകരാക്രമണ കേസുകളിൽ കുറ്റം ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കൾ യുഎൻ സമിതിയുടെ നിർദേശപ്രകാരം മരവിപ്പിക്കപ്പെടാറുണ്ട്. അതിൽ ചില സവിശേഷ സാഹചര്യങ്ങളിൽ ഇതുപോലെ ഇളവുകൾ നേടാനുള്ള സാദ്ധ്യതകൾ നല്കിയിട്ടുള്ളതിനെയാണ് ഇപ്പോൾ ഇമ്രാൻ ഖാൻ ഗവൺമെന്റ് ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios