2019ല്‍ വിവാഹം കഴിഞ്ഞ ശേഷം സാമിയക്ക് ഇന്ത്യയില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല

പാക് പേസര്‍ ഹസന്‍ അലിക്ക് സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുണ്ട്. എന്നാല്‍ ഹസന്‍ അലിയുടെ ഭാര്യ സാമിയ അർസു ഇന്ത്യക്കാരിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല. 2019ല്‍ വിവാഹം കഴിഞ്ഞ ശേഷം സാമിയക്ക് ഇന്ത്യയില്‍ വരാനായിട്ടില്ലെന്നും അറിയില്ല. ഈ ലോകകപ്പ് സാമിയയെ സംബന്ധിച്ച് കുടുംബത്തെ വീണ്ടും കാണാനും സ്നേഹം പങ്കിടാനുമുള്ള സുവര്‍ണാവസരമായി മാറി. 

ഹരിയാനയിലെ നുഹ് ജില്ലയിലെ ചന്ദേനിയിലാണ് സാമിയ ജനിച്ചത്. നിലവില്‍ ദുബൈയില്‍ എമിറേറ്റ്‌സ് എയർലൈൻസിൽ എഞ്ചിനീയറാണ് അവര്‍. ഫരീദാബാദിലെ മാനവ് രചന സർവകലാശാലയിൽ നിന്നാണ് സാമിയ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയത്. എമിറേറ്റ്സ് എയർലൈൻസിൽ ഫ്ലൈറ്റ് എഞ്ചിനീയറാവും മുമ്പ് ജെറ്റ് എയർവേസിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തു. വ്യോമയാന മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട് സാമിയയ്ക്ക്. 

ഒരു പൊതു സുഹൃത്ത് മുഖേനയാണ് സാമിയയും ഹസൻ അലിയും പരിചയപ്പെട്ടത്. രണ്ട് വര്‍ഷത്തെ ബന്ധത്തിന് ശേഷം 2019ല്‍ ഇരുവരും വിവാഹിതരായി. ദുബൈയില്‍ വെച്ചായിരുന്നു വിവാഹം. ഇരുവർക്കും 2021 ൽ പെൺകുഞ്ഞ് ജനിച്ചു. വിസ നിയന്ത്രണങ്ങൾ കാരണം വിവാഹത്തിനു ശേഷം സാമിയയ്ക്ക് ഇന്ത്യയില്‍ എത്താനായിട്ടില്ല. ഈ ലോകകപ്പ് സാമിയയെ സംബന്ധിച്ച് കുടുംബത്തെ വീണ്ടും കാണാനുള്ള അവസരമായി മാറി.

സാമിയയുടെ മാതാപിതാക്കള്‍ മകളെയും മരുമകനെയും കൊച്ചുമകളെയും കാണാനുള്ള കാത്തിരിപ്പിലായിരുന്നു. നിലവില്‍ ഗുഡ്ഗാവിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. സാമിയ ഗുഡ്ഗാവിലെ ഫ്ലാറ്റിലെത്തി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടു. ഇനി ചന്ദേനിയില്‍ പോയി മറ്റ് ബന്ധുക്കളെയും കാണും.

ഹസന്‍ അലിക്ക് ടീമിന്‍റെ പ്രോട്ടോകോള്‍ കാരണം വീട്ടില്‍ വരാന്‍ കഴിഞ്ഞിട്ടില്ല. ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ഗുഡ്ഗാവിലെ വീട്ടിലെത്തി ഭാര്യാ വീട്ടുകാരെ കാണാന്‍ കഴിഞ്ഞേക്കും. സാമിയ ആവശ്യപ്പെട്ട വിഭവങ്ങളൊക്കെ വീട്ടില്‍ പാകം ചെയ്തെന്ന് പിതാവ് ലിയാഖത് അലി പറഞ്ഞു. 

സാമിയയുടെ കുടുംബത്തിന് പാകിസ്ഥാനില്‍ വേരുകളുണ്ട്. പാക് മുൻ എംപിയും റെയിൽവേ ബോർഡ് ചെയർമാനുമായ ഖാൻ ബഹാദൂർ, ലിയാഖത്തിന്‍റെ പിതാവിന്‍റെ സഹോദരനാണ്. പാകിസ്ഥാനിലെ കസൂർ ജില്ലയിലാണ് കുടുംബം താമസിക്കുന്നത്.