സോഷ്യല്‍ മീഡിയാ താരമായ ക്വന്‍ദീല്‍ ബലോച് എന്ന 26കാരിയെ സോഷ്യല്‍ മീഡിയാ ഇടപെടലുകളുടെ പേരില്‍ കൊലചെയ്ത സഹോദരന്‍ മുഹമ്മദ് വസീമിനെയാണ് ലാഹോര്‍ ഹൈക്കോടതിവെറുതെ വിട്ടത്. കുടുംബം ഇയാള്‍ക്ക് മാപ്പു നല്‍കിയ എന്ന് പറഞ്ഞാണ് ഇയാളെ വെറുതെവിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകനെ ഉദ്ധരിച്ച് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പാക്കിസ്താനിലെ സദാചാരവാദികളെ ഞെട്ടിച്ച യുവതിയെ കഴുത്തുഞെരിച്ച് കൊന്ന കേസില്‍ സഹോദരനെ കോടതി വെറുതെവിട്ടു. സോഷ്യല്‍ മീഡിയാ താരമായ ക്വന്‍ദീല്‍ ബലോച് എന്ന 26കാരിയെ സോഷ്യല്‍ മീഡിയാ ഇടപെടലുകളുടെ പേരില്‍ കൊലചെയ്ത സഹോദരന്‍ മുഹമ്മദ് വസീമിനെയാണ് ലാഹോര്‍ ഹൈക്കോടതിവെറുതെ വിട്ടത്. കുടുംബം ഇയാള്‍ക്ക് മാപ്പു നല്‍കിയ എന്ന് പറഞ്ഞാണ് ഇയാളെ വെറുതെവിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകനെ ഉദ്ധരിച്ച് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ഇയാള്‍ ആറു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ്, പ്രതിഭാഗം അപ്പീലിനു പോയതും അമ്മ അടക്കം കൂറുമാറിയ നാടകീയ സംഭവങ്ങള്‍ നടന്നത്. തുടര്‍ന്നാണ്, ദുരഭിമാന കൊലയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ഇയാളെ വെറുതെവിട്ടതെന്ന് പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിധിയുടെ വിശദാംശങ്ങള്‍ ഇതുവരെ കോടതി പുറത്തുവിട്ടിട്ടില്ല. 

ശരീരത്തിന്റെ രാഷ്ട്രീയം വിളംബരം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൊണ്ടും സദാചാരവാദികളെ പ്രകോപിപ്പിക്കുന്ന സെല്‍ഫികള്‍ കൊണ്ടും പാക് സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ക്വാന്‍ദീല്‍ ബലോച് എന്ന 26കാരി മുള്‍ട്ടാനില്‍ സ്വന്തം വീട്ടിലാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഇവരെ വെടിവെച്ചു എന്നായിരുന്നു ആദ്യ വിവരങ്ങള്‍. എന്നാല്‍, ഇയാള്‍ സഹോദരിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കോടതിയില്‍ വെച്ച് താനാണ് കൊല നടത്തിയത് എന്നും അതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. സഹോദരിയെ സഹിക്കാനാവാത്തത് കൊണ്ടാണ് താന്‍ കൊല നടത്തിയതെന്ന് മാധ്യമങ്ങളോടും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന്, ഇയാളെ പ്രാദേശിക കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് ഈയിടെ ക്വാന്റീല്‍ സര്‍ക്കാറിനെയും ഫെഡറല്‍ ഏജന്‍സിയെയും സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. തന്റെ പരാതിയില്‍ നടപടി ഇല്ലാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കകമാണ് ക്വാന്‍ദീല്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. 

ഇരയോ പരാതിക്കാരോ മാപ്പു നല്‍കിയാല്‍ പ്രതികളെ വെറുതെ വിടുന്ന നിയമപ്രകാരമാണ് ഇയാളെ വെറുതെവിട്ടത് എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, ബന്ധുക്കള്‍ പ്രതിയും പരാതിക്കാരുമാവുന്ന കേസുകളില്‍ പ്രതിക്ക് മാപ്പുനല്‍കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഈയിടെ നിയമം വന്നിരുന്നു. പ്രതിയെ വെറുതെ വിടുന്നതില്‍ ഈ നിയമം പരിഗണിക്കപ്പെട്ടോ എന്ന കാര്യം വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നാലേ അറിയുകയുള്ളൂ. ഈ നിയമം നിലനില്‍ക്കുമ്പോഴും പാക് കോടതികള്‍ ദുരഭിമാന കൊലപാതക കേസുകളില്‍ പ്രതിക്കനുകൂടലമായി വീട്ടുകാരുടെ മാപ്പ് പരക്കെ സ്വീകരിക്കുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരഭിമാന :ൊലകള്‍ക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും പാക് സമൂഹവും കൈക്കൊള്ളാറ്. എന്നാല്‍, ഇതിനെതിരെ സ്ത്രീകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. 

സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വാന്റീല്‍ ബലോച് പ്രശസ്തയായത്. അസം സുല്‍ത്താന്‍ എന്നായിരുന്നു ഇവരുടെ യഥാര്‍ത്ഥ പേര്. സോഷ്യല്‍ മീഡിയയില്‍ ക്വാന്റീല്‍ ബലോച് എന്ന പേരില്‍ പ്രശസ്തയായി. ഇവര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഉണ്ടായിരുന്നത്. പാക്ക് സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കും ഇരട്ടത്താപ്പുകള്‍ക്കും എതിരായ ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. നടി, മോഡല്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള സെല്‍ഫികളിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായി.

ഈ അഭിപ്രായ പ്രകടനങ്ങളും ഫോട്ടോകളുമെല്ലാം കടുത്ത എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയത്. മതയാഥാസ്ഥിതിക സംഘടനകളും വ്യക്തികളും അവരെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലും ആക്രമിച്ചു. എതിരാളികളോടെല്ലാം മറുപടി പറഞ്ഞിരുന്ന അവര്‍ പിന്നീട്, സംവാദത്തിനുള്ള അര്‍ഹത പാക് ആണ്‍ സമൂഹത്തിന് ഇല്ലെന്ന് കുറ്റപ്പെടുത്തി മറുപടികളില്‍നിന്ന് പിന്‍മാറി. എന്നാല്‍, വിമര്‍ശനങ്ങളെ ഒട്ടും ഭയക്കാത്ത സെല്‍ഫികളിലൂടെ അവര്‍ വീണ്ടും ഇടപെടലുകള്‍ തുടര്‍ന്നു. ശരീര പ്രദര്‍ശനമല്ല തന്റെ ലക്ഷ്യമെന്നും പെണ്‍ശരീരം കാണാന്‍ ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാതിരിക്കുകയും എന്നാല്‍, പരസ്യമായി സദാചാര പ്രസംഗം നടത്തുകയും ചെയ്യുന്നവരുടെ കാപട്യം തുറന്നു കാണിക്കുകയും അവരെ പ്രകോപിപ്പിക്കുകയുമാണെന്നും അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. 'ഈ സമൂഹം ചീഞ്ഞളിഞ്ഞതാണ്. ഈ പുരുഷാധിപത്യ സമൂഹത്തില്‍ നല്ലതായി ഒന്നുമില്ല' ഒരഭിമുഖത്തില്‍ അവര്‍ ഈയിടെ പറഞ്ഞു.