ഫലസ്തീന് കൊവിഡ് വാക്‌സിനുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ മുന്നോട്ടുവെച്ച കരാറില്‍നിന്നും ഫലസ്തീന്‍ അതോറിറ്റി പിന്‍വാങ്ങി.

ഗാസ: ഫലസ്തീന് കൊവിഡ് വാക്‌സിനുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ മുന്നോട്ടുവെച്ച കരാറില്‍നിന്നും ഫലസ്തീന്‍ അതോറിറ്റി പിന്‍വാങ്ങി. ഇസ്രായേലിന്റെ പദ്ധതി മറ്റൊരു തട്ടിപ്പ് മാത്രമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കാലാവധി കഴിയാറായ ഒരു മില്യന്‍ വാക്‌സിന്‍ േഡാസുകള്‍ ഫലസ്തീനു നല്‍കി പകരം മാസങ്ങള്‍ക്കുശേഷം അവര്‍ക്ക് നിയമപരമായി ലഭിക്കുന്ന വാക്‌സിന്‍ തിരികെ വാങ്ങാനായിരുന്നു ഇസ്രായേല്‍ കരാര്‍. കരാര്‍ വ്യവസ്ഥകള്‍ ഇസ്രായേല്‍ പാലിച്ചില്ല എന്നാരോപിച്ചാണ് അതോറിറ്റി പിന്‍മാറിയത്. 

കാലാവധി കഴിയുന്നതിനു തൊട്ടുമുമ്പുള്ള വാക്‌സിനുകളാണ് ഇസ്രാേയല്‍ നല്‍കുന്നതെന്ന് വ്യക്തമാക്കിയാണ് ഫലസ്തീന്‍്ര അതോറിറ്റി പിന്‍മാറിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ വാക്‌സിന്‍ പ്രതിസന്ധിക്ക് പരിഹാരമായി ഫൈസര്‍ വാക്‌സിനുകള്‍ ഫലസ്തീന് നല്‍കാമെന്നാണ് നേരത്തെ ഇസ്രായേല്‍ വാഗ്ദാനം ചെയ്തിരുന്നത്. ഫലസ്തീന്‍ അതോറിറ്റി ഓര്‍ഡര്‍ ചെയ്ത ഫൈസര്‍ വാക്‌സിനുകള്‍ ലഭിക്കുന്ന മുറയ്ക്ക് അവ തങ്ങള്‍ക്ക് തരണമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ കരാറുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഇസ്രായേല്‍ നല്‍കുന്നത് കാലാവധി കഴിയാറായ വാക്‌സിനാണെന്ന് വ്യക്തമാക്കി ഫലസ്തീന്‍ അതോറിറ്റി രംഗത്തുവന്നത്. 

ജുലൈ, ഓഗസ്ത് വരെ കാലാവധിയുള്ള വാക്‌സിനാണ് നല്‍കുന്നതെന്നാണ് ഇസ്രായേല്‍ കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് ലഭിച്ചത് ജൂണില്‍ കാലാവധി കഴിയുന്ന വാക്‌സിനുകളാണെന്ന് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഈ മാസത്തിനുള്ളില്‍ ഇത്രയും വാക്‌സിന്‍ വിതരണം ചെയ്യാനുള്ള സാഹചര്യമില്ലെന്നും കരാര്‍ വ്യവസ്ഥ പാലിക്കാത്ത വാക്‌സിനുകള്‍ തങ്ങള്‍ക്ക് വേണ്ടെന്നും ഫലസ്തീന്‍ അതോറിറ്റി ആരോഗ്യ മന്ത്രി മായി അല്‍കായില വ്യക്തമാക്കി. ഇതിനോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. 

കരാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള വാക്‌സിനുകളല്ല ഇസ്രായേല്‍ നല്‍കിയതെന്നും ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മുഹമ്മദ് ശ്തയ്യ ആരോഗ്യ മന്ത്രിക്ക് കരാര്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും അതോറിറ്റി വക്താവ് ഇബ്രാഹിം മല്‍ഹിം പറഞ്ഞു. ഫൈസറില്‍നിന്നും നേരിട്ട് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ ലഭിക്കുന്നത് വരെ തങ്ങള്‍ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യസ്‌നേഹത്തിന്റെ പേരു പറഞ്ഞാണ് പുതിയ ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വാക്‌സിന്‍ കരാര്‍ വിവരം പുറത്തുവിട്ടത്. കൊറോണ വൈറസിന് അതിര്‍ത്തികളോ ജനങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളാ ബാധകമല്ലല്ലോ എന്നാണ് ഇതിന് ന്യായീകരണമായി ഇസ്രായേലി ആരോഗ്യമന്ത്രി നിത്‌സാന്‍ ഹോറോവിറ്റ്‌സ് പറഞ്ഞത്. ഇരുവശത്തെയും താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ് വാക്‌സിനുകള്‍ കൈമാറാനുള്ള കരാറിലെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. 

കാലാവധി കഴിയാറായ വാക്‌സിനുകള്‍ നല്‍കും എന്നാണ് ഇസ്രായേലി പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, എന്നാണ് ഇവയുടെ കാലാവധി കഴിയുക എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ ഫലസ്തീന് ലഭിക്കാനിരിക്കുന്ന വാക്‌സിനുകളില്‍നിന്ന് തങ്ങള്‍ നല്‍കിയ അത്രയും വാക്‌സിനുകള്‍ തിരിച്ചു വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ അതോറിറ്റിയുമായുണ്ടാക്കിയ കരാറില്‍ ജൂലൈ, ഓഗസ്ത് മാസം കാലാവധി കഴിയുന്ന വാക്‌സിനുകള്‍ എന്നാണ് പറഞ്ഞിരുന്നത്. വാക്‌സിന്‍ കിട്ടിയപ്പോഴാണ് കരാര്‍ വ്യവസ്ഥ തെറ്റാണ് എന്നും ഈ മാസം തന്നെ കാലാവധി കഴിയുന്ന വാക്‌സിനുകളാണ് ഇസ്രായേല്‍ നല്‍കിയതെന്നും അറിവായത് എന്നാണ് ഫലസ്തീന്‍ പറയുന്നത്. 

ലോകത്ത് വാക്‌സിനേഷന്‍ ഏറ്റവും ഫലപ്രദമായി നടത്തിയ രാജ്യമാണ് ഇസ്രായേല്‍. ഫൈസര്‍ കമ്പനിയുമായി നേരിട്ട് ഉണ്ടാക്കിയ പ്രത്യേക കരാര്‍ പ്രകാരം ആദ്യം തന്നെ ആവശ്യത്തിന് വാക്‌സിന്‍ അവര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക വാക്‌സിനേഷന്‍ പരിപാടിയില്‍ രാജ്യത്തെ 55 ശതമാനത്തിലധികം പേര്‍ക്ക് രണ്ടു വാക്‌സിന്‍ ഡോസുകളും നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഫലസ്തീനില്‍ ഇതല്ല അവസ്ഥ. അധിനിവേശ വെസ്റ്റ്ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ 33 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയത്. റഷ്യ, ചൈന, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഫലസ്തീന് നേരത്തെ വാക്‌സിന്‍ ലഭിച്ചത്.