മക്കൾക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് അവരുടെ മനസിൽ വേണ്ടത്ര നിറമുള്ള കാഴ്ച നിറക്കുക എന്നതാണ് മാതാപിതാക്കളുടെ ലക്ഷ്യം. ഒപ്പം ഓരോ യാത്രയിലും അവർ പുതിയ പാഠങ്ങൾ പഠിക്കുമെന്നും അവർ കരുതുന്നു.

ഒരു കനേഡിയൻ കുടുംബം ഒരു വർഷം നീളുന്ന ഒരു ലോക യാത്ര നടത്തുകയാണ്. കാരണം, വേറെ ഒന്നുമല്ല. കുടുംബത്തിലെ മൂന്ന് കുട്ടികൾക്കും അവരുടെ മുപ്പതാമത്തെ വയസാകുമ്പോൾ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും. അതിന് മുമ്പ് കുറേ നിറമുള്ള നിമിഷങ്ങളും കാഴ്ചകളും അവരുടെ ഉള്ളിൽ പതിയണം. അതിന് വേണ്ടിയാണ് മക്കളെയും കൂട്ടി മാതാപിതാക്കളുടെ യാത്ര. 

അവരുടെ മൂത്ത മകളായ മിയ ലെമേ-പെല്ലെറ്റിയറിന്, റെറ്റിനിസ് പിഗ്മെന്റോസ ഉണ്ടെന്ന് മാതാപിതാക്കൾ കണ്ടെത്തുന്നത് 2018 -ലെ ഒരു വൈകുന്നേരമാണ്. കാഴ്ചയ്ക്ക് അത്ര തെളിച്ചം പോരാ എന്ന് തോന്നിയപ്പോഴായിരുന്നു പരിശോധിച്ചത്. അത് പ്രകാരം അവളുടെ 30 -ാമത്തെ വയസെത്തുമ്പോൾ അവൾ അന്ധയായേക്കും എന്ന് അറിയാൻ കഴിഞ്ഞു. അടുത്ത വർഷം, അവളുടെ സഹോദരന്മാരായ കോളിനും ലോറന്റിനും ഇതേ അവസ്ഥ കണ്ടെത്തി. എന്നാൽ രണ്ടാമതായി ജനിച്ച ലിയോ എന്ന സഹോദരന് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 

ക്യൂബെക്കിൽ ഫിനാൻസ് ജോലി ചെയ്യുകയാണ് അവരുടെ അമ്മ എഡിത്ത് ലെമേ. അച്ഛൻ സെബാസ്റ്റ്യൻ പെല്ലെറ്റിയർ. അവരെല്ലാം താമസിക്കുന്നതും ക്യൂബെക്സിലാണ്. ആൺമക്കൾക്ക് കൂടി കാഴ്ച നഷ്ടപ്പെടാൻ പോവുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ലോകയാത്ര നടത്താൻ തീരുമാനിച്ചത് എന്ന് ലെമേ പറഞ്ഞു. 

കുടുംബം മാർച്ചിൽ അവധിക്കാല യാത്രക്കായി പുറപ്പെട്ടു. പ്രത്യേകിച്ച് യാത്രാക്രമമൊന്നും ഉണ്ടായിരുന്നില്ല. ഇതുവരെ അവർ നമീബിയ, സാംബിയ, ടാൻസാനിയ, തുർക്കി, മംഗോളിയ എന്നിവ സന്ദർശിച്ചു. ശേഷം ഒരാഴ്ച്ച ഇന്തോനേഷ്യയിൽ ചെലവഴിച്ചു. 2020 -ൽ റഷ്യയിലും ചൈനയിലും ഉടനീളം ഒരു യാത്ര ആരംഭിക്കാൻ അവർ ആദ്യം പദ്ധതിയിട്ടിരുന്നു, എന്നാൽ ഇത് കൊവിഡ് കാരണം റദ്ദാക്കി.

മക്കൾക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് അവരുടെ മനസിൽ വേണ്ടത്ര നിറമുള്ള കാഴ്ച നിറക്കുക എന്നതാണ് മാതാപിതാക്കളുടെ ലക്ഷ്യം. ഒപ്പം ഓരോ യാത്രയിലും അവർ പുതിയ പാഠങ്ങൾ പഠിക്കുമെന്നും അവർ കരുതുന്നു. ചുറ്റുമുള്ള കഠിനമായ ജീവിതം കാണുമ്പോൾ ജീവിതത്തിലെ സന്തോഷം വീടും വീട്ടിൽ എപ്പോഴും വെള്ളവും ഉള്ളതും സ്കൂളിൽ പോകാൻ കഴിയുന്നതുമാണ് എന്ന് മക്കൾ മനസിലാക്കുമെന്ന് കരുതുന്നു എന്നും ലെമേ പറഞ്ഞു. 

റെറ്റിനിസ് പിഗ്മെന്റോസയ്ക്ക് ചികിത്സ ഇല്ല. മിക്കവാറും മുപ്പതാമത്തെ വയസെത്തുന്നതോടെ കാഴ്ച പൂർണമായും നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.