“ഇതുവരെ, ഞങ്ങൾ മൊത്തം അരഡസനോളം വിഷബാധയേറ്റ തത്തകളെ കണ്ടെത്തി. പക്ഷേ, അതിൽ കൂടുതൽ ഉണ്ടെന്നതിൽ സംശയമില്ല. അവയിൽ കൂടുതലും ക്ലിനിക്കിൽ എത്തുന്നില്ല. കാരണം ആളുകൾ അവയെ കണ്ടെത്തുന്നതിന് മുമ്പ് തന്നെ അവ ചത്ത് പോകുന്നു” മർഫി പറഞ്ഞു.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിംബർലി(Western Australia’s Kimberley) മേഖലയിലെ തത്തകൾ(Parrots) മദ്യത്തിന്റെ സ്വാധീനത്തിൽ വെളിവില്ലാതെ വിചിത്രമായി പെരുമാറുന്നതായി റിപ്പോർട്ട്. പക്ഷികൾ, പ്രദേശത്തെ പുളിച്ച മാമ്പഴം കഴിച്ചാണ് ഫിറ്റായി പോകുന്നതെന്നാണ് പറയുന്നത്. കാരണം, കിംബർലി മേഖലയിൽ ഇപ്പോൾ മാമ്പഴക്കാലം ഏതാണ്ട് അവസാനിക്കാറായി. അതുകൊണ്ട് തന്നെ പഴുത്ത് പാകമായ മാമ്പഴങ്ങൾ, അടർന്ന് മണ്ണിൽ വീണു കിടക്കുന്നു. അതവിടെ കിടന്ന് അഴുകുകയും, സൂര്യന്റെ കിരണങ്ങൾ ഏൽക്കുമ്പോൾ പുളിക്കുകയും ചെയ്യുന്നു. ഈ സമയം മാമ്പഴത്തിൽ എത്തനോൾ ഉത്പാദിപിക്കപ്പെടുന്നു. മുന്തിരിയിൽ നിന്ന് വീഞ്ഞ് ഉത്പാദിപ്പിക്കുന്നതിന് സമാനമാണ് ഈ അഴുകൽ പ്രക്രിയ. കാരണം, യീസ്റ്റ് പഴങ്ങളിലെ പഞ്ചസാര ഭക്ഷിക്കുകയും, ഒരു ഉപോൽപ്പന്നമായി എത്തനോൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്ന ഈ മാമ്പഴങ്ങൾ, ഉയർന്ന അളവിലുള്ള മദ്യം ഉത്പാദിപ്പിക്കുന്നു.
നല്ല രീതിയിൽ അഴുകിയ ഈ പഴങ്ങൾ, സാധാരണ മനുഷ്യർ കഴിക്കാറില്ല. എന്നാൽ തത്തകൾക്ക്, മാമ്പഴം അതിനി ഏത് അവസ്ഥയിലായാലും മാമ്പഴം തന്നെയാണ്. അവർ അത് യാതൊരു മടിയും കൂടാതെ കഴിക്കും. ഇങ്ങനെ ഈ അഴുകിയ മാമ്പഴങ്ങൾ ആർത്തിയോടെ കഴിക്കുന്ന തത്തകളുടെ അകത്ത് ചെല്ലുന്നത് വീര്യം കൂടിയ മദ്യം കൂടിയാണ്. തുടർന്ന്, പൂസായ അവ കാട്ടിക്കൂട്ടുന്നത് തീർത്തും അപകടകരമായ കാര്യങ്ങളാണ്. ഒന്നുകിൽ കഠിനമായ വസ്തുക്കളിൽ പോയി ഇടിച്ച് വീഴും, അല്ലെങ്കിൽ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ അവരുടെ കെണിയിൽ വീണ് പോകും. ഈ രീതിയിൽ അമിതമായി മദ്യപിച്ച്, പറക്കാനാകാതെ അവയിൽ പലതും ചത്തുപോകുന്നു.
കഴിഞ്ഞയാഴ്ച എത്തനോൾ വിഷബാധയുള്ള ആറ് പക്ഷികളെ തന്റെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നിരുന്നതായി ബ്രൂം വെറ്ററിനറി ഹോസ്പിറ്റലിലെ പോൾ മർഫി പറഞ്ഞു. രക്ഷിക്കാൻ കഴിയുന്നതിന് മുമ്പ് തന്നെ ചത്ത് പോകുന്ന പക്ഷികളും കുറവല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇതുവരെ, ഞങ്ങൾ മൊത്തം അരഡസനോളം വിഷബാധയേറ്റ തത്തകളെ കണ്ടെത്തി. പക്ഷേ, അതിൽ കൂടുതൽ ഉണ്ടെന്നതിൽ സംശയമില്ല. അവയിൽ കൂടുതലും ക്ലിനിക്കിൽ എത്തുന്നില്ല. കാരണം ആളുകൾ അവയെ കണ്ടെത്തുന്നതിന് മുമ്പ് തന്നെ അവ ചത്ത് പോകുന്നു” മർഫി പറഞ്ഞു. അവ തികച്ചും അലസരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, ഇത്തരത്തിൽ ലഹരിവസ്തുക്കളുടെ സ്വാധീനത്തിൽ പക്ഷികൾക്ക് അപകടങ്ങൾ സംഭവിക്കുന്നത് ഇതാദ്യമല്ല. 2019 -ൽ, മധ്യപ്രദേശിലെ കർഷകർ ഉപജീവനത്തിനായി കൃഷി ചെയ്തിരുന്ന കറുപ്പ്, തത്തകൾ ഭക്ഷിക്കുകയും, അവ ഉന്മാദാവസ്ഥയിലെത്തുകയും ചെയ്തിരുന്നു. ഒടുവിൽ, ഈ പക്ഷികളെ ഓടിക്കാനായി കർഷകർ രാവും പകലും വിളകൾക്ക് കാവലിരിക്കേണ്ട അവസ്ഥ വന്നു. കർഷകർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും, പടക്കം പൊട്ടിച്ചും പക്ഷികളെ ഭയപ്പെടുത്താൻ ശ്രമിച്ചു. സംഭവം കറുപ്പല്ലേ, പക്ഷികൾ പോകുമോ? എന്തൊക്കെ ചെയ്തിട്ടും അവ പോകാൻ കൂട്ടാക്കിയില്ല. കറുപ്പിന് അടിമകളായ തത്തകൾ വിളകൾ നശിപ്പിച്ച്, അവിടമാകെ നാശം വിതച്ചു.
