Asianet News MalayalamAsianet News Malayalam

കാമുകൻ വെട്ടിയത് 29 തവണ, അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന് സ്ത്രീ

താൻ വളരെയധികം സ്നേഹിച്ചിരുന്ന, തന്നോട് കരുണയും സ്നേഹവും ഒക്കെയുണ്ട് എന്ന് താൻ പ്രതീക്ഷിച്ചിരുന്ന ഒരാൾ പെട്ടെന്നൊരു പിശാചായി മാറുകയും തന്നെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു എന്ന് ടിന പറയുന്നു.

partner stabbed woman 29 times
Author
Gateshead, First Published Jul 26, 2022, 10:48 AM IST

ഒരു സ്ത്രീയെ അവളുടെ പങ്കാളി വെട്ടിയത് 29 തവണ. രക്തത്തിൽ കുളിച്ച് കിടന്ന അവളെ ഒടുവിൽ പൊലീസെത്തി രക്ഷിക്കുകയായിരുന്നു. അവളിപ്പോൾ തന്നെ 'ഇര'യെന്ന് വിശേഷിപ്പിക്കരുത് 'അതിജീവിത'യാണ് താൻ എന്ന് പറയുകയാണ്. അതിനോടൊപ്പം തന്നെപ്പോലെ അനുഭവങ്ങളുള്ള മറ്റുള്ളവരെ സഹായം തേടാൻ സഹായിക്കുക കൂടി ചെയ്യുന്നു. 

മാർട്ടിന എന്നാണ് അവളുടെ പേര്. ടിന എന്നാണ് അറിയപ്പെടുന്നത്. ഗേറ്റ്സ്ഹെഡിലെ തന്റെ വീട്ടിൽ പൂട്ടിയിട്ട നിലയിലായിരുന്നു പൊലീസ് കണ്ടെത്തുമ്പോൾ അവൾ. ആകെ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ടിന. സ്റ്റീവൻ വുഡ് എന്നായിരുന്നു അവളുടെ പങ്കാളിയുടെ പേര്. പല കത്തികളുപയോ​ഗിച്ചാണ് ടിനയെ അയാൾ കുത്തിയത്. 

54 -കാരിയായ ടിന പറയുന്നത് തന്നെ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളെ പോലെ നടിച്ച് അയാൾ അവളെ പറ്റിക്കുകയായിരുന്നു എന്നാണ്. പലപ്പോഴും അവരുടെ ബന്ധത്തിൽ സംശയം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം പ്രണയത്തിന്റെ പേരിൽ ടിന അവ​ഗണിക്കുകയായിരുന്നു. 

കൊലപാതകശ്രമത്തിന് സ്റ്റീവനെ 12 വർഷത്തേക്ക് ശിക്ഷിച്ചിരിക്കയാണ്. 2021 മെയ് മാസത്തിലാണ് സ്റ്റീവൻ ടിനയെ ആക്രമിക്കുന്നത്. അതിന് രണ്ട് വർഷം മുമ്പ് അവർ പരിചയപ്പെടുകയും ഒരു വർഷം ഒരുമിച്ച് താമസിക്കുകയും ചെയ്തു.  ടിന പുറത്ത് പോവുകയാണ് എന്ന് പറഞ്ഞതിനെ ചൊല്ലിയാണ് സ്റ്റീവൻ അവളെ വെട്ടിയത്. ‌താൻ അയാളുമായി വളരെ അധികം പ്രണയത്തിലായിരുന്നു എന്ന് ടിന സമ്മതിക്കുന്നു. 

താൻ വളരെയധികം സ്നേഹിച്ചിരുന്ന, തന്നോട് കരുണയും സ്നേഹവും ഒക്കെയുണ്ട് എന്ന് താൻ പ്രതീക്ഷിച്ചിരുന്ന ഒരാൾ പെട്ടെന്നൊരു പിശാചായി മാറുകയും തന്നെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു എന്ന് ടിന പറയുന്നു. അയാൾ അവളെ വെട്ടിയപ്പോഴെല്ലാം അവൾ ജീവന് വേണ്ടി യാചിച്ചു. എന്നാൽ, അയാൾ അതൊന്നും കേട്ടതു പോലുമില്ല. 'നിന്നെ ഞാൻ മുഴുവനായും തീർത്തുകളയും. നിന്റെ പേരിൽ ജയിലിൽ പോയിക്കിടക്കാനെനിക്ക് വയ്യ' എന്നായിരുന്നു അയാൾ പറഞ്ഞത്. 

ആ വാക്കുകൾ തന്റെ ഹൃദയത്തിൽ നിന്നും ഒരിക്കലും മാഞ്ഞുപോയില്ല എന്നവൾ പറയുന്നു. ഓരോ നിമിഷവും താനാ വാക്കുകൾ കേൾക്കുന്നുണ്ട്. ജീവിതത്തിലെ ഇനിയുള്ള കാലമെല്ലാം ആ വാക്കുകൾ തന്നോടൊപ്പം ഉണ്ടാകും. അതിന്റെ ഭയം തന്നെ പിടികൂടിയിട്ടുണ്ട് എന്നും അവൾ സമ്മതിക്കുന്നു. 

പൊലീസെത്തുമ്പോൾ ടിന രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. അവൾക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റീവനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതിന് മുമ്പ് അയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിന് മുമ്പ് സ്റ്റീവൻ തന്റെ മുൻകാമുകിമാരെ പറ്റി പല കഥകളാണ് ടിനയോട് പറഞ്ഞത്. എന്നാൽ പിന്നീട്, അവരെയും അയാൾ അക്രമിച്ചിരുന്നു എന്ന് ടിനയ്ക്ക് മനസിലായി. 

തന്നെപ്പോലെ ഒരുപാട് സ്ത്രീകൾ പങ്കാളികളിൽ നിന്നും അതിക്രമങ്ങൾ നേരിടുന്നതായി ടിനയ്ക്ക് അറിയാം. അവരെ സഹായിക്കാനും ഇന്ന് ടിന മുന്നോട്ട് വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സഹായം തേടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ടിനയ്ക്ക് ഇപ്പോൾ അറിയാം. 


 

Follow Us:
Download App:
  • android
  • ios