വിമാന സുരക്ഷയെ കുറിച്ച് വിവരിക്കവെ യാത്രക്കാരി ക്യാബിന്‍ ക്രൂവിനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ യാത്രക്കാരിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. 

അമേരിക്കന്‍ എയർലൈന്‍സ് ക്യാബിൻ ക്രൂ സുരക്ഷാ പ്രോട്ടോക്കോളുകൾ വായിക്കുന്നതിനിടെ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട യുവതിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ ആഴ്ച ആദ്യം ടെക്സസിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനത്തിലെ ക്യാബിന്‍ ക്രൂ വിമാന യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ നിർദ്ദേശങ്ങൾ വായിച്ച് കൊണ്ടിരുന്നപ്പോൾ ഒരു യാത്രക്കാരി അവരോട് "മിണ്ടാതിരിക്കാൻ" ആവശ്യപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കോസ്റ്റാറിക്കയിൽ നിന്ന് ഡാളസിലേക്ക് പോകുന്ന ഒരു വിമാനത്തിലാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസ് യാത്രക്കാരിയുടെ അടുത്തെത്തി സംസാരിക്കുന്നത് കാണാം. പിന്നാലെ അവരോട് വിമാനത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും അവര്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകുന്നതും കാണാം. സമീപത്ത് ഇരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. നിങ്ങൾക്ക് വിമാനത്തില്‍ നിന്നും ഇറങ്ങണോ? നിങ്ങളുടെ നിര്‍ദ്ദേശങ്ങൾ പാലിക്കാന്‍ എനിക്ക് പറ്റില്ലെന്നും ക്യാബിന്‍ ക്രൂ യുവതിയോട് പറയുന്നത് കേൾക്കാം. ഈ സമയം തനിക്ക് കേൾക്കാന്‍ കഴിയുന്നില്ലെന്ന് യുവതി മറുപടി പറയുന്നു.

View post on Instagram

യാത്രക്കാരിയുടെ മറുപടി കേട്ടതും ഫ്ലൈറ്റ് അറ്റന്‍ഡർ യാത്രക്കാരിയോട് ദേഷ്യപ്പെട്ടു. എന്‍റെ ലിസ്റ്റില്‍ കേൾവി നഷ്ടപ്പെട്ടവരായി ആരുമില്ലെന്നും അതിനാല്‍ നിങ്ങളെ ഇറക്കിവിടാന്‍ പൈലറ്റിനോട് ആവശ്യപ്പെടുമെന്നും ഇവര്‍ മറുപടി പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുമായെത്തിയത്. മിക്കയാളുകളും ഫ്ലൈറ്റ് അറ്റന്‍ററുടെ നടപടി ശരിയായെന്ന് എഴുതി. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുസരിക്കാന്‍ കഴിയാത്തവര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടതില്ലെന്ന് നിരവധി പേരാണ് എഴുതിയത്. ഫ്ലൈറ്റ് അറ്റന്‍റര്‍ വളരെ പ്രൊഫഷണലായതാണ് പ്രശ്നം കൈകാര്യം ചെയ്തതെന്നും നിരവധി പേരാണ് എഴുതിയത്.