അതിക്രൂരമായ പീഡനങ്ങളുടെ കഥകളാണ് പൊള്ളാച്ചിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ,  അപമാന ഭീതി നിമിത്തം വെളിപ്പെടുത്താതെ പോയ പീഡനകഥ.. അതേ ഗാങ്ങ് തന്നെ കാരണക്കാരായ, സമാനമായ കൃത്യങ്ങളെക്കുറിച്ചുള്ള സൂചനകളിലേക്കും പൊലീസിനെ നയിച്ചിട്ടുണ്ട്.

പത്തൊമ്പതുകാരിയായ ഒരു യുവതിയെ അവരുമായി സൗഹൃദം നടിച്ച ഒരു യുവാവ്, സ്വകാര്യമായി ചിലതു സംസാരിക്കാനുണ്ട് എന്ന വ്യാജേന ഒരു കാറിലേക്ക് വിളിച്ചു കയറ്റുന്നു. അതിൽ കറങ്ങിക്കൊണ്ട് അവർ സംസാരിക്കുന്നു. ഇടക്കുവെച്ച് രണ്ടുപേർ കൂടി കാറിലേക്ക് കയറി വരുന്നു. അവർ യുവതിയെ വിവസ്ത്രയാക്കി ചിത്രങ്ങളെടുക്കുന്നു. അവരുടെ സ്വർണമാല അപഹരിച്ച ശേഷം വഴിയിൽ ഇറക്കിവിടുന്നു. 

പിന്നീട്, ഫോണിൽ വിളിച്ച് ഇതേ സംഘം, അവർ പറയുന്ന പോലെ പ്രവർത്തിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ പരസ്യപ്പെടുത്തും എന്ന് ബ്ലാക്ക് മെയിൽ ചെയ്യുന്നു. 

എന്നാൽ, ഇവിടെ ഈ പെൺകുട്ടി കാണിച്ച അസാമാന്യമായ ധൈര്യം കാര്യങ്ങളെ തകിടം മറിച്ചു.

സാധാരണ ഗതിയ്ക്ക് നടക്കുന്നത് ഇതാണ്.  മാനസികമായി ആകെ ഉലഞ്ഞു പോവുന്ന പെണ്‍കുട്ടികൾ സംഘത്തിന്റെ ചൊൽപ്പടിക്ക് നീങ്ങാൻ തുടങ്ങും. അവർക്ക് കടുത്ത മാനസിക-ശാരീരിക-സാമ്പത്തിക ചൂഷണങ്ങൾക്ക് വിധേയരാവേണ്ടിവരും. എന്നാൽ, ഇവിടെ ഈ പെൺകുട്ടി കാണിച്ച അസാമാന്യമായ ധൈര്യം കാര്യങ്ങളെ തകിടം മറിച്ചു.  മാസങ്ങളായി ഈ സംഘം നടത്തിക്കൊണ്ടിരുന്ന ഓൺലൈൻ ഭീഷണി/ബ്ലാക്ക് മെയിൽ  ഓപ്പറേഷനുകൾ അതോടെ തകിടം മറിഞ്ഞു. വിവരമറിഞ്ഞ് ചോദിക്കാൻ വന്ന പെൺകുട്ടിയുടെ ജ്യേഷ്ഠനെ അക്രമികൾ ഒരു പ്രാദേശിക എഐഡിഎംകെ നേതാവിന്റെ സഹായത്തോടെ അടിച്ചൊതുക്കി. എന്നാൽ, കാര്യങ്ങൾ അവിടെ നിന്നില്ല. 

പ്രശ്നം പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. വളരെ കൃത്യമായ ഇടപെടലുമുണ്ടായി. സംഘത്തിൽ പെട്ട നാലുപേർ അധികം താമസിയാതെ പൊലീസിന്റെ പിടിയിലായി. ഈ സംഭവത്തിൽ അപ്പോൾ വെളിയിൽ വന്നിരിക്കുന്നത് ഐസ് ബർഗിന്റെ അറ്റം മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ആ യുവാക്കളിൽ നിന്നും പൊലീസിന് കിട്ടിയ വിവരങ്ങൾ. ഒരു പ്രാദേശിക മാസികയായ 'നക്കീരൻ' പ്രസ്തുത ഗാങ്ങിന്റെ പീഡനത്തിനിരയാവുന്നതിന്റെ ബ്ലർ ചെയ്ത ദൃശ്യങ്ങൾ റിലീസ് ചെയ്തുകൊണ്ട് തുറന്നുവിട്ടത് ഒരു വലിയ കൊടുങ്കാറ്റു തന്നെയായിരുന്നു. 

അമ്പതിനും ഇരുനൂറിനും ഇടയ്ക്ക് യുവതികൾ ഇത്തരത്തിൽ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു അതുവരെ എന്ന് ബോധ്യമായി. അവരാർക്കാർക്കും തന്നെ ആ പീഡനങ്ങളെക്കുറിച്ച് തങ്ങളുടെ കുടുംബാംഗങ്ങളോടെങ്കിലും ഉള്ളുതുറന്നുപറയാനുള്ള ധൈര്യം കിട്ടിയില്ല.  ആദ്യത്തെ പീഡനത്തിൽ തന്നെ വിവരം പുറത്തായിരുന്നെങ്കിൽ ഒരുപക്ഷേ, പിന്നീടുള്ള കുട്ടികളെങ്കിലും ഈ ഗാങ്ങിന്റെ കരാളഹസ്തങ്ങളിൽ നിന്നും രക്ഷപ്പെട്ടേനെ.

ഒരു പെൺകുട്ടിയെ പറഞ്ഞു പറ്റിച്ച്, രഹസ്യമായി ഏതെങ്കിലും സങ്കേതത്തിലേക്ക് വരുത്തിക്കാം എന്നും അവിടെ  വെച്ച് അവളെ പീഡിപ്പിക്കാമെന്നും ഒരു പുരുഷന് അല്ലെങ്കിൽ ഒന്നിലധികം പുരുഷന്മാർക്ക് തോന്നുന്നത് എന്തുകൊണ്ടാവും.? ആ സംഭവത്തിന് ശേഷം ആ പെൺകുട്ടിയെ വീട്ടിലേക്കു തിരിച്ചുപോവാൻ അനുവദിച്ചാൽ തങ്ങളുടെ പേരുവിവരങ്ങൾ ആ കുട്ടി വെളിപ്പെടുത്തില്ല, അവനവൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി  സ്നേഹിതരോടും അടുത്ത ബന്ധുക്കളോടും ഒന്നും വെളിപ്പെടുത്തില്ല എന്നൊക്കെ ധൈര്യം തോന്നുന്നത് എങ്ങനെയാവും..?  അങ്ങനെയൊക്കെ, ഒരു പരിധിവരെ അവരെ പാകപ്പെടുത്തി എടുക്കുന്നതിൽ ആ പുരുഷന്മാർ ജീവിക്കുന്ന സമൂഹത്തിലെ ബഹുമാന്യരായ വ്യക്തികൾ 'പീഡന'ത്തെ പറ്റി വെച്ചുപുലർത്തുന്ന അബദ്ധജടിലമായ ധാരണകളും, അവയെ അടിസ്ഥാനമാക്കി മനസ്സിൽ ഉരുവപ്പെടുത്തി, പൊതു ഇടങ്ങളിൽ പ്രകടിപ്പിക്കുന്ന ആധികാരികമായ അവരുടെ അഭിപ്രായങ്ങളുമാവാം. 

അത്തരത്തിൽ നമ്മുടെ സമൂഹത്തിലെ ഉന്നതസ്ഥാനീയർ നടത്തിയ, ചില അപക്വമായ, സാമാന്യബോധത്തിനു നിരക്കാത്ത, ക്രിമിനൽ കുറ്റം പോലും ആയേക്കാവുന്ന ചില പ്രസ്താവനകളാണ്. ഈ പ്രസ്താവനകളിൽ അപകടം ചിലപ്പോൾ വളരെ നിർദ്ദോഷകരമായ ഒരു തമാശയുടെ രൂപത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും.  അങ്ങനെ ചില പ്രസ്താവനകളിലേക്ക്... 

ക്രിക്കറ്റ് ലോകത്തെ ബെറ്റിങ്ങിനെപ്പറ്റി പത്രക്കാരോട് സംസാരിക്കേ വളരെ കാഷ്വലായിട്ടാണ് സിബിഐ   ഡയറക്ടറായിരുന്ന രജിത് സിൻഹ പറഞ്ഞത്, "റേപ്പിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല എന്നുറപ്പായാൽ പിന്നെ മലർന്നുകിടന്ന് അത് ആസ്വദിക്കുകയാണ് വേണ്ടത്" എന്ന്. ഇത് അദ്ദേഹം കണ്ടുപിടിച്ച ഒരു സ്ത്രീവിരുദ്ധ മനുഷ്യത്വവിരുദ്ധ ഉദ്ദരണിയല്ല. മാവോയുടെയും കൺഫ്യൂഷ്യസിന്റെയും ഒക്കെ പേർക്ക് ആരോപിക്കപ്പെടുന്ന ഈ കമന്റ് യഥാർത്ഥത്തിൽ ആദ്യമായി പ്രയോഗിച്ചത് ടെക്‌സാസിലെ ഒരു ഗവർണറായ ക്ലേറ്റൺ വില്യംസ് ആണ്.  മോശം കാലാവസ്ഥയെ സൂചിപ്പിക്കാൻ വേണ്ടി അന്നദ്ദേഹം വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ ആ പരാമർശം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിതന്നെ അപകടത്തിലാക്കി.  ആദ്യം ആരുപറഞ്ഞു എന്നത് വിഷയമല്ല, അനവസരത്തിൽ എന്തിനും ഏതിനും ഉപമയായി എടുത്തു വീശാനുള്ളതല്ല പീഡനം. അതൊരു ട്രോമയാണ്. അനാവശ്യമായി ഒരു വാക്കെങ്കിലും അതേപ്പറ്റി പറയുകയോ, അതിനെ ഉപയോഗപ്പെടുത്തി ഫലിതം പറയുകയോ ഒക്കെ ചെയ്യുന്നത് റേപ്പിനേ സാധാരണവൽക്കരിക്കുന്നതിനു തുല്യമാണ്. 

പരപുരുഷന്മാരുടെ കൂടെ അർധരാത്രിയ്ക്ക് ശേഷം സ്ത്രീകൾ എന്തിനാണ് പുറത്തിറങ്ങി നടക്കുന്നത് -അബു ആസ്മി

ദില്ലിയിൽ ഗാങ്ങ് റേപ്പ് ഉണ്ടായ പാടെ അബു ആസ്മി എന്ന സമാജ് വാദി പാർട്ടി നേതാവ് പറഞ്ഞത്.  'സഹോദരന്മാരോ, ബന്ധുക്കളോ ഒന്നും അല്ലാത്ത പരപുരുഷന്മാരുടെ കൂടെ അർധരാത്രിയ്ക്ക് ശേഷം സ്ത്രീകൾ എന്തിനാണ് പുറത്തിറങ്ങി നടക്കുന്നത്' എന്നാണ്. അത് കാണുന്ന യുവതലമുറ കൂട്ടിവായിക്കുന്നത് 'അങ്ങനെ നടക്കുന്ന പെൺകുട്ടികളെ വേണമെങ്കിൽ പീഡിപ്പിക്കാവുന്നതാണ്' എന്ന മട്ടിലാണ്. 

മോഹൻ ഭാഗവത് എന്ന ആർ എസ് എസ് നേതാവ് പറഞ്ഞത്, 'പാശ്ചാത്യ ഫാസ്റ്റ് ഫുഡ് ഡയറ്റുകൾ പുരുഷന്മാരുടെ ശരീരത്തിൽ ഹോർമോണൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു' എന്നാണ്. അതുകൊണ്ടാണ് നഗരങ്ങളിൽ റേപ്പുകൾ നടക്കുന്നത്, ഗ്രാമങ്ങളിൽ നടക്കാത്തത് എന്നായിരുന്നു. ഗ്രാമങ്ങളെക്കാൾ കൂടുതൽ നഗരങ്ങളിൽ എന്ന് ഊന്നിപ്പറയാൻ വേണ്ടി പറഞ്ഞതാണെന്ന് അദ്ദേഹത്തിന്റെ ഫാൻസിന് പറയാമെങ്കിലും,  ഫാസ്റ്റ് ഫുഡ് കഴിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്ക് റേപ്പ് ചെയ്യാൻ തോന്നിയാൽ കാര്യമായ മനസ്താപം ഒന്നും വേണ്ട, അത് നിങ്ങളുടെ പ്രശ്നമല്ല, ഹോർമോണുകളുടെ സ്വാഭാവികമായ വിളയാട്ടമാണ് എന്നൊരു മുൻ‌കൂർ ജാമ്യം ആ പ്രസ്താവന മുന്നോട്ടുവെക്കുന്നുണ്ട്. അത് അപകടകരമാണ്. 'ചൗമീൻ കഴിച്ചാൽ റേപ്പ് ചെയ്യാൻ തോന്നും' എന്നുവരെ ഏതോ ഒരു പ്രാദേശിക നേതാവ് പറയുകയുണ്ടായി ഇതേ ലൈനിൽ. 

പ്രകോപിതരാക്കരുത് - ആസാറാം ബാപ്പു

ആസാറാം ബാപ്പു എന്ന ആത്മീയ നേതാവ് ദില്ലി ഗാങ് റേപ്പ് നടന്ന സമയത്തു തന്നെ നടത്തിയ വിവാദപ്രസ്താവനയാണ്, "യുവാക്കൾ ആക്രമിക്കാൻ വന്നപ്പോൾ തിരിച്ച് അവരോട് അക്രമാസക്തമായി പ്രതികരിച്ച് അവരെ പ്രകോപിപ്പിച്ച യുവതിയും കുറ്റക്കാരിയാണ് ഈ വിഷയത്തിൽ. അവരെ 'ഭയ്യാ..' എന്ന് വിളിച്ച് കാൽക്കൽ വീണു കരഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവളെ റേപ്പുചെയ്യാതിരുന്നേനെ അവർ'' എന്ന്.. ഈ പൊള്ളാച്ചി സംഭവുമായി ബന്ധപ്പെട്ട് നക്കീരൻ പുറത്തുവിട്ട ബ്ലർഡ് വീഡിയോകളിൽ ഒന്നിൽ ആ പാവം പെൺകുട്ടി തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുന്ന അക്രമികളുടെ കാലുപിടിച്ച് അവരെ "അണ്ണാ.. ഇങ്ങനൊന്നും ചെയ്യരുതേ.. എന്നെ വെറുതെ വിടനെണേ.." എന്ന് കരഞ്ഞു പറയുന്നുണ്ട്.. എന്നിട്ടും ആ കുട്ടിയെ വെറുതെ വിട്ടില്ല.  റേപ്പ് എന്ന കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്ന ഒരു തെറ്റായ, വളരെ മോശപ്പെട്ട ഒരു ന്യായമാണ് ഈ പ്രസ്താവനയും. 

തിരിച്ചു വായിച്ചാൽ, പുരുഷന്മാരുമായി അടുത്തിടപഴകുന്ന സ്ത്രീകളെ വേണമെങ്കിൽ ചൂഷണം ചെയ്യാവുന്നതാണ് എന്നുവരും

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് മറ്റൊരു വിവാദ പ്രസ്താവന നടത്തിയിട്ടുള്ളത്. അവർ പറഞ്ഞത്, ഇന്നത്തെ കാലത്ത് പീഡനങ്ങളുടെ കേസുകൾ കൂടാൻ കാരണം സ്ത്രീകളും പുരുഷന്മാരും പണ്ടേക്കാൾ അടുത്തിടപഴകുന്നതാണ് എന്നായിരുന്നു. തിരിച്ചു വായിച്ചാൽ, പുരുഷന്മാരുമായി അടുത്തിടപഴകുന്ന സ്ത്രീകളെ വേണമെങ്കിൽ ചൂഷണം ചെയ്യാവുന്നതാണ് എന്നുവരും. ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ടുള്ള ഇത്തരത്തിലുള്ള പ്രസ്താവനകൾ തീർത്തും നിന്ദ്യമാണ്. 

ഹരിയാനയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ ധരംവീർ ഗോയാട്ട് നടത്തിയത്  വളരെ മ്ലേച്ഛമായ ഒരു പ്രസ്താവനയായിരുന്നു. 'തൊണ്ണൂറു ശതമാനം റേപ്പ് കേസുകളും ഉഭയ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധങ്ങളാണ്' എന്ന് ഒരു കരുണയുമില്ലാതെ പറഞ്ഞു കളഞ്ഞു അദ്ദേഹം. ദില്ലി ഗാങ്ങ് റേപ്പ് നടന്ന സമയത്ത് സുശീൽ കുമാർ ഷിൻഡെയും നടത്തി വീണ്ടുവിചാരമില്ലാത്ത ഒരു പ്രസ്താവന. "ഇതുപോലുള്ള ക്രൂരമായ റേപ്പുകൾ നടക്കാൻ പാടില്ല.." - എന്നുവെച്ചാൽ, ഇത്രയ്ക്ക് കടുപ്പമില്ലാത്ത, ഒരല്പം മയത്തിലുള്ള റേപ്പുകൾ ആവാം എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നുള്ള വിമർശനങ്ങൾ ഒരുപാട് ആ സമയത്ത് അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. പീഡനത്തിന് അങ്ങനെ കടുപ്പത്തിന്റേതായ ഏറ്റക്കുറച്ചിലുകളില്ല. എല്ലാ റേപ്പും റേപ്പ് തന്നെയാണ്. ഒന്നുമറ്റൊന്നിനേക്കാൾ കുറഞ്ഞതോ കൂടിയതോ ആവുന്നില്ല. ഒരു ബലാൽഭോഗവും ഇവിടെ നടക്കാൻ പാടില്ല. 

എന്തിനാണ് രക്ഷിതാക്കൾ മൊബൈൽ ഫോൺ കൊടുക്കുന്നത്രാജ് പാൽ സൈനി

സുബേ സിങ്ങ് എന്ന പഞ്ചായത്ത് സർപഞ്ച് പറഞ്ഞത്, 'പതിനഞ്ചോ പതിനാറോ വയസ്സുകഴിയുമ്പോഴേക്കും പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം. ആൺകുട്ടികളെയും.  അവർ വിവാഹിതരാവാതെ അങ്ങനെ തുടരുമ്പോഴാണ് വികാരം നിയന്ത്രിക്കാനാവാതെ അവർ പീഡനത്തിനു മുതിരുന്നത്' എന്ന്. എന്തൊരു അസംബന്ധമാണിയാൾ പറയുന്നത് എന്നാലോചിക്കുമ്പോഴേക്കുമാണ്, അടുത്ത പ്രസ്താവന. അത് രാജ് പാൽ സൈനി എന്നുപേരായ ഒരു ബിഎസ് പി നേതാവിന്റെ വക... "സ്ത്രീകൾക്കും, കൗമാരക്കാരികൾക്കും എന്തിനാണ് രക്ഷിതാക്കൾ മൊബൈൽ ഫോൺ കൊടുക്കുന്നത്..? അതിന്റെ ആവശ്യം എന്താണ്..? എന്റെ അമ്മയ്ക്കും, പെങ്ങൾക്കും, ഭാര്യക്കും, പെണ്മക്കൾക്കും ഒന്നും ഞാൻ ഫോൺ കൊടുത്തിട്ടില്ല. അവർ അതില്ലാതെയാണ് ഇന്നുവരെ ജീവിച്ചത്. ഇതൊക്കെ കിട്ടുമ്പോഴാണ് പെണ്ണുങ്ങൾ വഴിതെറ്റി റേപ്പുപോലുള്ള അബദ്ധങ്ങളിൽ ചെന്നു ചാടുന്നത്.. "  

തൃണമൂൽ കോൺഗ്രസിലെ ചിരഞ്ജീത്ത്‍ ചക്രവർത്തിക്കും റേപ്പിനെപ്പറ്റി ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കാനുണ്ടായിരുന്നു. "യുവതികൾ ഇറക്കം കുറഞ്ഞ, ഇറുകിയ, അവയവങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നതുകൊണ്ടാണ് മറ്റുള്ള പുരുഷന്മാർ പ്രകോപിതരാവുന്നതും. ജലന്ധർ ബിഷപ്പ് പ്രതിയായ പീഡനഞ്ഞ് ആക്ഷേപിക്കുന്നതും ഇത്തരത്തിലുള്ള  കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതിനു സമമാണ്. 

പതിനാറ് തികയും മുമ്പ് കല്ല്യാണം കഴിപ്പിക്കണം - ഓം പ്രകാശ് ചൗട്ടാല

ഹരിയാനാ മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയാണ് ഈ വിഷയത്തിൽ ഏറ്റവും മോശപ്പെട്ട പരാമർശം നടത്തിയത്. "പെൺകുട്ടികളെ പതിനാറുവയസ്സു തികയുമ്പോഴേക്കും കെട്ടിച്ചയക്കണം. എങ്കിലേ അവർക്ക് അവരുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ വീട്ടിൽ തന്നെ അവരുടെ ഭർത്താക്കന്മാർ ഉണ്ടാവൂ. പതിനാറു തികഞ്ഞിട്ടും കെട്ടിച്ചുവിടാതെ ഇരിക്കുന്ന യുവതികളാണ് അവരുടെ ആവശ്യങ്ങൾക്കായി ആളെത്തിരഞ്ഞ് പുറത്തേക്കിറങ്ങുന്നതും  റേപ്പുപോലുള്ള അപകടങ്ങളിൽ ചെന്ന് ചാടുന്നതും എന്നായിരുന്നു അത്. 

പീഡനങ്ങൾ  ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ചേർന്ന് നടപ്പിലാക്കുന്ന കുറ്റകൃത്യങ്ങളാണ് എങ്കിലും അതിന് അവരെ പാകപ്പെടുത്തുന്നതിൽ പലപ്പോഴും അവർ ജീവിക്കുന്ന, നിത്യം ഇടപഴകുന്ന, കണ്ടും കേട്ടും വളരുന്ന ചുറ്റുപാടുകളും ഒക്കെ വളരെ പ്രധാനപ്പെട്ട ഒരു റോൾ നിർവഹിക്കുന്നുണ്ട്. മേൽപ്പറഞ്ഞ വിധത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടും  സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനങ്ങളിൽ ബഹുജനങ്ങളോട് ഇടപെട്ടുകൊണ്ട് ഈ മാന്യന്മാർ അവരുടെ പ്രതിച്ഛായയ്ക്കോ സ്വൈരജീവിതത്തിനോ  ഒരുടവും തട്ടാതെ സുഖദജീവിതം നയിക്കുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതിന് ഒരു പ്രധാനകാരണം. 

അസ്വസ്ഥമാക്കുന്ന ഒരു നോട്ടം പോലും പീഡനമാണെന്നിരിക്കെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൂടി നടപടിയെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍, സ്ത്രീകളെ പീഡിപ്പിക്കാം, വിവാഹാഭ്യാര്‍ത്ഥന നിരസിച്ചാല്‍ കത്തിക്കാം എന്നൊക്കെയുള്ള മിഥ്യാ ധാരണകള്‍ ഇനിയും കൂടുകയേ ഉള്ളൂ.