Asianet News MalayalamAsianet News Malayalam

50 -ാം വിവാഹവാർഷികം, റെസ്റ്റോറന്റിൽ ദമ്പതികളെ കാത്തിരുന്നത് വൻസർപ്രൈസ്, കണ്ണുനിറഞ്ഞ് മടക്കം

ഇരുവർക്കും ഭക്ഷണം വിളമ്പാനെത്തിയ വെയിറ്ററായ ജെയിംസിനോട് അവർ തങ്ങളുടെ 50 -ാം വിവാഹവാർഷികമാണ് എന്ന വിശേഷം പങ്കുവച്ചിരുന്നു. തങ്ങളുടെ പ്രണയ വിശേക്ഷങ്ങളും അതുപോലെ പോൾ അടുത്തിടെ കാൻസറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ് എന്ന വിവരവും ദമ്പതികൾ ജെയിംസിനോട് പങ്കുവച്ചിരുന്നു. 

Paul and Dawn Molineux got a big surprise in restaurant in their 50th wedding anniversary rlp
Author
First Published Jan 15, 2024, 10:22 PM IST

ഓർക്കാപ്പുറത്ത് ചില സർപ്രൈസ് സമ്മാനങ്ങൾ തന്ന് നമ്മുടെ ജീവിതം സന്തോഷത്തിലാക്കുന്നവരുണ്ട്. എന്തിനേറെപ്പറയുന്നു, ഒരു പുഞ്ചിരികൊണ്ടോ, സ്നേഹവും സൗഹൃദവും നിറഞ്ഞ പെരുമാറ്റം കൊണ്ടോ നമ്മുടെ ദിവസങ്ങളെ അതിമനോഹരമാക്കുന്നവരുമുണ്ട്. അതുപോലെ ഒരനുഭവം ഇംഗ്ലണ്ടിലെ സൗത്ത്‌പോർട്ടിൽ നിന്നുള്ള പോൾ, ഡോൺ മോളിനെക്‌സ് ദമ്പതികൾക്കുമുണ്ടായി. ഒരുപക്ഷേ, ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം. 

കൗമാരക്കാരായിരിക്കുമ്പോഴേ ഇഷ്ടത്തിലായവരാണ് പോളും ഡോണും. 14 വയസ്സ് തൊട്ട് ഇരുവരും പ്രണയിക്കുന്നുണ്ട്. ഇപ്പോൾ അവരുടെ വിവാഹം കഴിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. തങ്ങളുടെ 50 -ാം വിവാഹവാർഷികം ആഘോഷിക്കാൻ ഇരുവരും എത്തിയത് സൗത്ത്‌പോർട്ടിലെ ഹിക്കറി സ്‌മോക്ക്‌ഹൗസിലായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിക്കുന്ന വലിയ വിവാഹവാർഷികാഘോഷ ചടങ്ങിന് മുമ്പ് തങ്ങളുടേതായ രീതിയിൽ ചെറുതായി ആഘോഷിക്കാനാണ് ദമ്പതികൾ റെസ്റ്റോറന്റിൽ എത്തിയത്. 

എന്നാൽ, അവിടെ അവരെക്കാത്തിരുന്നത് തികച്ചും പ്രതീക്ഷിക്കാത്ത ചില നിമിഷങ്ങളായിരുന്നു. ഇരുവർക്കും ഭക്ഷണം വിളമ്പാനെത്തിയ വെയിറ്ററായ ജെയിംസിനോട് അവർ തങ്ങളുടെ 50 -ാം വിവാഹവാർഷികമാണ് എന്ന വിശേഷം പങ്കുവച്ചിരുന്നു. തങ്ങളുടെ പ്രണയ വിശേഷങ്ങളും അതുപോലെ പോൾ അടുത്തിടെ കാൻസറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ് എന്ന വിവരവും ദമ്പതികൾ ജെയിംസിനോട് പങ്കുവച്ചിരുന്നു. 

എന്നാൽ, അതിമനോഹരമായ ഡിന്നറൊക്കെ കഴിഞ്ഞ് പോകാനിറങ്ങിയ ദമ്പതികളെ കാത്ത് ഒരു സർപ്രൈസ് ഉണ്ടായിരുന്നു. ബില്ല് വന്നപ്പോൾ അതിനൊപ്പം ഒരു കൊച്ചു കുറിപ്പ്. അതിൽ പറഞ്ഞിരുന്നത് പണം വേണ്ട. ആ ഭക്ഷണം തങ്ങളുടെ വിവാഹവാർഷികസമ്മാനമാണ് എന്നതായിരുന്നു. ഏകദേശം 9000 രൂപയ്ക്കടുത്തായിരുന്നു ബില്ല്. തികച്ചും അപ്രതീക്ഷിതമായി റെസ്റ്റോറന്റിൽ നിന്നും അങ്ങനെ ഒരു വിവരം കേട്ടപ്പോൾ ദമ്പതികൾ ആകെ അമ്പരന്നു പോയി. 

അതേസമയം തന്നെ തങ്ങൾക്ക് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ ആനിവേഴ്സറി ​ഗിഫ്റ്റ് അവരുടെ കണ്ണുകളെ ഈറനണിയിക്കുക കൂടി ചെയ്തു. പ്രാദേശിക മാധ്യമങ്ങളോട് ദമ്പതികൾ പറഞ്ഞത്, തങ്ങൾ കരഞ്ഞുപോയി എന്നാണ്. ആരുമല്ലാത്ത മനുഷ്യർ മറ്റുള്ളവരുടെ ജീവിതത്തിലെ വലിയ സന്തോഷത്തിന് കാരണമാകുന്നു. എന്തൊരു മനോഹരമായ കാര്യമാണല്ലേ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios