ഏതായാലും നിയമപാലകർ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞില്ല. മറിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെയും സംഭവം എന്തായിരുന്നു എന്ന കാര്യത്തിൽ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശരിക്കും അന്യഗ്രഹജീവികളുണ്ടോ? കാലാകാലങ്ങളായി ആളുകളുടെ സംശയമാണ്. എന്നാൽ, കൃത്യമായ ഉത്തരമൊന്നും ആർക്കും അറിഞ്ഞൂടാ. അതൊക്കെ വെറും കഥയല്ലേ എന്ന് ചോദിച്ച് കൊണ്ട് തള്ളിക്കളയാറുമുണ്ട് നാം. ഏതായാലും അപ്പോഴും ഈ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് മാത്രം യാതൊരു പഞ്ഞവും ഇല്ല.
അതുപോലെ, ഏപ്രിൽ 30 -ന് വൈകി, കിഴക്കൻ കാലിഫോർണിയ, നെവാഡ, യൂട്ട എന്നിവിടങ്ങളിലെ ആകാശത്ത് അസാധാരണമായ ഒരു വസ്തു കണ്ടതായി വൻപ്രചരണമാണ് ഉണ്ടായത്. നിരവധിപ്പേരാണ് ആകാശത്ത് ഒരു പ്രകാശരേഖയും മിന്നലും കണ്ടതായി റിപ്പോർട്ട് ചെയ്തത്. ലാസ് വെഗാസ് മെട്രോ പൊലീസ് ഓഫീസറുടെ ബോഡി ക്യാമറയിലും ഈ വീഡിയോ പതിഞ്ഞു.
ഈ ദൃശ്യം പ്രത്യക്ഷപ്പെട്ടതിന് സമീപത്ത് താമസിക്കുന്ന ഒരു ലാസ് വെഗാസ് കുടുംബമാവട്ടെ തങ്ങളുടെ വീട്ടുമുറ്റത്ത് എന്തോ തകർന്നു വീണിട്ടുണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് 911 -ലേക്ക് വിളിക്കുകയും ചെയ്തു. തീർന്നില്ല, അനേകം പേരാണ് അഞ്ജാതരായ ജീവികളെ കണ്ടു എന്ന് അവകാശപ്പെട്ട് കൊണ്ട് മുന്നോട്ട് വന്നത്. 911 -ലേക്ക് വിളിച്ചയാൾ പറഞ്ഞത്, അത് മനുഷ്യനല്ല, അതിന് 8 മുതൽ പത്തടി വരെ ഉയരമുണ്ട്, വലിയ തിളങ്ങുന്ന കണ്ണുകളാണ് അതിനുള്ളത് എന്നൊക്കെയാണ്.
ഏതായാലും നിയമപാലകർ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞില്ല. മറിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെയും സംഭവം എന്തായിരുന്നു എന്ന കാര്യത്തിൽ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം, തന്റെ മുറ്റത്ത് അജ്ഞാതമായ വസ്തുക്കൾ പ്രത്യക്ഷപ്പെട്ടു എന്ന് അവകാശപ്പെടുന്ന യുവാവ് അതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും യൂട്യൂബിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേർ ആ വീഡിയോ തള്ളിക്കളഞ്ഞുവെങ്കിലും മറ്റ് ചിലർ അതിൽ സത്യമുണ്ട് എന്നും അവിടെ എത്തിയത് അന്യഗ്രഹജീവികളാണ് എന്നും തന്നെ വിശ്വസിക്കുകയാണ്.
