എന്തിനീ ക്രൂരത, വയ്യാത്ത പുള്ളിപ്പുലിക്കൊപ്പം സെൽഫി, ഉപദ്രവം, വൈറലായി വീഡിയോ
ചിലർ അതിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു. ഒരാൾ അതിന്റെ മുകളിൽ ചാടിക്കയറി ഇരിക്കാനാണ് ശ്രമിച്ചത്. എന്നാൽ, സംഭവം വെളിയിൽ അറിഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം പലപ്പോഴും പലയിടങ്ങളിലും നടക്കാറുണ്ട്. അതേസമയം തന്നെ മനുഷ്യർക്ക് നേരെ ചിലപ്പോൾ മൃഗങ്ങളുടെ അക്രമങ്ങളും നടക്കാറുണ്ട്. എന്നാൽ, അറിഞ്ഞുകൊണ്ട് മൃഗങ്ങൾക്ക് നേരെ ക്രൂരത കാട്ടുന്ന മനുഷ്യരും വിരളമല്ല. മധ്യപ്രദേശിൽ നിന്നും വരുന്ന ഈ വീഡിയോ അതിനൊരു വലിയ തെളിവാണ്.
മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ചില ഗ്രാമവാസികൾ, ഒറ്റനോട്ടത്തിൽ തന്നെ രോഗിയാണെന്ന് മനസിലാവുന്ന ഒരു പുള്ളിപ്പുലിയെ ഉപദ്രവിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഇപ്പോൾ വൈറലാണ്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഇക്ലേര ഗ്രാമത്തിലെ വനമേഖലയ്ക്ക് പുറത്താണ് ഗ്രാമവാസികൾ പുലിയെ കണ്ടെത്തിയത്. പുലിയെ ആദ്യം കണ്ടപ്പോൾ ഗ്രാമവാസികൾ സ്വാഭാവികമായും ഭയന്നു. എന്നാൽ, പുള്ളിപ്പുലി ഒട്ടും അക്രമാസക്തനല്ലെന്ന് കണ്ടതോടെ അവരെല്ലാം ചേർന്ന് അതിനെ വളയുകയായിരുന്നു.
ചിലർ അതിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു. ഒരാൾ അതിന്റെ മുകളിൽ ചാടിക്കയറി ഇരിക്കാനാണ് ശ്രമിച്ചത്. എന്നാൽ, സംഭവം വെളിയിൽ അറിഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രണ്ട് വയസാണ് പുലിക്ക്. പുലിയെ ഭോപ്പാലിലെ വാൻ വിഹാറിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി എന്നും ഒരു മൃഗഡോക്ടർ പുലിയെ പരിശോധിച്ചു എന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ സന്തോഷ് ശുക്ല പറഞ്ഞു.
“പുലിയുടെ നില അതീവഗുരുതരമായിരുന്നു. എന്നിട്ടും ഈ ആളുകൾ എല്ലാം ചേർന്ന് അതിനെ ബുദ്ധിമുട്ടിച്ചു. ഇൻഡോറിലെ മോവിൽ നിന്നാണ് മൃഗ ഡോക്ടറെ വിളിച്ചുവരുത്തിയത്” എന്ന് ശുക്ല പറഞ്ഞു. കൂടുതൽ ചികിത്സയ്ക്കായി പുലിയെ ബുധനാഴ്ച രാവിലെ ഇൻഡോർ മൃഗശാലയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 24 മണിക്കൂർ നേരം പുലി നിരീക്ഷണത്തിലാണ്.