ക്യാമ്പില്‍ വച്ച് ഊരിലെ പ്രായപൂര്‍ത്തിയായ 35 ഓളം പേരെയാണ് അധ്യാപക വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ ആദ്യമായി ഒപ്പിടാന്‍ പഠിപ്പിച്ചത്. അങ്ങനെ സ്വന്തം പേരില്‍ ഒപ്പിടാന്‍ മൂലഗംഗൽ ഊരുകാര്‍ പഠിച്ചു.
ജീവിതത്തില്‍ ആദ്യമായി സ്വന്തം പേരെഴുതി ഒപ്പിടാന്‍ പഠിച്ച സന്തോഷത്തിലാണ് അട്ടപ്പാടി മൂലഗംഗൽ ഊരിലെ മനുഷ്യര്‍. അതില്‍ പതിനെട്ട് മുതല്‍ അറുപത് വയസ് കഴിഞ്ഞവരും ഉണ്ടായിരുന്നു. ഇതുവരെ ഊരിന് പുറത്തും അകത്തും ചെയ്യുന്ന തൊഴിലുറപ്പ് പണികള്‍ക്കും മറ്റ് സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങളും ഊരുകാര്‍ വാങ്ങിയിരുന്നത് പഴയത് പോലെ തള്ളവിരല്‍ പതിപ്പിച്ചായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തില്‍ ആദ്യമായി സ്വന്തം പേരില്‍ ഒപ്പിടാന്‍ പഠിച്ചതിന്‍റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് ഇന്ന് അവര്‍.
ഇന്നും കേരളത്തിലെ ട്രൈബല്‍ സമൂഹം പൊതുസാമൂഹികാവസ്ഥയിലേക്ക് ഉയര്‍ന്നിട്ടില്ലെന്നതിന്‍റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതായിരുന്നു അത്. പാലക്കാട് ഗവ. വനിതാ ടിടിഐയിലെ അധ്യാപക വിദ്യാർത്ഥികൾ അഗളി ഗവ ഹൈസ്കൂളില്‍ പഠനത്തിന്‍റെ ഭാഗമായി നടത്തിയ ദശ ദിന സാമൂഹ്യ സമ്പർക്ക ക്യാമ്പായ സഹ'23 ന്‍റെ ഭാഗമായിരുന്നു ഈ ഒപ്പിടാന്‍ പഠിപ്പിക്കല്‍. ക്യാമ്പില്‍ വച്ച് ഊരിലെ പ്രായപൂര്‍ത്തിയായ 35 ഓളം പേരെയാണ് അധ്യാപക വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ ആദ്യമായി ഒപ്പിടാന്‍ പഠിപ്പിച്ചത്. അങ്ങനെ സ്വന്തം പേരില്‍ ഒപ്പിടാന്‍ മൂലഗംഗൽ ഊരുകാര്‍ പഠിച്ചു.
ട്രൈബല്‍ ഊരുകളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവരുടെ ഭാഷയില്‍ തന്നെ പഠിപ്പിക്കുന്ന ഒരു സംവിധാനമാണ് നാല് വര്‍ഷം മുമ്പ് അഗളി ഗവ ഹൈസ്കൂളിൽ ആരംഭിച്ച ഇലക്ട്രല്‍ ലിറ്ററസി ക്ലബ്. ക്ലബ് അംഗങ്ങള്‍ മുമ്പ് ട്രൈബല്‍ ഊരുകളില്‍ നടത്തിയ തെരഞ്ഞെടുപ്പ് സാക്ഷരതാ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനമാണ് ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത്.
ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!
അഗളി സ്കൂളിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്‍റെ പ്രവര്‍ത്തങ്ങള്‍ വിജയം കണ്ടപ്പോഴാണ് ആദിവാസി ഊരുകളില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിക്കായി വരുന്നവര്‍ക്ക് സ്വന്തം പേരില്‍ ഒപ്പിട്ട് പണം കൈപറ്റാന്‍ അറിയില്ലെന്നും അവര്‍ ഇപ്പോഴും സ്വന്തം വിരലടയാളം പതിപ്പിച്ചാണ് തൊഴിലുറപ്പിന്‍റെ പണം കൈപറ്റുന്നതെന്നും അതിനാല്‍ ട്രൈബല്‍ കമ്മ്യൂണിറ്റിയെ ഒപ്പിടാന്‍ പഠിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശം അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ ഡി.ധർമ്മല ശ്രീ മുന്നോട്ട് വച്ചത്. സബ് കലക്ടറുടെ നിര്‍ദ്ദശം ഏറ്റെടുത്ത ടിടിഐ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹവാസ ക്യാമ്പില്‍ വച്ച് മൂലഗംഗൽ ഊരുകാരുടെ കൈ പിടിച്ച് ഒപ്പിടാന്‍ പഠിപ്പിച്ചത്.
പദ്ധതി വന്‍ വിജയമായതിന് പിന്നാലെ മുഴുവൻ അംഗങ്ങളും വോട്ടർമാരായ ഇലക്ടറൽ ലിറ്ററസി ക്ലബ് രജിസ്റ്റർ ചെയ്ത ജില്ലയിലെ ആദ്യ സ്ഥാപനമായി പാലക്കാട് ഗവ. വനിതാ ടിടിഐയെ കലക്ടര്‍ പ്രഖ്യാപിച്ചു. അഗളി ഗവ ഹൈസ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളും പ്ലസ്ടു വിദ്യാർത്ഥികളുമായ വിഷ്ണു സതീഷ് , അനന്തു എന്നിവർ ടി.ടി.ഐ യിലെ അധ്യാപക വിദ്യാർത്ഥിനികൾക്ക് ഇലക്ടറൽ ലിറ്ററസി ക്ലബിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് ക്ലാസെടുത്തു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഇവര്‍ പരിശീലനം നൽകി. ടിടിഐ പ്രിൻസിപ്പൽ പിസി കൃഷ്ണൻ, ക്യാമ്പ് കോഡിനേറ്റർ വിജയകൃഷ്ണൻ അധ്യാപിക സൽമാമോൾ, പിടിഎ പ്രസിഡന്‍റ് കെ ജി സുനിൽ, പിടിഎ എക്സിക്യൂട്ടിവ് അംഗങ്ങളായ എംആർ സത്യൻ, അബ്ദുൽ റസാക്ക്, മൊയ്തീൻകുട്ടി, മദർ പിടിഎ പ്രസിഡന്‍റ് ലത, ക്യാമ്പ് ലീഡർ അൻഷിദ അനന്ദു എസ്, വിഷ്ണു സതീഷ്, അട്ടപ്പാടി ബ്ലോക്ക് മെമ്പർ ഷാജു ജി, അഗളി ഹയർ സെക്കന്‍ററി സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ ടി സത്യൻ, ഹെഡ്മാസ്റ്റർ അനിൽകുമാർ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
