ഗവേഷണത്തിന്റെ ആദ്യഭാഗം 2021 ഫെബ്രുവരിയിലാണ് നടത്തിയത്. നാല്പത്തിമൂന്ന് സ്ത്രീകളോടാണ് അഭിപ്രായം രേഖപ്പെടുത്താന്‍ പറഞ്ഞത്. 

മാസ്കുകള്‍(masks) നമ്മുടെ ജീവിതത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ മാസ്കുമായി ബന്ധപ്പെട്ട് പുതിയൊരു വിവരമാണ് ഈ പഠനം(Research) വെളിപ്പെടുത്തുന്നത്. അത് സ്ത്രീയായാലും പുരുഷനായാലും മാസ്ക് ധരിക്കുമ്പോള്‍ കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമായി തോന്നുന്നു എന്നതാണ്. കാർഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്, പുരുഷന്മാരും സ്ത്രീകളും അവരുടെ മുഖത്തിന്റെ താഴത്തെ പകുതി മറയ്‌ക്കുന്ന തരത്തിലുള്ള ഈ മാസ്ക് ധരിക്കലില്‍ കൂടുതല്‍ മികച്ചവരായി കാണപ്പെടുന്നു എന്നാണ്. അതില്‍ തന്നെ സര്‍ജിക്കല്‍ മാസ്കുകള്‍ ധരിക്കുന്നതാണ് കൂടുതല്‍ ആകര്‍ഷണീയം എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

കാർഡിഫ് യൂണിവേഴ്‌സിറ്റി(Cardiff University)യിലെ സ്‌കൂൾ ഓഫ് സൈക്കോളജിയിലെ റീഡറും മുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദഗ്ധനുമായ ഡോ. മൈക്കൽ ലൂയിസ് പറഞ്ഞത് ഇങ്ങനെ, കൊവിഡിന് മുമ്പ് എന്തെങ്കിലും രോഗമുള്ളവരോ അതുമായി ബന്ധപ്പെട്ടവരോ ഒക്കെ മാത്രമാണ് മാസ്ക് ധരിച്ചിരുന്നത്. അതിനാല്‍ അതിലത്ര ആകര്‍ഷണമോ താല്‍പര്യമോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് മാസ്ക് എല്ലാവരും ധരിച്ച് തുടങ്ങിയപ്പോള്‍ ഇത് എന്തെങ്കിലും മാറ്റമുണ്ടാക്കിയോ എന്ന് അറിയാനും ഏതെങ്കിലും മാസ്കുകള്‍ക്ക് കൂടുതലെന്തെങ്കിലും പ്രത്യേകതകളുണ്ടോ എന്നും അറിയാനാണ് പഠനം നടത്തിയത്. 

മെഡിക്കൽ ഫെയ്‌സ് മാസ്‌കുകൾ കൊണ്ട് മൂടുമ്പോൾ മുഖങ്ങൾ ഏറ്റവും ആകർഷകമാണെന്ന് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നു. നീല മാസ്‌കുകൾ ധരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഇപ്പോള്‍ കൂടുതല്‍ പരിചിതമായതിനാലാവാം ഇത്. നാമെല്ലാവരും ഇത്തരം മാസ്ക് ധരിക്കുന്ന സമയമായപ്പോള്‍ ഇത് ധരിക്കുന്ന മറ്റുള്ളവരോടും പൊസിറ്റീവ് മനോഭാവം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.

ഗവേഷണത്തിന്റെ ആദ്യഭാഗം 2021 ഫെബ്രുവരിയിലാണ് നടത്തിയത്. നാല്പത്തിമൂന്ന് സ്ത്രീകളോടാണ് അഭിപ്രായം രേഖപ്പെടുത്താന്‍ പറഞ്ഞത്. അവര്‍ക്കായി മാസ്കില്ലാത്ത, പ്ലെയിൻ തുണി മാസ്‌ക് ഉപയോഗിച്ച, നീല മെഡിക്കൽ ഫെയ്സ് മാസ്‌ക് ഉപയോഗിച്ച, പുസ്തകം വച്ച് പകുതി മുഖം മറച്ച പുരുഷന്മാരുടെ ഒക്കെ ചിത്രങ്ങള്‍ കാണിച്ചു. അവയ്ക്ക് ഒന്ന് മുതൽ 10 വരെ സ്കോര്‍ നല്‍കാനും ആവശ്യപ്പെട്ടു. 

മാസ്‌ക് ധരിക്കാത്തവരേക്കാളും പുസ്തകം കൊണ്ട് ഭാഗികമായി മറച്ച മുഖമുള്ളവരേക്കാളും തുണി മാസ്‌ക് ധരിക്കുന്നവർ ആകർഷകമാണെന്ന് പങ്കെടുത്തവർ പറഞ്ഞു. എന്നാൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന സർജിക്കൽ മാസ്ക് ധരിച്ചയാളെയാണ് ഏറ്റവും കൂടുതൽ മികച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. 

മഹാമാരിക്ക് മുമ്പ് മാസ്ക് ധരിച്ച ഒരാളെ കാണുമ്പോള്‍ അയാള്‍ എന്തോ അസുഖമുള്ളവനാണ് എന്ന് തോന്നുകയും അയാളെ ഒഴിവാക്കാനുള്ള പ്രവണതയും ഉണ്ടായിരുന്നു. എന്നാല്‍, മഹാമാരിയോടെ ആ കാഴ്ച്ചപ്പാടില്‍ മാറ്റമുണ്ടായി എന്നും പഠനം പറയുന്നു. മാസ്ക് ധരിക്കുമ്പോള്‍ ആളുകള്‍ നേരിട്ട് നോക്കുന്നത് മറ്റൊരാളിന്‍റെ കണ്ണുകളിലേക്കാണ്. അതും ആകര്‍ഷണം കൂട്ടാന്‍ കാരണമാവുന്നു. 

കോഗ്‌നിറ്റീവ് റിസർച്ച്: പ്രിൻസിപ്പിൾസ് ആൻഡ് ഇംപ്ലിക്കേഷൻസ് എന്ന ജേണലിൽ ആദ്യ പഠനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ പഠനം നടത്തിയതില്‍, ഒരു കൂട്ടം പുരുഷന്മാർ മാസ്ക് ധരിച്ച സ്ത്രീകളെ വിലയിരുത്തുന്നതാണ്. ഇത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷേ, ഫലങ്ങൾ പൊതുവെ സമാനമാണെന്ന് ലൂയിസ് പറഞ്ഞു.