ചെന്നപാടെ ആദം ഗ്ലൗസൊക്കെ അണിഞ്ഞ് സുരക്ഷിതമായി വീട്ടിൽ നിന്നും എലികളെ മാറ്റാനുള്ള ഒരുക്കത്തിൽ തന്നെ ആയിരുന്നു. എന്നാൽ, അലമാര തുറന്നപ്പോൾ അതിനുള്ളിൽ കണ്ടെത്തിയത് വെറും ഒരു റബ്ബർ എലിയെ ആണ്.
എലിയുണ്ട് എന്ന വിവരത്തെ തുടർന്ന് എലിയെ പിടിക്കാൻ എത്തിയ ഒരാൾക്ക് കണ്ടെത്താനായത് വെറുമൊരു റബ്ബർ എലിയെ. ഇതോടെ സംഭവം നാട്ടുകാർക്ക് ചിരിക്കാനുള്ള വക നൽകിയിരിക്കയാണ്. ബ്രിസ്റ്റോളിലെ അഡ്വാൻസ് പെസ്റ്റ് കൺട്രോളിൽ നിന്നുള്ള ആദം ലിയോനാർഡിനാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.
നഗരത്തിലെ ഒരു വീട്ടിൽ നിന്നുമാണ് ആദത്തിന് തിങ്കളാഴ്ച ഫോൺ വരുന്നത്. വീട്ടിൽ എലികളുണ്ട് എന്നും വന്ന് അതിനെ പിടികൂടിത്തരണം എന്നും പറഞ്ഞാണ് താമസക്കാർ പരിഭ്രാന്തരായി വിളിക്കുന്നത്. വീട്ടിൽ എത്തിയപ്പോഴാവട്ടെ അലമാരയിൽ ഒരൊറ്റ എലിയെ മാത്രമാണ് കണ്ടെത്താനായത്. അത് നിശ്ചലമായിരുന്നു.
ചെന്നപാടെ ആദം ഗ്ലൗസൊക്കെ അണിഞ്ഞ് സുരക്ഷിതമായി വീട്ടിൽ നിന്നും എലികളെ മാറ്റാനുള്ള ഒരുക്കത്തിൽ തന്നെ ആയിരുന്നു. എന്നാൽ, അലമാര തുറന്നപ്പോൾ അതിനുള്ളിൽ കണ്ടെത്തിയത് വെറും ഒരു റബ്ബർ എലിയെ ആണ്. അദ്ദേഹത്തിന് പിന്നെ കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും എലിയെ എടുത്ത് മാറ്റാനായിരുന്നല്ലോ അദ്ദേഹം എത്തിയത്. അങ്ങനെ അദ്ദേഹം റബ്ബർ എലിയെ എടുത്തുമാറ്റി. വീട്ടുകാരിയും ആദവും ഒരുപാട് ചിരിച്ചു.
29 വർഷത്തെ തന്റെ ജോലിക്കിടയിലുണ്ടായ ഏറ്റവും എളുപ്പത്തിലുള്ള ജോലിയായിരുന്നു ഇതെന്നാണ് ആദം പറയുന്നത്. സാധാരണയായി എലികൾ മാളങ്ങളിലും ചെറിയ സ്ഥലങ്ങളിലും എല്ലാം ഒളിക്കും. അതിനിടയിൽ നിന്നും അവയെ എല്ലാം കണ്ടെത്തി പൂർണമായും തുരത്തുക എന്നത് വലിയൊരു ജോലിയാണ്. ഇതുപോലുള്ള എലികളെ കണ്ടെത്താനാണ് വിളിക്കുന്നത് എങ്കിൽ തന്റെ ജോലി എത്രയെളുപ്പം തീർന്നേനെ. കുറഞ്ഞ സമയം കൊണ്ട് താനൊരു കോടീശ്വരനായേനെ എന്നും ആദം പറയുന്നു.
