ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളർത്തുപട്ടികളെയും കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ് രാജ്യത്തെ സുപ്രീം ലീഡർ ആയ കിം ജോങ് ഉൻ. ചോസൺലിബോ എന്ന പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് കൊവിഡ് സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സവിശേഷസാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിചിത്രമായ ഉത്തരവ് കിമ്മിൽ നിന്ന് ഉണ്ടായിട്ടുള്ളത്. 

കഴിഞ്ഞ മാസം അവസാനം തൊട്ടുതന്നെ, പട്ടികളെ വളർത്തുക എന്ന 'നികൃഷ്ടമായ', 'പാശ്ചാത്യ ബൂർഷ്വാ' പ്രവണത നിരോധിക്കാൻ കിം ഒരുങ്ങുന്നുണ്ട് എന്ന തരത്തിലുള്ള വിവരങ്ങൾ അനൗദ്യോഗികമായി പുറത്തുവരുന്നുണ്ടായിരുന്നു. മുതലാളിത്തം അടിച്ചേൽപ്പിക്കുന്ന ഉപഭോഗസംസ്കാരത്തെ എന്തുവിലകൊടുത്തും താൻ രാജ്യത്ത് വേരുറപ്പിക്കുന്നതിൽ നിന്ന് തടയുമെന്നു കിം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. 

രാജ്യത്ത് ഏതൊക്കെ വീടുകളിലാണ് ഇപ്പോൾ നിലവിൽ പട്ടികളുള്ളത് എന്ന് തന്റെ രഹസ്യപ്പോലീസിന്റെ സഹായത്തോടെ കിം മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ പട്ടികളെ വളർത്തുന്നവർക്ക് ഒന്നുകിൽ സ്വമേധയാ അവയെ വിട്ടുനൽകാം, അല്ലെങ്കിൽ കിംമിന്റെ പൊലീസ്  ബലം പ്രയോഗിച്ച് അവയെ കൊണ്ടുപോകും. ഇങ്ങനെ പിടിച്ചെടുക്കപ്പെടുന്ന നായ്ക്കളെ ഒന്നുകിൽ ഗവണ്മെന്റ് മൃഗശാലകളിലേക്കോ അല്ലെങ്കിൽ തലസ്ഥാനത്തെ പട്ടിയിറച്ചി വിളമ്പുന്ന പ്രീമിയം റസ്റോറന്റുകളിലേക്കോ ഒക്കെയാണ് സർക്കാർ ഇപ്പോൾ പറഞ്ഞയച്ചു കൊണ്ടിരിക്കുന്നത്. 

വർഷങ്ങളായി ഈ പട്ടികളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരിപാലിച്ചു കൊണ്ടിരിക്കുന്ന പലർക്കും അവയെ വിട്ടുകൊടുക്കേണ്ട നിസ്സഹായാവസ്ഥയാണുള്ളത്. അവരിൽ പലരും വീട്ടിനുള്ളിൽ ഇരുന്നാണെങ്കിലും ഇപ്പോൾ സുപ്രീം ലീഡർ കിം ജോങ് ഉന്നിനെ ശപിച്ചുകൊണ്ടിരിക്കുകയാണ് എന്നൊരഭിപ്രായവുമുണ്ട്.  വളർത്തുപട്ടിയെ വിട്ടുകൊടുത്തില്ലെങ്കിൽ കഴുത്തിനുമേൽ തല കാണില്ല എന്ന സാഹചര്യം വരുമ്പോൾ പലരും മനസ്സില്ലാ മനസ്സോടെയെങ്കിലും അതിനു വഴങ്ങുന്ന സാഹചര്യമാണുള്ളത്. 

മനുഷ്യാവകാശങ്ങൾ തന്നെ നെല്ലിപ്പലക കണ്ടുകിടക്കുന്ന ഉത്തരകൊറിയ എന്ന രാജ്യത്ത്, മൃഗങ്ങളോടുള്ള ക്രൂരത എന്നത് സർക്കാരിന് അതിനു താഴെയുള്ള ഒരു പരിഗണന മാത്രമാണ്. എന്ന് മാത്രമല്ല, ഇങ്ങനെ പട്ടികളെ വളർത്തുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ വെറുക്കപ്പെടേണ്ട ലക്ഷണങ്ങളിൽ ഒന്നായി കിം ജോങ് ഉൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അക്കാര്യത്തിൽ ഇനി വേറെയൊരു സംവാദത്തിനുള്ള സാധ്യതകളും അവശേഷിക്കുന്നില്ല താനും. സാധാരണ കിം ജോങ് ഉൻ ഇങ്ങനെ പലതും പറയാറുണ്ട് എങ്കിലും ഇത്തവണ നടപ്പിലാക്കുന്ന കാര്യത്തിൽ കടുംപിടുത്തത്തിലാണ് സുപ്രീം ലീഡർ എന്നാണ് തുടക്കത്തിൽ തന്നെയുള്ള കർശനമായ ഈ നടപടികൾ സൂചിപ്പിക്കുന്നത്.