ജൂൺ മാസത്തിൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജാമ്യത്തിലിറങ്ങി. പലതവണയായി ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയും സ്ത്രീയെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകത്തെമ്പാടും വർധിച്ച് വരികയാണ്. പക്ഷേ, ഇന്ന് പലരും ഇതിനെതിരെ പ്രതികരിക്കാനും പരാതി നൽകാനും മുന്നിട്ടിറങ്ങുന്നുണ്ട്. അതുപോലെ, അയൽക്കാരി ഉറങ്ങവെ അവരുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയയാൾക്ക് തടവുശിക്ഷ വിധിച്ചിരിക്കയാണ് കേംബ്രിഡ്ജ്ഷെയറിൽ. നിരന്തരം അയൽക്കാരിയെ ശല്ല്യപ്പെടുത്തിയതിന് ഫിലിപ്പ് റോബിൻസൺ എന്ന നാല്പതുകാരനെയാണ് പീറ്റർബറോ ക്രൗൺ കോടതി ശിക്ഷിച്ചിരിക്കുന്നത്. 

രണ്ട് വർഷവും മൂന്ന് മാസവുമാണ് ഇയാൾ തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇയാളുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നേരത്തെ സ്ത്രീയെ പിന്തുടർന്നതിനും ഒളിഞ്ഞുനോക്കിയതിനും ഇയാൾക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് അവ​ഗണിച്ച് കൊണ്ട് ഇയാൾ അത് തന്നെ തുടരുകയായിരുന്നു. ഇയാൾ സ്ത്രീയെ നിരന്തരം പിന്തുടരുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇയാൾ തന്റെ സ്കൂട്ടറിൽ വഴിയരികിൽ ഇരിക്കുക​യും സ്ത്രീ പോകുന്നതും വരുന്നതുമെല്ലാം നിരീക്ഷിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. സ്ത്രീയോട് സംസാരിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, അവർ‌ അതെല്ലാം അവ​ഗണിക്കുകയായിരുന്നു. 15 മിനിറ്റോളം ഇയാൾ അവിടെത്തന്നെയിരുന്ന് സ്ത്രീയെ നിരീക്ഷിക്കുകയും പിന്നീട് അവിടെ നിന്നും പോവുകയുമായിരുന്നു. 

അങ്ങനെ ജൂൺ മാസത്തിൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജാമ്യത്തിലിറങ്ങി. പലതവണയായി ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയും സ്ത്രീയെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. പിന്നാലെ ഒരു ദിവസം ഇയാൾ തുറന്ന് കിടക്കുന്ന ഒരു ജനാലയിലൂടെ വലിഞ്ഞ് കയറുകയും സ്ത്രീയുടെ കിടപ്പുമുറിയിൽ പ്രവേശിക്കുകയും ആയിരുന്നു. ഇതോടെ സ്ത്രീ ഞെട്ടിയുണർന്നു. പെട്ടെന്ന് തന്നെ മുറിയിൽ കയറിയിരിക്കുന്നത് തന്റെ അയൽക്കാരനാണ് എന്ന് ഇവർക്ക് മനസിലായി. അവർ ഒച്ചയുണ്ടാക്കിയപ്പോൾ വീട്ടുകാർ ഉറക്കമുണരുകയും ഇയാളെ പുറത്താക്കുകയും ചെയ്തു. അവിടെ വച്ച് റോബിൻസൺ മാപ്പപേക്ഷിക്കുകയും ചെയ്തു. 

പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ഇയാൾ പറഞ്ഞത് തന്നോട് സ്ത്രീ പ്രേമമുള്ള പോലെ സംസാരിച്ചിരുന്നു എന്നും ഷോർട്ട് ധരിച്ചാണ് സംസാരിച്ചത് എന്നുമൊക്കെയാണ്. രാത്രി കിടപ്പുമുറിയിലേക്ക് ചെല്ലാൻ പറഞ്ഞ് സ്ത്രീ മെസ്സേജ് അയച്ചുവെന്നും അതിനാലാണ് താൻ പോയത് എന്നുമായിരുന്നു ഇയാളുടെ മറ്റൊരു വാദം. എന്നാൽ, ഇയാൾക്ക് അത്തരത്തിലുള്ള യാതൊരു മെസ്സേജും വന്നിട്ടില്ല എന്ന് പൊലീസ് പറയുന്നു. 

ഒപ്പം, ഇത്തരത്തിലുള്ള അതിക്രമത്തെ കുറിച്ച് പരാതിയുമായി മുന്നോട്ടുവരാൻ ധൈര്യം കാണിച്ച പരാതിക്കാരിയെ പൊലീസ് അഭിനന്ദിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ പോലും സുരക്ഷ‌യില്ലാത്ത ഈ അവസ്ഥ തന്നെ വല്ലാതെ ഭയപ്പെടുത്തി എന്നാണ് സ്ത്രീ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം