ഡാവിഞ്ചി സുരേഷിന് നിക്ക് ഊട്ടിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് സ്വപ്‌നതുല്യമാണ്. ഒരിക്കല്‍ നിക്ക് ഇന്ത്യയിലേക്ക് വരാനൊരുങ്ങുമ്പോഴാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ നിന്ന് ഡാവിഞ്ചിക്ക് ഒരു ഫോണ്‍ വരുന്നത്. അതേക്കുറിച്ച് വിവരിക്കാന്‍ ഡാവിഞ്ചിക്ക് ഇപ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. 

ഒരു ഇ മെയില്‍, അതില്‍ കുറേ ഫോട്ടോകള്‍. പിന്നാലെ ഒരു ഫോണ്‍. ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഊട്ടിന്റെ ഫോട്ടോ അയച്ചിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധത്തിലെ നാപാം ഗേളിന്റെ ഫോട്ടോ എടുത്ത മഹാന്‍. ആ ഒരു ഫോട്ടോ വിയറ്റ്‌നാം യുദ്ധം അവസാനിക്കാന്‍ കാരണമായി. ഇദ്ദേഹത്തിന്റെ ഒന്നര അടി ഉയരമുള്ള കാരിക്കേച്ചര്‍ പ്രതിമ ഉണ്ടാക്കണം. കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീറാണ് ഇ മെയിലൂടെയും ഫോണിലൂടെയും അസൈന്‍മെന്റ് നല്‍കുന്നത്.

അതു തന്നെയായിരുന്നു എല്ലാത്തിനും തുടക്കം. കരിക്കേച്ചര്‍ പ്രതിമ ഉണ്ടാക്കി അക്കാദമി സെക്രട്ടറിക്ക് വാട്ട്‌സ് ആപ്പില്‍ കാണിച്ചു. പുറത്ത് കാണിക്കരുത് എന്ന നിര്‍ദ്ദേശത്തോടെയാണ് അയച്ചത്.  2018 മാര്‍ച്ച് 16ന് പുലര്‍ച്ചെ ഗുരുവായൂരില്‍ കാരിക്കേച്ചര്‍ പ്രതിമയുമായി എത്തണമെന്നായിരുന്നു അതിനുള്ള മറുപടി. മാര്‍ച്ച് 15 ന് രാത്രി വീണ്ടും ഒരു കോള്‍. ഗുരുവായൂര്‍ പരിപാടി റദ്ദാക്കിയിരിക്കുന്നു. തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ 10 മണിക്ക് എത്തണമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. 

അവിടെ എത്തിയപ്പോള്‍ വലിയ ജനക്കൂട്ടം. പത്രക്കാരാണ് ഭൂരിപക്ഷവും. തൃശൂരുള്ള എല്ലാ ഫോട്ടോഗ്രാഫര്‍മാരും ഉണ്ട്. നിക്ക് ഊട്ട് ലളിതകലാ അക്കാദമിയില്‍ വരുന്നു. ഈ തിരക്കിനിടയില്‍ പൊതിഞ്ഞുകെട്ടിയ കാരിക്കേച്ചര്‍ പ്രതിമ കൊടുക്കുവാന്‍ സാധിക്കുമെന്ന് കരുതിയില്ല. വൈശാഖന്‍ മാഷ്, നേമം പുഷ്പരാജ് തുടങ്ങി പ്രമുഖര്‍ അവിടെയുണ്ട്. 

10.30 ഓടെ ഹോണ്‍ മുഴക്കി ഒരു പൊലീസ് ജീപ്പ് എത്തി. പിന്നാലെ സ്റ്റേറ്റ് കാറും. കാറില്‍ നിന്ന് നിക്ക് ഊട്ട് ഇറങ്ങി. ക്യാമറകള്‍ മിന്നി. യുദ്ധസമാനമായിരുന്നു ആ തിരക്ക്. ക്യാമറ ക്ലിക്കുകള്‍ വെടിയൊച്ച പോലായിരുന്നോ? അക്കാദമി മുറ്റത്തെ ചടങ്ങിനിടയില്‍ എന്റെ പേര് വിളിച്ചു. സമ്മാനമായ ആ കാരിക്കേച്ചര്‍ പ്രതിമ പുറത്തെടുത്തത് അപ്പോഴാണ്. ഞാനത് നിക്ക് ഊട്ടിന് സമ്മാനിച്ചു. ക്യാമറകള്‍ മിന്നി. നിക്ക് കാരിക്കേച്ചര്‍ പ്രതിമ ചേര്‍ത്ത് പിടിച്ച് ഉമ്മവെച്ചു. എന്നെയും അഭിനന്ദിച്ചു.
  
ഡാവിഞ്ചി സുരേഷ് ജീവിതത്തിലെ ആ ധന്യമുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണിപ്പോള്‍. പക്ഷെ, അതിലൊന്നുമല്ല ഡാവിഞ്ചിയെന്ന ഈ പ്രശസ്ത ശില്പിയുടെ സന്തോഷം. കേരള യാത്രയില്‍ നിക്ക് ഊട്ടിന് നല്‍കിയ തന്റെ പ്രിയപ്പെട്ട ആ സമ്മാനം ഇന്നിതാ അദ്ദേഹം കാലിഫോര്‍ണിയയിലെ വീട്ടിലെ സ്വീകരണമുറിയില്‍ സ്ഥാപിച്ചത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇതില്‍പ്പരം സന്തോഷം വേറെ എന്ത്? ഡാവിഞ്ചി സുരേഷിന് അത്യാഹ്ളാദത്തിലാണ്.