ഡാൻ ബിൽസേറിയാൻ ഒരു പ്രൊഫഷണൽ മുച്ചീട്ടുകളിക്കാരനാണ്. പോക്കർ ആണ് ഇഷ്ടയിനം. കളിക്കുന്നത് നമ്മുടെ നാട്ടിലെപ്പോലെ, തുക്കടാ ക്ലബ്ബിലോ അമ്പലപ്പറമ്പിലോ ഒന്നും ഇരുന്നല്ലെന്നു മാത്രം. ലാസ് വേഗാസിലെയും മറ്റും കാസിനോകളിലാണ് ആളുടെ അങ്കങ്ങൾ.  അങ്ങനെ കളിച്ചുകളിച്ച് ഡാൻ നേടിയത് കോടികണക്കിന് ഡോളറാണ്. ഇൻസ്റ്റാഗ്രാമിലെ 'പ്ലേയ് ബോയ് കിങ്ങ്' എന്നറിയപ്പെടുന്ന ഡാനിന് 26.7 മില്യൺ ഫോളോവർമാരാണ് ഉള്ളത്. 

അസാമാന്യമായ സമ്പത്തിന് ഉടമയാണ് ഡാൻ. പാരമ്പര്യമായി കിട്ടിയതും, സ്വന്തം ചൂതുകളിച്ചുണ്ടാക്കിയിട്ടും ഒക്കെയായി എണ്ണിയാലൊടുങ്ങാത്ത സമ്പത്തുള്ളതിൽ നിന്നുമെടുത്ത് ഒരു ദാക്ഷിണ്യവുമില്ലാതെ പൊടിച്ചു കളയുന്നതിലും, അങ്ങനെ ചെയ്യുന്നതിന്റെ ചിത്രങ്ങളെടുത്ത്‌ ഇൻസ്റ്റാഗ്രാമിലിട്ട് ആളുകളെ മോഹിപ്പിക്കുന്നതിലും ഒരു പ്രത്യേക ഹരമുള്ള ആളാണ് ഡാൻ.  150  മില്യൺ ഡോളറാണ് ഡാനിന്റെ ആസ്തി.

ഫ്ലോറിഡയിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ഡാൻ ജനിച്ചത്. അച്ഛൻ പോൽ ബിൽസെറിയാൻ അറിയപ്പെടുന്ന ഒരു കോർപ്പറേറ്റ് ടേക്ക് ഓവർ സ്പെഷലിസ്റ്റായിരുന്നു. ചെറിയൊരു അർമേനിയൻ പാരമ്പര്യവും ബിൽസെറിയാൻ കുടുംബത്തിനുണ്ട്. 2000-ൽ ഡാൻ പ്രസിദ്ധമായ അമേരിക്കൻ നേവി സീൽ പ്രോഗ്രാമിന് എൻറോൾ ചെയ്‌തെങ്കിലും വെടിവെപ്പ് പരിശീലനത്തിനിടെ ഒപ്പിച്ച ഒരു തമാശയുടെ പേരിൽ അവിടെ നിന്നും പടിയിറക്കി. തുടർന്ന് ഫ്ലോറിഡാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡാൻ ബിസിനസ് ആൻഡ് ക്രിമിനോളജി എന്ന വിഷയത്തിൽ ബിരുദം നേടി. 

2009-ൽ നടന്ന വേൾഡ് സീരീസ് പോക്കർ മെയിൻ ഇവന്റിൽ ആയിരുന്നു ഡാനിന്റെ അരങ്ങേറ്റം. അന്ന് പക്ഷേ, 180  ആം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ഡാനിന്. എന്നാൽ 2013-14  കാലഘട്ടത്തിൽ പല വേദികളിലായി പോക്കർ മത്സരങ്ങളിൽ പങ്കെടുത്ത ഡാൻ ലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചുകൂട്ടി. 

ഇന്ന് അദ്ദേഹത്തിന് ഹോളിവുഡ് ഹിൽസിലും, ലാസ് വേഗാസിലും, ലോസ് ആഞ്ചെലസിലുമായി മൂന്നു മാളികകളുണ്ട്. തന്റെ  കുത്തഴിഞ്ഞ  ജീവിത ശൈലിയും മയക്കുമരുന്നുൾപ്പെടെയുള്ള ലഹരിയുടെ ഉപയോഗവും കാരണം മുപ്പത്തിരണ്ടാമത്തെ വയസ്സിൽ തന്നെ രണ്ടു ഹൃദയാഘാതങ്ങൾ വന്നു കഴിഞ്ഞു ഡാനിന്. 

നിരവധി കേസുകളും ഡാനിന്റെ പേരിൽ ഉണ്ട്. അതിൽ  മിയാമിയിൽ ഒരു നൈറ്റ് ക്ലബിൽ വെച്ച് മോഡലായ വനേസ്സ കാസ്റ്റനോയെ മുഖത്ത് ചവിട്ടിയതിന്റെ പേരിലുള്ള കേസുണ്ട്. ഹസ്‌ലർ മാസികയ്ക്കു വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ  പോൺ സ്റ്റാറായ ജാനിസ് ഗ്രിഫിത്തിനെ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ നിന്നും പൂളിലേക്ക് വലിച്ചെറിഞ്ഞ് പരിക്കേല്പിച്ചതിനുള്ള കേസുമുണ്ട്. പൂളിലേക്കെറിഞ്ഞ ജാനിസ് പക്ഷേ, പൂർണ്ണമായും പൂളിൽ എത്തിയില്ല. പൂളിന്റെ വക്കിലെ സിമന്റുതറയിൽ കാലു തട്ടി പരിക്കേറ്റ ജാനിസ് ആ പേരിൽ ഡാനിനെതിരെ കേസുകൊടുത്തു. 

2015  ആയപ്പോഴേക്കും ഡാനിന്റെ ജനപ്രീതി ഏറെ വർധിച്ചിരുന്നു. 2016-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുന്നു എന്നൊക്കെ വിളംബരം ചെയ്‌തെങ്കിലും പാതി വഴി അതിൽ നിന്നും അദ്ദേഹം പിന്മാറി.  2017 -ൽ 58 പേരുടെ മരണത്തിനിടയാക്കിയ ലാസ് വെഗാസ് വെടിവയ്പ്പിനിടെ ഡാൻ പുറത്തുവിട്ട ചില വീഡിയോകൾ അദ്ദേഹത്തിന്റെ കുപ്രസിദ്ധി വീണ്ടും ഇരട്ടിപ്പിച്ചു.

കാര്യം ആൾ വലിയ ബോഡി ബിൽഡറും കിക്ക് ബോക്സറും തോക്കുകൾ കൊണ്ട് കളിക്കുന്നൊരാളും ഒക്കെയാണെങ്കിലും സ്വന്തമായി രണ്ടു പൂച്ചകളും ഡാനിനുണ്ട്. 

സ്വന്തം ആഡംബര വസതികളിലും, പ്രൈവറ് ജെറ്റുകളിലും, വിലയേറിയ കാറുകളിലും മറ്റുമായി കറങ്ങി നടന്നുകൊണ്ട് ഡാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിടുന്ന ചിത്രങ്ങളിലൂടെ ദിനം പ്രതി അദ്ദേഹത്തിന്റെ ജനപ്രീതി ഏറി വരുന്നു. ഒരു ഇൻസ്റ്റാഗ്രാം യൂസർ തന്റെ അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയായിരുന്നു , "Always be yourself unless you can be Dan Bilzerian.."