കുടുംബത്തിലെ മറ്റുള്ളവര്‍ മരിച്ചപ്പോള്‍ ഒരു കുട്ടി കോമയിലായിരുന്നു. ഈ കുട്ടി സുഖം പ്രാപിച്ചെങ്കിലും ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുട്ടിക്ക് നഷ്ടപ്പെട്ടിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. 


ചില വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടാല്‍ മനുഷ്യന്‍ പിന്നെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പലതും ചെയ്തെന്നിരിക്കും. മറ്റുള്ളവര്‍ തങ്ങള്‍ക്കെതിരാണെന്ന ബോധ്യത്തിലായിരിക്കും അവരുടെ ചെയ്തികള്‍. സ്വന്തം ബോധ്യങ്ങള്‍ ശരിയാണെന്നും മറ്റെല്ലാം തെറ്റെന്നുമുള്ള മൂഢ വിശ്വാസത്തിലായിരിക്കും ഇവര്‍. അത്തരത്തിലൊരു കേസിനെ കുറിച്ചാണ്. 

കഴിഞ്ഞ വർഷം മാർച്ച് 24 ന് സ്വിറ്റ്സർലൻഡിലെ മോൺട്രിയക്സിൽ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. എട്ടുവയസ്സുള്ള പെൺകുട്ടി, 15 വയസ്സുള്ള ആൺകുട്ടി, അവരുടെ അച്ഛനും അമ്മയും, അമ്മയുടെ ഇരട്ട സഹോദരിയും അവരുടെ ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. രണ്ട് വർഷം മുമ്പ് ഫ്രാൻസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയ ഈ കുടുംബം ആത്മഹത്യയെക്കുറിച്ച് ചിന്തിരുന്നതിന് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ കുടുംബത്തിന്‍റെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഉടലെടുത്തു. തുടര്‍ന്ന് സ്വിറ്റസര്‍ലന്‍റ് പോലീസ് അന്വേഷണം നടത്തി. 

സ്വിറ്റ്‌സർലൻഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന് ഒടുവില്‍ അന്ത്യമാവുകയാണ്. കുടുംബത്തിലെ നാല് പേരുടെ മരണവും ആ കുടുംബത്തിലെ തന്നെ മുതിര്‍ന്നവര്‍ ആസൂത്രണം ചെയ്തതാണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. പുറത്ത് നിന്നുള്ള ഇടപെടലുകളൊന്നും മരണത്തില്‍ ആദ്യമുതലേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുടുംബത്തിലെ മറ്റുള്ളവര്‍ മരിച്ചപ്പോള്‍ ഒരു കുട്ടി കോമയിലായിരുന്നു. ഈ കുട്ടി സുഖം പ്രാപിച്ചെങ്കിലും ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കുട്ടിക്ക് നഷ്ടപ്പെട്ടിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. 

ഹൃദയങ്ങള്‍ കീഴടക്കിയ ഒരു കുഞ്ഞ് സല്യൂട്ട്, വീഡിയോ വൈറല്‍

ഫോറൻസിക് തെളിവുകൾ മരണത്തിന് മുമ്പ് പിടിവലി നടന്നതായുള്ള ഒരു സൂചനയും നല്‍കിയില്ല. പോസ്റ്റ്‌മോർട്ടത്തില്‍ മരണകാരണമായേക്കാവുന്ന മരുന്നുകളൊന്നും ശരീരത്തില്‍ ഉള്ളതിന്‍റെ സൂചനകളുമില്ലായിരുന്നു. ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ദുരൂഹമായിരുന്ന ആ മരണങ്ങളുടെ കാരണം പോലീസ് കണ്ടെത്തി. കുടുംബം ചില ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. പ്രത്യേകിച്ചും ലോകം തങ്ങള്‍ക്കെതിരാണെന്നതായിരുന്നു ആ കുടുംബം വിശ്വസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. 

മരണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ അവരുടെ വീട് നിറയെ ഭക്ഷണവും മരുന്നുകളും ശുചിത്വ സാമഗ്രികളും ശ്രദ്ധാപൂർവ്വം അടുക്കി വച്ചതായി കണ്ടെത്തി. കുടുംബാംഗങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് പുറത്ത് പോയിരുന്നത്. കുട്ടികള്‍ വീട്ടിലിരുന്നാണ് പഠിച്ചതും. ലോകം തങ്ങളോട് ശത്രുതാപരമായാണ് പെരുമാറുന്നതെന്നായിരുന്നു കുടുംബത്തിന്‍റെ വിശ്വാസം. അവര്‍ സര്‍ക്കാറിനെയും പ്രദേശിക ഭരണാധികാരികളെയും സംശയത്തോടെയാണ് കണ്ടിരുന്നത്. കുട്ടികളെയും അവര്‍ ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് വളര്‍ത്തിയത്. കൊവിഡ് 19 ന്‍റെ വ്യാപനവും യുക്രൈന്‍ യുദ്ധവും അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചതായും പോലീസ് പറയുന്നു. 

അപ്പാര്‍ട്ട്മെന്‍റിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ കൂട്ട ആത്മഹത്യ കുടുംബം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്‌തതായെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പല കത്തുകള്‍ക്കും അച്ഛനോ അമ്മയോ മറുപടി പറയാത്തതിനാല്‍ കുട്ടിയുടെ പഠനത്തെ കുറിച്ച് അന്വേഷിക്കാനും പ്രാദേശിക വിദ്യാഭ്യാസ അധികാരികളുമായി ഒരു മീറ്റിംഗിന് ക്ഷണിക്കാനുമായി മോൺട്രിയക്സ് പോലീസ് ഒരു ദിവസം അവരുടെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ പോലീസിനെ വീട്ടിലേക്ക് കടക്കാന്‍ അവര്‍ അനുവദിച്ചില്ല. അന്ന് തന്നെ കുടുംബത്തിലെ എല്ലാവരും മരണം തെരഞ്ഞെടുക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ജീവിച്ചിരിക്കുന്ന കുട്ടിയുടെ സ്വകാര്യതയ്ക്കായി കുടുംബത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല. 

കുറഞ്ഞ താപനിലയും കാറ്റും ന്യൂയോര്‍ക്കിലെ ഈറി തടാകത്തിന് സമീപം തീര്‍ത്ത കരവിരുത്!