ന്യൂയോർക്ക് സ്റ്റേറ്റിലെ ബഫല്ലോയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 14 നും 19 നും ഇടയിൽ പ്രായമുള്ള ആറ് കൗമാരക്കാർ സഞ്ചരിച്ച കാർ രാവിലെ 6.30 ഓടെയാണ് അപകടത്തിൽ പെടുകയും തകരുകയും ചെയ്തത്.
ന്യൂയോർക്കിലെ കൗമാരക്കാർക്ക് ഇടയിൽ മരണക്കെണി ഒരുക്കുകയാണ് കിയ ചലഞ്ച് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ. ഹ്യൂണ്ടായ്, കിയ എന്നീ കമ്പനികളുടെ കാറുകൾ മോഷ്ടിച്ച് റാഷ് ഡ്രൈവിംഗ് നടത്താൻ യുവാക്കളെ ചലഞ്ച് ചെയ്യുന്നതാണ് ഈ വീഡിയോ. യുഎസ്ബി കോർഡും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് വാഹനം മോഷ്ടിക്കേണ്ടത് എങ്ങനെ എന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഈ രീതിയിൽ വാഹനം മോഷ്ടിച്ച ശേഷം റാഷ് ഡ്രൈവിംഗ് നടത്തി അതിന്റെ വീഡിയോ ടിക്ടോകിൽ അപ്‌ലോഡ് ചെയ്യാനാണ് ചലഞ്ച്.
ന്യൂയോർക്കിലെ നിരവധി കൗമാരക്കാരാണ് ഈ ചലഞ്ചിൽ കുരുങ്ങിയിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസവും ചലഞ്ച് പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ മോഷ്ടിക്കപ്പെട്ട കിയ കാർ അപകടത്തിൽപ്പെട്ട നാല് കൗമാരക്കാർ അതിദാരുണമായി കൊല്ലപ്പെട്ടു.
ന്യൂയോർക്ക് സ്റ്റേറ്റിലെ ബഫല്ലോയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 14 നും 19 നും ഇടയിൽ പ്രായമുള്ള ആറ് കൗമാരക്കാർ സഞ്ചരിച്ച കാർ രാവിലെ 6.30 ഓടെയാണ് അപകടത്തിൽ പെടുകയും തകരുകയും ചെയ്തത്. ഈ കാർ അപകടത്തിന്റെ തലേദിവസം രാത്രി മോഷണം പോയതായി റിപ്പോർട്ടുണ്ട്. മർകസ് വെബ്‌സ്റ്റർ (19) സ്വാസിൻ സ്വിൻഡിൽ, (17) കെവിൻ പെയ്ൻ, (16) അഹ്ജാനെ ഹാർപ്പർ ( 14) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
2011 നും 2021 നും ഇടയിൽ നിർമ്മിച്ച കിയ കാറുകളിലും 2015 നും 2021 നും ഇടയിൽ നിർമ്മിച്ച ഹ്യൂണ്ടായ് കാറുകളിലും ആന്റി-തെഫ്റ്റ് എഞ്ചിൻ ഇമ്മൊബിലൈസറുകൾ ഇല്ല. ഈ കാലയളവിൽ നിർമ്മിക്കപ്പെട്ട കാറുകളാണ് ഇപ്പോൾ വ്യാപകമായി മോഷണം പോയിക്കൊണ്ടിരിക്കുന്നത്.
കിയ ട്രെൻഡ് വൈറലായതിനുശേഷം മോഷ്ടിക്കപ്പെടുന്ന കാറുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണെന്ന് പൊലീസ് പറയുന്നു. നിർഭാഗ്യവശാൽ ഇവ മോഷ്ടിക്കാൻ ഏറെ എളുപ്പമായതിനാൽ മോഷണത്തിന്റെ എണ്ണം ഇനിയും കൂടും എന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
