ദക്ഷിണ കൊറിയൻ അംബാസഡർക്ക് ഇന്ത്യയിലേക്ക് പുതുപുത്തൻ കാർ, പൂജയുടെ വീഡിയോ വൈറൽ
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ സംസ്കാരത്തെ അംഗീകരിക്കാനുള്ള കൊറിയൻ അംബാസഡറുടെ മനസിനെ പലരും അഭിനന്ദിച്ചു.

അനേകം വീഡിയോകളാണ് ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിലേക്ക് കടന്ന് വരുന്നത്. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ എംബസി പങ്ക് വച്ച ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അംബാസഡറുടെ പുതിയ വാഹനത്തിന് ഇന്ത്യയിൽ പൂജ ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ദക്ഷിണ കൊറിയയിലെ പ്രമുഖ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഹ്യൂണ്ടായ് ജെനസിസ് GV80 ആണ് വീഡിയോയിൽ കാണുന്ന വാഹനം. 65 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന്റെ വില. ഇന്ത്യയിലെ കൊറിയൻ എംബസിയുടെ ഔദ്യോഗിക പേജാണ് വീഡിയോ X (ട്വിറ്റർ) -ൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതിൽ ഒരു പൂജാരി വാഹനത്തിന് പൂജ ചെയ്യുന്നത് കാണാം. അംബാസഡറായ ചാങ് ജേ-ബോക്ക് പൂജയിൽ പങ്കെടുക്കുന്നുണ്ട്. പൂജയ്ക്ക് ശേഷം അംബാസഡറുടെ കയ്യിൽ പൂജാരി ഒരു പൂജിച്ച ചരടും കെട്ടിക്കൊടുക്കുന്നത് കാണാം. ശേഷം കാർ ഓടുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
“അംബാസഡറിന്റെ ഔദ്യോഗിക വാഹനമായി പുതിയ ഹ്യുണ്ടായ് ജെനസിസ് GV80 ലഭിച്ചു. അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഭാഗ്യത്തിന് വേണ്ടി അതിന് പൂജാ ചടങ്ങ് നടത്തി. ഞങ്ങളുടെ എംബസിയുടെ പുതിയ യാത്രയിൽ പങ്ക് ചേരൂ“ എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ സംസ്കാരത്തെ അംഗീകരിക്കാനുള്ള കൊറിയൻ അംബാസിഡറുടെ മനസിനെ പലരും അഭിനന്ദിച്ചു. ഒപ്പം ഇന്ത്യയുടെയും കൊറിയയുടെയും സംസ്കാരം ഒന്നിച്ച് ചേർക്കാനുള്ള മനസ്ഥിതിയേയും പലരും അഭിനന്ദിച്ചു. അതുപോലെ, അംബാസഡറുടെ പുതിയ കാറിനും അതിലുള്ള പുതിയ യാത്രകൾക്കും ഒരുപാട് പേർ ആശംസകളും അറിയിച്ചു.