എല്ലാ രാത്രിയും ശരാശരി ഒമ്പത് മണിക്കൂർ ഉറങ്ങി, 14 ഫൈനലിസ്റ്റുകളെയും മറികടന്നാണ് പൂജ ഇതിൽ ഒന്നാം സ്ഥാനവും 9.1 ലക്ഷം രൂപ ക്യാഷ് പ്രൈസും നേടിയത് എന്ന് എഡ്യൂക്കേഷൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഉറങ്ങുന്നതിന് ഒരു വലിയ തുക സമ്മാനം കിട്ടിയാൽ എന്താവും അവസ്ഥ. അതേ, പൂനെയിൽ നിന്നുള്ള ഒരു യുവതിക്ക് 60 ദിവസത്തെ സ്ലീപ്പ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന് ലഭിച്ച തുക 9.1 ലക്ഷമാണ്. 'സ്ലീപ്പ് ചാമ്പ്യൻ ഓഫ് ദി ഇയർ' കിരീടവും അവൾ നേടി.

ഐപിഎസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന പൂജ മാധവ് വാവൽ എന്ന യുവതിയാണ് ബെം​ഗളൂരുവിൽ നടന്ന 60 ദിവസത്തെ സ്ലീപ്പ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി 'സ്ലീപ്പ് ചാമ്പ്യൻ ഓഫ് ദി ഇയർ' കിരീടം ചൂടിയത്. എല്ലാ രാത്രിയും ശരാശരി ഒമ്പത് മണിക്കൂർ ഉറങ്ങി, 14 ഫൈനലിസ്റ്റുകളെയും മറികടന്നാണ് പൂജ ഇതിൽ ഒന്നാം സ്ഥാനവും 9.1 ലക്ഷം രൂപ ക്യാഷ് പ്രൈസും നേടിയത് എന്ന് എഡ്യൂക്കേഷൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഉറക്കക്കുറവിനെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ലീപ്പ് ഇന്റേൺഷിപ്പ് നടത്തുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിച്ചത്. എന്നാൽ, അതിൽ 15 പേരെ മാത്രമേ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളൂ. ഓരോ അപേക്ഷകനും ഒരു പോപ്പുലർ ബ്രാൻഡിൽ നിന്നുള്ള ഒരു മെത്തയും എല്ലാ രാത്രിയും അവരെ നിരീക്ഷിക്കുന്നതിനായി ഒരു കോൺടാക്റ്റ്‌ലെസ് സ്ലീപ്പ് ട്രാക്കറും നൽകി.

Scroll to load tweet…

ഇന്റേൺഷിപ്പിലുടനീളം, ഉറക്കം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വർക്ക്‌ഷോപ്പുകളും മികച്ച ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ വിവിധ ചലഞ്ചുകളിലും ഇവർ പങ്കെടുത്തു. ഫൈനലിസ്റ്റുകൾ കണ്ണടച്ചുകൊണ്ടുള്ള കിടക്ക നിർമ്മാണം, അലാറം ക്ലോക്ക് ട്രെഷർ ഹണ്ട്, ഫൈനൽ സ്ലീപ്പ് ഓഫ് മത്സരം എന്നിവയിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. എന്തായാലും, മത്സരത്തിലും ഉറക്കത്തിലും മികച്ച പ്രകടനമാണ് പൂജ കാഴ്ചവച്ചത്. 91.36 ആയിരുന്നു സ്കോർ.

പൂജയ്ക്ക് 9.1 ലക്ഷം കിട്ടിയെങ്കിൽ ഫൈനലിസ്റ്റുകൾക്കെല്ലാം ഓരോ ലക്ഷം രൂപ പ്രോത്സാഹനസമ്മാനവും ഉണ്ടായിരുന്നു. 2019 -ലാണ് ഈ പ്രോ​ഗ്രാം ആദ്യം തുടങ്ങിയത്. നാലാമത്തെ സീസണിലാണ് പൂജ വിജയി ആകുന്നത്.