ഹൈ-വോള്‍ട്ടേജ് വയറില്‍ കുരുങ്ങിയ പട്ടം വില്ലനായി, 12 വയസ്സില്‍ കൈകള്‍ ഭാഗികമായി മുറിച്ചു, എന്നിട്ടും തളരാതെ ഉയരങ്ങള്‍ താണ്ടി. മൈക്രോസോഫ്റ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളിയുടെ ആവേശകരമായ ജീവിതകഥ!   

നമുക്ക് ചുറ്റിലും അനേകം മനുഷ്യരുണ്ട്. പലപ്പോഴും ജീവിത സമരങ്ങളില്‍ തോറ്റുപോയവര്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെ പതറി പോയവര്‍...അത്തരം ആളുകള്‍ക്ക് ഒരു പ്രചോദനമാണ് ബിജുവിന്റെ ജീവിതം. 

ബിജു പി.കെ എന്ന മലയാളി ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. കുട്ടിക്കാലത്ത് നടന്ന ഒരു അപകടം ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കിയിട്ടും അതിനെ പോരാടി തോല്‍പ്പിച്ചയാളാണ് അദ്ദേഹം. ജീവിതം കരഞ്ഞ് തീര്‍ക്കാനുള്ളതല്ല, മറിച്ച് കരുത്തോടെ പിടിച്ച് കയറാനുള്ളതാണെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. തളരുന്ന മനുഷ്യര്‍ക്ക് പ്രചോദനമേകുന്ന ബിജുവിന്റെ അസാധാരണമായ ജീവിതകഥ മൈക്രോസോഫ്റ്റ് ന്യൂസാണ് മൈക്രോസോഫ്റ്റ് ഇന്ത്യ സ്‌റ്റോറീസ് വിഭാഗത്തില്‍ പുറംലോകത്തെത്തിച്ചത്. 

അപകടം നടക്കുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 12. പട്ടം പറത്തികൊണ്ടിരിക്കുകയായിരുന്നു ബിജു അപ്പോള്‍. പെട്ടെന്ന് പട്ടം ഹൈ-വോള്‍ട്ടേജ് വയറില്‍ കുരുങ്ങി അദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റു. ആഘാതത്തില്‍ ഇരു കൈകളിലും സാരമായി പൊള്ളലേറ്റു. ഡോക്ടര്‍മാര്‍ക്ക് ഇടതുകൈയുടെ താഴത്തെ പകുതിയും വലതുകൈയുടെ ഭൂരിഭാഗവും മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് നിരവധി ശസ്ത്രക്രിയകള്‍, തെറാപ്പികള്‍. വേദനയും, നിരാശയും നിറഞ്ഞ മനസ്സുമായി ആശുപത്രി ഇടനാഴികളില്‍ അലഞ്ഞ ദിനങ്ങളായിരുന്നു അത്.

കൈകള്‍ മുറിച്ചുമാറ്റിയ ശേഷം, മൂന്ന് മാസത്തോളം അദ്ദേഹം ആശുപത്രിയില്‍ തന്നെയായിരുന്നു. എന്നാല്‍ അപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ മനസ്സ് നിറയെ അതിജീവിക്കണമെന്ന ചിന്തയായിരുന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നത് വീണ്ടെടുക്കലിലേക്കുള്ള ആദ്യപടിയായി. അപകടത്തിന് ശേഷം വീട്ടുകാരും സുഹൃത്തുക്കളും അധ്യാപകരും ബിജുവിനോട് യാതൊരു വേര്‍തിരിവും കാണിച്ചില്ല. തന്നില്‍ സ്വയം വിശ്വാസമര്‍പ്പിക്കാന്‍ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. അപകടത്തിന് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ എല്ലാവര്‍ക്കും കഠിനമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ സുനില്‍ പറയുന്നു. എന്നാല്‍ വെല്ലുവിളികളില്‍ തന്റെ സഹോദരന്‍ ഒരിക്കലും തളര്‍ന്നിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ആത്മവിശ്വാസമാണ് ബിജുവിനെ അപകടത്തില്‍പ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് സ്വന്തമായി സൈക്കിള്‍ ചവിട്ടി പോകാന്‍ പ്രേരിപ്പിച്ചതും.

സ്വയം ഡ്രൈവ് ചെയ്തു സഞ്ചരിക്കുന്ന ബിജു Image Courtesy: Microsoft india

''ഒരു ദിവസം, ബിജു സൈക്കിളില്‍ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്‌കൂളിലെത്തി. ഞങ്ങള്‍ എല്ലാവരും അത്ഭുതപ്പെടുത്തി. അവന്‍ ഒരിക്കലും വിധിയ്ക്ക് മുന്നില്‍ തോറ്റുകൊടുത്തില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ സ്‌കൂട്ടറും പിന്നീട് ഹെവി ഡ്യൂട്ടി മോട്ടോര്‍ ബൈക്കും ഓടിക്കാന്‍ തുടങ്ങി, ''ബിജുവിന്റെ സ്‌കൂള്‍ സുഹൃത്ത് ആനന്ദ് നാരായണന്‍ ഓര്‍ത്തു. അങ്ങനെ അതിജീവനത്തിനായുള്ള പോരാട്ടം അദ്ദേഹം ആസ്വദിക്കാന്‍ തുടങ്ങി. പിന്നെ അതൊരു ആവേശമായി.

പാലക്കാട് വിക്‌ടോറിയ കോളജില്‍ ബി എ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ബിജു. അപകടമുണ്ടാക്കിയ ആഘാതങ്ങള്‍ക്കിടെ കോളജില്‍ എത്തിയിരുന്ന ബിജുവിനെക്കുറിച്ച്, ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ജീവിക്കുന്ന പ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ജിന്‍ ജോസ് ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ''പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ പിജിക്ക് പഠിക്കുമ്പോള്‍ ഡിഗ്രി വിദ്യാര്‍ത്ഥി ആയിരുന്നു ഞങ്ങളുടെ ബിജു. ഒരുമിച്ച് തകര്‍ത്ത് ജീവിച്ച കാലമായിരുന്നു അത്. യാത്രകള്‍, സിനിമ, പാട്ടുകേള്‍ക്കല്‍ അങ്ങനെ. ബിജു പറഞ്ഞ അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന കഥ ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ പുലര്‍ത്തേണ്ട സുരക്ഷയെ അത് ഓര്‍മിപ്പിക്കുന്നു. എപ്പോഴും സ്‌നേഹവും സന്തോഷവും മാത്രമാണ് ആ മുഖത്ത്. ആത്മവിശ്വാസം അതാണ് ബിജു''-ഫേസ്ബുക്ക് കുറിപ്പില്‍ ഡോ. ജിന്‍ ജോസ് എഴുതുന്നു. 

ദക്ഷിണേന്ത്യയിലുടനീളം നിരവധി റോഡ് യാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജോലി ചെയ്യുന്ന ഹൈദരാബാദില്‍ നിന്ന് ഏകദേശം 900 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂരിലുള്ള ജന്മനാട്ടിലേയ്ക്ക് അദ്ദേഹം സ്വയം ഡ്രൈവ് ചെയ്ത് എത്തുന്നു. ഇപ്പോഴും അദ്ദേഹം പഠിച്ചു കൊണ്ടിരിക്കയാണ്. രേഖകള്‍ ഒപ്പിടുന്നത് മുതല്‍ കിടക്ക വിരിക്കാനും, വസ്ത്രം അലക്കാനും, സ്പൂണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനുമൊക്കെ ബിജു ഇപ്പോള്‍ പഠിക്കുന്നു. പരസഹായമില്ലാതെ ധരിക്കാന്‍ കഴിയുന്ന ട്രൗസറുകളും അദ്ദേഹം രൂപകല്‍പ്പന ചെയ്യുന്നു.

ബിജു കുടുംബത്തോടൊപ്പം. Image Courtesy: Microsoft india

എന്നാലും, ജീവിതം എപ്പോഴും പച്ചപ്പ് നിറഞ്ഞതല്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴും ആളുകളില്‍ നിന്ന് അവഹേളനങ്ങളും, അവഗണനയും നേരിടാറുണ്ടെന്ന് ബിജു പറഞ്ഞു. ''ഞാന്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആളുകള്‍ എന്നെ തുറിച്ചുനോക്കുന്നത് കാണാം. വണ്ടി ഓടിക്കുമ്പോള്‍ കാറിലേക്കും അവരുടെ കൗതുക കണ്ണുകള്‍ പാഞ്ഞെത്തും. എന്നാല്‍ അത് അവരുടെ തെറ്റല്ല. അവര്‍ എന്നെപ്പോലെ ഒരാളെ കണ്ടിട്ടുണ്ടാകില്ല, ''ബിജു പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ആദ്യമായി ജോലിക്ക് അപേക്ഷിച്ചപ്പോഴും സമാനമായ അനുഭവങ്ങള്‍ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. വൈകല്യമുണ്ടായതിനാല്‍ അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കാന്‍ കമ്പനിയുടെ എച്ച്ആര്‍ ആദ്യം തയ്യാറായില്ല. ആ ജോലിയ്ക്ക് ബിജു യോഗ്യനല്ലെന്ന് അവര്‍ കരുതി. എന്നാല്‍ 95% കൃത്യതയോടെ ബിജുവിന് അവര്‍ ഏല്പിച്ച ജോലി നിറവേറ്റാന്‍ സാധിച്ചു. അതോടെ ജോലി ലഭിച്ചു.

ഏകദേശം 10 വര്‍ഷം മുമ്പാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഹൈദരാബാദ് ഓഫീസില്‍ പ്രൊപ്പോസല്‍ റൈറ്ററായി ബിജു ചേര്‍ന്നത്. ഇപ്പോള്‍ സീനിയര്‍ പ്രൊജക്റ്റ് മാനേജരാണ് അദ്ദേഹം. സ്വയം മുന്നേറുന്നതിനൊപ്പം, മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകാനും അദ്ദേഹം പരിശ്രമിക്കുന്നു. എല്ലാ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍, തന്നെ ചികിത്സിച്ച ആശുപത്രിയില്‍ അദ്ദേഹം സന്നദ്ധസേവനം നടത്തുന്നു. ''ഞാന്‍ കോയമ്പത്തൂരില്‍ ആയിരിക്കുമ്പോഴെല്ലാം, കൈകാലുകള്‍ നഷ്ടപ്പെട്ട രോഗികളുമായി സംസാരിക്കാന്‍ ഞാന്‍ ആശുപത്രി സന്ദര്‍ശിക്കാറുണ്ട്. അവര്‍ അനുഭവിക്കുന്ന മാനസിക ആഘാതം എനിക്ക് മനസ്സിലാകും, ''അദ്ദേഹം പറഞ്ഞു.

Courtesy: MicrsoSoft india