രാജ്യത്ത് കുറഞ്ഞുവരുന്ന വിവാഹ, ജനന നിരക്കുകൾ ഉയർത്താനായി ചൈന വിചിത്രമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ആശുപത്രികൾ, ബാങ്കുകൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ പോലും വിവാഹ രജിസ്ട്രേഷൻ സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വിവാഹം എളുപ്പമാക്കുന്നതിലൂടെ കൂടുതൽ യുവാക്കളെ ഇതിലേക്ക് ആകർഷിക്കാമെന്നാണ് സർക്കാർ കരുതുന്നത്.

രാജ്യത്ത് കുറഞ്ഞ് വരുന്ന വിവാഹ നിരക്കും ജനനനിരക്കും ഉയർത്താനായി വിചിത്രവും വ്യത്യസ്തവുമായ മാർഗ്ഗങ്ങൾ തേടുകയാണ് ചൈന. ഏത് വിധേനയും ജനന നിരക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി അയൽ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പോലും ചൈനയിൽ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു രസകരമായ റിപ്പോർട്ടാണ്. ബൗദ്ധ ക്ഷേത്രങ്ങൾക്കും നൈറ്റ് ക്ലബ്ബുകൾക്കും മെട്രോ സ്റ്റേഷനുകൾക്കും പിന്നാലെ ചൈനയിലെ ആശുപത്രികളും എന്തിന് ബാങ്കുകൾ പോലും വിവാഹ രജിസ്ട്രേഷൻ സേവനങ്ങൾ ജനങ്ങൾക്ക് നൽകാൻ ആരംഭിച്ചിരിക്കുന്നുവെന്നാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹ രജിസ്ട്രേഷൻ, ഗർഭധാരണം, ഇനിയെല്ലാം ആശുപത്രി വഴി!

കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ലിൻസി ഡിസ്ട്രിക്റ്റ് മാതൃ - ശിശു സംരക്ഷണ ആശുപത്രിയിലാണ് അടുത്തിടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ആരംഭിച്ചത്. ഓഗസ്റ്റ് 20ന് ചൈനീസ് വാലന്റൈൻസ് ഡേയായ ഖിസി ഫെസ്റ്റിവൽ ദിനത്തിലാണ് ആശുപത്രി പുതിയ സേവനം പ്രഖ്യാപിച്ചത്. ഒരൊറ്റ കുടക്കീഴിൽ വിവാഹ രജിസ്ട്രേഷൻ, വിവാഹപൂർവ്വ ആരോഗ്യ പരിശോധനകൾ, ഗർഭധാരണത്തിനുള്ള മുൻകൂർ ഉപദേശങ്ങൾ എന്നിവ നൽകുന്നതിലൂടെ നവദമ്പതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

പോസ്റ്റോഫീലിലും വിവാഹം

ഇതിന് മുമ്പ് ഓഗസ്റ്റിൽ വടക്കൻ ചൈനയിലെ ടിയാൻജിനിലെ പോസ്റ്റൽ സേവിങ്സ് ബാങ്ക് ഓഫ് ചൈനയുടെ ഒരു ശാഖ രാജ്യത്തെ ആദ്യ ബാങ്കായി വിവാഹ രജിസ്ട്രേഷൻ സേവനം ആരംഭിച്ചിരുന്നു. ധനകാര്യ സ്ഥാപനവും പ്രണയവും ഒന്നിക്കുന്ന ഈ നീക്കം സമൂഹ മാധ്യമങ്ങളിൽ കൗതുകവും പരിഹാസവും സൃഷ്ടിച്ചിരുന്നു. ആശുപത്രിയും വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഈ ചർച്ചകൾ വീണ്ടും ശക്തമായി.

നൈറ്റ് ക്ലബ്ലിലും

മുൻപ് ചൈനയിലെ ഷാങ്ഹായിലുള്ള ഒരു പ്രമുഖ നൈറ്റ് ക്ലബ്ബ് പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് യുവതീയുവാക്കൾക്കായി വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ ഹെഫെയ് നഗരത്തിലെ മെട്രോ സ്റ്റേഷനിലും പ്രശസ്തമായ ക്ഷേത്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവാഹ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വിവാഹ നിരക്ക് ഉയർത്തണം, ഏത് വിധേനയും!

സ്വദേശത്തേക്ക് (ഹുകൗ) പോകാതെ തന്നെ രാജ്യത്ത് എവിടെനിന്നും വേണമെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന നിയമഭേദഗതി ചൈന നടപ്പിലാക്കിയതോടെയാണ് ഇത്തരം വേറിട്ട വിവാഹ കേന്ദ്രങ്ങൾ തുറക്കപ്പെട്ടത്. നിലവിൽ 500 -ലധികം അനൗദ്യോഗിക കേന്ദ്രങ്ങളും 1,300 -ഓളം ഔദ്യോഗിക ഔട്ട്‌ഡോർ സംവിധാനങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സാമ്പത്തിക ഭാരം, വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാകൽ, കുടുംബ വഴക്കുകൾ എന്നിവ ഭയന്ന് ചൈനയിലെ യുവാക്കൾ വിവാഹ ജീവിതത്തിൽ നിന്നും കുട്ടികളിൽ നിന്നും അകന്നുനിൽക്കുന്നത് സർക്കാരിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. രജിസ്ട്രേഷൻ എളുപ്പമാക്കിയത് കൊണ്ട് മാത്രം യുവാക്കൾ വിവാഹം കഴിക്കില്ലെന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ വിമർശിക്കുമ്പോഴും, ഏതുവിധേനയും വിവാഹ നിരക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനീസ് ഭരണകൂടം.