Asianet News Malayalam

ടൈറ്റാനിക് മുങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് ജീവനക്കാരനെഴുതിയ കത്ത് ലേലത്തിന്, പ്രതീക്ഷിക്കുന്നത് 11 ലക്ഷം വരെ

ടൈറ്റാനിക് മുങ്ങിപ്പോയപ്പോള്‍ നിരവധിപ്പേരെ രക്ഷിച്ച ആളാണ് ഫിലിപ്‍സ് എങ്കിലും അദ്ദേഹത്തെ ആളുകള്‍ മറക്കുകയായിരുന്നു. തങ്ങളുടെ യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാനായി മറ്റ് കപ്പലുകളോട് സഹായം അഭ്യര്‍ത്ഥിക്കാനും ഫിലിപ്‍സ് കഠിനമായി പരിശ്രമിച്ചിരുന്നു എന്ന് പറയപ്പെടുന്നു. 

postcard written by the Titanics crew member for auction
Author
Boston, First Published Apr 8, 2021, 1:00 PM IST
  • Facebook
  • Twitter
  • Whatsapp

വല്ലാത്ത ഒരു ദുരന്തകഥയാണ് ടൈറ്റാനിക്കിന്റേത്. ലോകത്തിലുള്ള ആളുകളുടെ മുഴുവനും ശ്രദ്ധ ടൈറ്റാനിക് നേടുന്നത് ഒരുപക്ഷേ അതേപേരിൽ ഒരു സിനിമ ഇറങ്ങിയപ്പോഴായിരിക്കും. വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള യാത്രാകപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. ഒരുപക്ഷേ, അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പൽ. എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര കപ്പൽ. ഒരിക്കലും മുങ്ങില്ല എന്നതായിരുന്നു നിർമ്മാണ വേളയിലടക്കം ടൈറ്റാനിക്കിന് നൽകിയ വിശേഷണം. എന്നാൽ, അതിനെ എല്ലാം അസ്ഥാനത്താക്കി കൊണ്ട് ആദ്യത്തെ യാത്രയിൽ തന്നെ അത് ഒരു മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുന്ന കാഴ്ച ലോകത്തിന് കാണേണ്ടി വന്നു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട കപ്പലിൽ 2,223 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അതിൽ 1,517 പേരും അപകടത്തെ തുടർന്ന് മരിക്കുകയാണ് ഉണ്ടായത്. ചരിത്രത്തിലെ തന്നെ അറിയപ്പെടുന്ന ദുരന്തമായി മാറി ടൈറ്റാനിക്കിന്റെ തകർച്ച.

ഇപ്പോഴിതാ, ടൈറ്റാനിക് മുങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അതിലെ ഒരു ജീവനക്കാരനെഴുതിയ പോസ്റ്റുകാര്‍ഡ് ലേലത്തിന് വച്ചിരിക്കുകയാണ്.  $15,000 (ഏകദേശം 1114506.12 രൂപ ) രൂപയാണ് കാർഡിന് ലേലത്തില്‍ കിട്ടും എന്ന് പ്രതീക്ഷിക്കുന്നത്. കപ്പലിന്‍റെ സീനിയർ വയർലെസ് ഓപ്പറേറ്ററായ ജാക്ക് ഫിലിപ്‍സ് തന്റെ സഹോദരി എൽസിക്ക് എഴുതിയതാണ് ഈ പോസ്റ്റ്കാർഡ്. 1912 മാർച്ചിൽ ടൈറ്റാനിക് നിർമ്മിച്ച അയർലണ്ടിലെ ബെൽഫാസ്റ്റിലെ തുറമുഖത്ത് ആയിരിക്കുമ്പോഴാണ് ഇത് എഴുതപ്പെട്ടത് എന്ന് കരുതുന്നു. മാർച്ച് അവസാനമാണ് കപ്പലിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 1912 ഏപ്രിൽ രണ്ടിന് അത് പുറപ്പെട്ടു. 

5.5 ഇഞ്ച് 3.5 ഇഞ്ച് പോസ്റ്റ്കാർഡാണ് ഇത്. നിർമ്മാണ സമയത്തുള്ള ടൈറ്റാനിക്കിന്റെ ഒരു ചിത്രം ഇതില്‍ കാണാം. ബെൽഫാസ്റ്റിൽ ആണ് ഇത് പോസ്റ്റ്മാർക്ക് ചെയ്‍തിരിക്കുന്നത്. താൻ സേവിക്കുന്ന കപ്പലിനെ തന്നെ ചിത്രീകരിക്കുന്ന പോസ്റ്റുകാര്‍ഡാണ് ഫിലിപ്‍സ് തെരഞ്ഞെടുത്തത് എന്ന്  ലേലത്തില്‍ കാര്‍ഡ് വില്‍ക്കുന്ന ബോസ്റ്റൺ ആസ്ഥാനമായുള്ള ആർ. ആർ ലേലത്തിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബി ലിവിംഗ്സ്റ്റൺ പറഞ്ഞു. “ഞങ്ങളുടെ ഗവേഷണമനുസരിച്ച്, എൽസി കൈവശം വച്ചിരിക്കുന്ന 300 പോസ്റ്റ്കാർഡുകളിൽ അഞ്ചെണ്ണത്തിന് മാത്രമേ ടൈറ്റാനിക്കുമായി ബന്ധമുള്ളൂ, രണ്ടെണ്ണത്തിൽ മാത്രമാണ് കപ്പലിന്റെ ചിത്രങ്ങള്‍ ഉള്ളത്. അത് പോസ്റ്റുകാര്‍ഡിനെ വേറിട്ടതാക്കുന്നു” ലിവിംഗ്സ്റ്റൺ പ്രസ്താവനയിൽ പറഞ്ഞു.

ടൈറ്റാനിക് മുങ്ങിപ്പോയപ്പോള്‍ നിരവധിപ്പേരെ രക്ഷിച്ച ആളാണ് ഫിലിപ്‍സ് എങ്കിലും അദ്ദേഹത്തെ ആളുകള്‍ മറക്കുകയായിരുന്നു. തങ്ങളുടെ യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാനായി മറ്റ് കപ്പലുകളോട് സഹായം അഭ്യര്‍ത്ഥിക്കാനും ഫിലിപ്‍സ് കഠിനമായി പരിശ്രമിച്ചിരുന്നു എന്ന് പറയപ്പെടുന്നു. 1912 ഏപ്രിൽ 14 രാത്രിയാണ്, വടക്കൻ അറ്റ്ലാന്റിക് പ്രദേശത്ത്, ടൈറ്റാനിക് ഒരു മഞ്ഞുമലയിൽ ഇടിക്കുകയും 1,500 -ലധികം യാത്രക്കാരും ജോലിക്കാരും മരിക്കുകയും ചെയ്യുന്നത്. ആർ‌ആർ ലേലം അനുസരിച്ച് 25 -കാരനായ ഫിലിപ്‍സ് ലൈഫ്ബോട്ടില്‍ തണുപ്പിനെ തുടര്‍ന്നാണ് മരിച്ചത് എന്ന് പറയുന്നു. ഫിലിപ്‍സിന്‍റെ പോസ്റ്റ്കാർഡിന്റെ ലേലം ഏപ്രിൽ 14 -ന് അവസാനിക്കും. പോസ്റ്റ്കാർഡ് 15,000 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ടൈറ്റാനിക്കിൽ നിന്നുള്ള വസ്‍തുക്കളുടെ ആദ്യ വിൽപ്പനയല്ല ഇത്. 2015 ൽ, ഈ ആഡംബര കപ്പലിൽ നിന്നുള്ള ഒരു ഫസ്റ്റ് ക്ലാസ് ലഞ്ച് മെനു 88,000 ഡോളറിന് ലേലത്തിൽ വിറ്റിരുന്നു. ഒപ്പം കൂടുതൽ ആളുകളെ രക്ഷിക്കുന്നതിനുപകരം കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ലൈഫ് ബോട്ടിന്റെ ജീവനക്കാർക്ക് കൈക്കൂലി നൽകിയെന്ന് കരുതുന്നൊരാള്‍ക്ക് അയച്ച കത്ത് 7,500 ഡോളറിനും ലേലത്തില്‍ വില്‍ക്കുകയുണ്ടായി.

Follow Us:
Download App:
  • android
  • ios