Asianet News MalayalamAsianet News Malayalam

Afghan mother : കൊടുംപട്ടിണി, ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ 8000 -ത്തിൽ താഴെ രൂപയ്ക്ക് വിറ്റ് അഫ്​ഗാനിലെ അമ്മ

കുഞ്ഞുങ്ങള്‍ വിശപ്പ് കൊണ്ട് നിര്‍ത്താതെ കരയുന്നത് കേട്ടപ്പോഴാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ സമീപിക്കുകയും 7,882.43 രൂപയ്ക്ക് കുഞ്ഞിനെ വാങ്ങാമെന്ന് പറയുകയും ചെയ്‍തത്. എന്നാല്‍, ആദ്യം സ്ത്രീ അത് നിരസിച്ചു. എന്നാല്‍, ദിവസങ്ങളോളം കുഞ്ഞിന്‍റെ കരച്ചിലും വിശപ്പും അടങ്ങാതെ വന്നതോടെ അവനെ ആ ദമ്പതികള്‍ക്ക് നല്‍കുന്നതാണ് അവനും മറ്റ് കുഞ്ഞുങ്ങള്‍ക്കും നല്ലത് എന്ന് തോന്നുകയായിരുന്നു.

poverty afghan mother sold her baby
Author
Afghanistan, First Published Dec 11, 2021, 2:11 PM IST

രാജ്യത്ത് അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യപ്രതിസന്ധിക്കിടയിൽ ഒരു അഫ്ഗാൻ അമ്മയ്ക്ക് തന്റെ നവജാത ഇരട്ടകളിൽ ഒരാളെ വിൽക്കേണ്ടി വന്നിരിക്കുകയാണ്. വടക്കൻ ജാവ്‌ജാൻ പ്രവിശ്യയിൽ നിന്നുള്ള 40 -കാരിയായ സ്ത്രീ, 104 ഡോളറിന് (7,882.43) പകരമായിട്ടാണ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ നൽകിയത്. അത് തന്റെ കുടുംബത്തിന് ആറ് മാസത്തേക്ക് കൂടി കഴിയാൻ ആവശ്യമായ ഭക്ഷണം വാങ്ങാനുതകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. 

poverty afghan mother sold her baby

വരൾച്ച ഈ വർഷമാദ്യം ദമ്പതികളെ അവരുടെ കൃഷിയിടത്തിൽ നിന്നും അടുത്തുള്ള ഒരു നഗരത്തിലേക്ക് മാറാന്‍ നിർബന്ധിതരാക്കി. ഓഗസ്റ്റിൽ താലിബാൻ ഏറ്റെടുക്കുന്നതിനും അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നതിനും മുമ്പ് അവരുടെ ഭർത്താവും രണ്ടാമത്തെ മകനും തൊഴിലെടുത്തിരുന്നു. എന്നാല്‍, പിന്നീടത് ഇല്ലാതെയായി. ഈ ശൈത്യകാലത്ത് അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയെ അഭിമുഖീകരിക്കുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ തകരുകയും അന്താരാഷ്ട്ര സഹായം നിലയ്ക്കുകയും ചെയ്തു. നിരവധി സഹായ ഏജൻസികൾ രാജ്യം വിട്ടുപോയത് പ്രശ്‌നം സങ്കീർണ്ണമാക്കി. 

'സേവ് ദി ചിൽഡ്രൻ' ആണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തെത്തിച്ചത്. സേവ് ദ ചില്‍ഡ്രന്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. സന്നദ്ധസേവകരോട് സംസാരിക്കവെ തനിക്ക് രണ്ട് ഇരട്ടക്കുട്ടികളുണ്ടായി എന്നും അതില്‍ ഒരാള്‍ ആണും ഒരാള്‍ പെണ്ണും ആയിരുന്നു എന്നും അമ്മ പറഞ്ഞു. നാലോ അഞ്ചോ മാസം മുമ്പ് കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെയാണ് അവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഒരു പ്രാദേശിക പള്ളി സമ്മാനിച്ച പരവതാനിയിൽ നഗ്നമായ മുറിയിൽ ഇരുന്നുകൊണ്ട് അവര്‍ തങ്ങളുടെ അവസ്ഥ വിവരിച്ചു. കുട്ടികളുടെ വസ്ത്രങ്ങളെല്ലാം പഴയതാണെന്നും നാട്ടുകാർ നൽകിയതാണെന്നും അവര്‍ പറയുന്നു.

poverty afghan mother sold her baby 

രണ്ട് കുട്ടികളെയും നിലനിർത്താൻ അവൾ ആദ്യം പദ്ധതിയിട്ടിരുന്നു. പക്ഷേ അവരിൽ ഒരാൾക്ക് പോലും വേണ്ടത്ര ഭക്ഷണം - സാധാരണ ബ്രെഡോ, ചിലപ്പോൾ പാൽപ്പൊടിയോ നല്‍കാന്‍ പോലും കഴിഞ്ഞില്ല. അവളുടെ ഭർത്താവ്, 45 വയസുള്ള ഒരു കൂലിപ്പണിക്കാരനാണ്. എന്നാൽ അഞ്ച് ദിവസങ്ങളിൽ ഒരു ദിവസത്തെ ജോലിക്ക് മതിയായ ജോലികൾ മാത്രമേ ഉള്ളൂവെന്ന് പറയുന്നു. ഒരു ദിവസത്തെ വേതനം, ഏകദേശം $1, വെറും രണ്ട് ദിവസത്തെ ഭക്ഷണത്തിന് മാത്രമേ തികയൂ. രണ്ടാമത്തെ മകനും അടുത്തുള്ള മാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്റ്റാൾ ഉടമകൾ അവരുടെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വണ്ടികൾ തള്ളുകയായിരുന്നു ജോലി. എന്നാൽ അവൻ ചെറുപ്പമായതിനാൽ, ഉടമകൾ പലപ്പോഴും ശക്തരായ കുട്ടികളെ പണിക്കു വയ്ക്കാനിഷ്ടപ്പെട്ടു. അതിനാല്‍ അവനും പണിയോ പണമോ ഇല്ല. 

കുഞ്ഞുങ്ങള്‍ വിശപ്പ് കൊണ്ട് നിര്‍ത്താതെ കരയുന്നത് കേട്ടപ്പോഴാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ സമീപിക്കുകയും 7,882.43 രൂപയ്ക്ക് കുഞ്ഞിനെ വാങ്ങാമെന്ന് പറയുകയും ചെയ്‍തത്. എന്നാല്‍, ആദ്യം സ്ത്രീ അത് നിരസിച്ചു. എന്നാല്‍, ദിവസങ്ങളോളം കുഞ്ഞിന്‍റെ കരച്ചിലും വിശപ്പും അടങ്ങാതെ വന്നതോടെ അവനെ ആ ദമ്പതികള്‍ക്ക് നല്‍കുന്നതാണ് അവനും മറ്റ് കുഞ്ഞുങ്ങള്‍ക്കും നല്ലത് എന്ന് തോന്നുകയായിരുന്നു. 'നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കഠിനവും വേദനാജനകവുമാണ് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നത്. ഞങ്ങളുടെ കയ്യിലൊന്നുമില്ലായിരുന്നു. ഈ ദാരിദ്ര്യമാണ് ഇങ്ങനെയൊരു തീരുമാനം ഞങ്ങളെ കൊണ്ട് എടുപ്പിച്ചത്. അവനെ നോക്കാനോ എന്തെങ്കിലും വാങ്ങിനല്‍കാനോ ഞങ്ങള്‍ക്കായില്ല' എന്നും അവര്‍ പറയുന്നു. ആ പണം അവര്‍ അങ്ങനെ തന്നെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. അയാള്‍ കുറച്ച് അരിയും മറ്റും വാങ്ങി. അതും ഇപ്പോള്‍ തീര്‍ന്നിരിക്കുകയാണ്. 'തങ്ങള്‍ക്ക് സഹായം വേണം. കൊടുംപട്ടിണിയാണ് ദാരിദ്ര്യമാണ്' എന്ന് അവളുടെ ഭര്‍ത്താവും പറയുന്നു. 

'അഫ്ഗാനിസ്ഥാനിൽ തൊഴിൽ അവസരങ്ങളില്ല. ഞങ്ങൾക്ക് കുട്ടികളുണ്ട്. ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് മാവും എണ്ണയും ആണ്. വിറക് ഉള്ളതും നല്ലതാണ്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇറച്ചി വാങ്ങാൻ എനിക്ക് കഴിഞ്ഞില്ല. ബ്രെഡ് മാത്രമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. അതും എല്ലായ്പ്പോഴും നല്‍കാനാവുന്നില്ല' എന്നും അദ്ദേഹം പറയുന്നു. 

poverty afghan mother sold her baby

സേവ് ദി ചിൽഡ്രൻ കുടുംബത്തിന് അവരുടെ വീടിനുള്ള അടിയന്തര പാക്കേജുകൾ നൽകി. അടുക്കളയിലേക്കുള്ള സാധനങ്ങൾ, പുതപ്പുകൾ, ശീതകാല വസ്ത്രങ്ങൾ, ഷൂസ്, ടൂൾ കിറ്റുകൾ, ഗ്യാസ് പാചകം ചെയ്യുന്ന അടുപ്പ് തുടങ്ങിയ അവശ്യ വസ്തുക്കളും നൽകി. പോഷകാഹാരക്കുറവും ദാരിദ്ര്യവും അഫ്ഗാനിസ്ഥിലെ ജനങ്ങളെ വലയ്ക്കുകയാണ്. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെയൂട്ടാനുള്ള മുലപ്പാല്‍ പോലും ഇല്ലാത്ത അവസ്ഥയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ജീവൻ രക്ഷിക്കാനുതകുന്ന മാനുഷിക സഹായം വേഗത്തിലും തടസ്സമില്ലാതെയും വിതരണം ചെയ്യാൻ അനുവദിക്കുന്നതിന്, നിലവിലുള്ള ഭീകരവിരുദ്ധ നയങ്ങളിലും ഉപരോധ നയങ്ങളിലും അടിയന്തര ഇളവുകൾ നൽകണമെന്ന് സേവ് ദി ചിൽഡ്രൻ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

(ചിത്രങ്ങളില്‍ അഫ്ഗാനിലെ ജനജീവിതം)

Follow Us:
Download App:
  • android
  • ios