Asianet News MalayalamAsianet News Malayalam

നല്ല ഭക്ഷണം കഴിക്കാൻ പാങ്ങില്ലാത്തവരാണ് ഇന്നും ഇന്ത്യയിലെ ഭൂരിഭാ​ഗം പേരും...

സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോൾ ഇന്ത്യ പല കാര്യങ്ങളിലും നേട്ടം കൈവരിച്ചു എന്ന് പറയുമ്പോഴും അടിസ്ഥാനപ്രശ്നമായ ദാരിദ്ര്യം വലിയ തോതിൽ നിലനിൽക്കുന്നു എന്നത് ഗൗരവതരമാണ്.

poverty and malnutrition in india s biju writes
Author
Thiruvananthapuram, First Published Jun 12, 2022, 2:42 PM IST

പഠിക്കുന്ന കാലത്ത് ശനിയാഴ്ച ഒഴിച്ചിട്ടിരുന്നത് വരിനിൽക്കാനാണ്. അതിരാവിലെ അമ്മ ഉണർത്തി കട്ടൻകാപ്പിയും തന്നിട്ട് റേഷൻ കാർഡും കൈയിൽ വച്ച് തരും. പിന്നെ താഴെ ആണ്ടിയിറക്കത്തേക്ക് ഒറ്റയോട്ടമാണ്. ആദ്യസംഘത്തിൽ തന്നെ ഇടംപിടിക്കാമെന്ന പ്രതീക്ഷയിൽ അവിടെ എത്തുമ്പോൾ നമ്മുടെ സ്ഥാനം കുറഞ്ഞത് 100 പേർക്കെങ്കിലും പിന്നിലായിരിക്കും. വരിയിലെ ചിലയിടത്ത് കല്ലും കട്ടയുമൊക്കെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഞങ്ങൾ കുട്ടികൾക്ക്, ഇത്തരം പകരം വയ്ക്കൽ അനുവദനീയമല്ല. നാലോ അഞ്ചോ മണിക്കൂർ നിന്നിട്ട് മൂത്രം ഒഴിക്കാനോ മറ്റോ ഒന്നു മാറിയാൽ അത്രയും നേരം വരിയിൽ നിന്നത് വ്യർത്ഥമാകും. ഒമ്പതിനും പത്തിനുമിടയിൽ മാവേലിസ്റ്റോറിലെ ഹെൽപ്പ‌ർ എത്തിയാൽ പൂരപ്പറമ്പിലെ അവസ്ഥയാണ്. 

ചട്ടമ്പികൾ, നമ്മളെ പോലുള്ള അൽപ്പപ്രാണികളെയൊക്കെ ചവിട്ടിമെതിച്ച് വരിയുടെ മുമ്പിലെത്തി കൂപ്പൺ കരസ്ഥമാക്കും. നമ്മൾ ഉന്തിത്തള്ളി അവിടെയെത്തുമ്പോൾ  ഭാഗ്യമുണ്ടെങ്കിൽ കുപ്പൺ കിട്ടിയാലായി. പിന്നെ വീട്ടിലേക്ക് തിരികെ ഒറ്റയോട്ടമാണ്. എങ്ങനെയെങ്കിലും കാപ്പി കുടിച്ചെന്ന് വരുത്തി വീണ്ടും ആണ്ടിയിറക്കത്തേക്ക് മടക്കം. അപ്പോഴത്തേക്കും പുതിയ ക്യൂ പാമ്പിനെ പോലെ വളഞ്ഞു കിടപ്പുണ്ടാകും. വെയിലും മഴയും കൊണ്ടുള്ള ആ നിൽപ്പ് വൈകിട്ടോളം നീളും. ഒടുവിൽ നാല് മണിയടുപ്പിച്ച് ഒരു ഹോർലിക്സ് കുപ്പിയിൽ മുക്കാൽഭാഗം പാമോയിൽ കിട്ടും, അതും ചില്ലറമാറ്റി കൃത്യമായ വില നൽകിയാൽ മാത്രം. എന്നിട്ട് വീട്ടിലെത്തി ആ ഭക്ഷ്യനിധി കൈമാറി ഊണും കഴിച്ച് മേക്കോണത്തേക്ക് ക്രിക്കറ്റ് കളിക്കാൻ ഓട്ടമാണ്. അപ്പോഴത്തേക്കും മിക്കവാറും സൂര്യൻ കടലിൽ ചാടാനുള്ള വെമ്പലിലായിരിക്കും. 

40 വർഷം മുമ്പ് ഒരു ശരാശരി മലയാളി ബാലന്റെ അവസ്ഥ ഇതിലും പരിതാപകരമായിരിക്കും. അച്ഛൻ സ‍ർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ വീട്ടിൽ ദാരിദ്ര്യമില്ല. പക്ഷേ, അച്ഛന്റെ കുടുംബത്തിലുണ്ട്. അവർക്കും പങ്കുവച്ച ശേഷമുള്ള പണത്തിലാണ് ഞങ്ങളുടെ ജീവിതം. എന്നാൽ, വിശപ്പ് മാറ്റാനുള്ള ഭക്ഷണം എനിക്ക് മുറതെറ്റാതെ കിട്ടുമായിരുന്നു. പക്ഷേ, റേഷൻ എണ്ണക്കായി ഒപ്പം വരി നിന്നിരുന്ന കുട്ടികളിൽ പലരുടെയും അവസ്ഥ അങ്ങനെയല്ല. പലർക്കും ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ പാങ്ങുണ്ടായിരുന്നില്ല. അന്നത്തെ കേരളത്തിന്റെ അവസ്ഥയുടെ നേർചിത്രമാണത്. ആവശ്യത്തിന് ഭക്ഷ്യോത്പാദനം കൂടി ഇല്ലാതിരുന്നത് കാര്യങ്ങളെ കൂടൂതൽ ഗുരുതരമാക്കി.   

അക്കാലത്ത് ഭക്ഷ്യയെണ്ണ എന്ന് പറഞ്ഞാൽ മലയാളികൾക്ക് പ്രധാനമായും വെളിച്ചെണ്ണയാണ്. കടലയെണ്ണയും നല്ലെണ്ണ അഥവാ എള്ളെണ്ണയും അത്യാവശം ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണയ്ക്ക് പെട്ടെന്ന് വിലകൂടി. അങ്ങനെയാണ് പനയെണ്ണ അഥവാ പാമോയിൽ രംഗത്ത് വരുന്നത്. മലേഷ്യയിലെ നല്ല ഒന്നാന്തരം മഴക്കാടുകൾ അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ വ്യാപകമായി മുറിച്ചുമാറ്റി. വൻ വൃക്ഷങ്ങൾ കപ്പൽ കയറി മലേഷ്യൻ വയലറ്റായും മറ്റും നമ്മുടെ നാട്ടിലുമെത്തി. വെട്ടി വെളുപ്പിച്ച വനഭൂമിയിൽ പാകി വളർത്തിയ എണ്ണപ്പന ഉത്പന്നങ്ങൾക്ക് വിപണി കാത്തിരുന്നു അവിടത്തുകാർ. 

Every body loves a good drought എന്നത് പ്രശസ്ത ഗ്രാമീണ പത്രപ്രവർത്തകൻ പി. സായിനാഥിന്റെ ശ്രദ്ധേയമായ പുസ്തകമാണ്. പട്ടിണിയിലും ദാരിദ്ര്യത്തിലും പൊറുതിമുട്ടുന്ന ഇന്ത്യൻ ഗ്രാമീണ അവസ്ഥ എങ്ങനെയാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ ഭൂപ്രഭുത്വം അഴിമതിക്ക് അവസരമാക്കുമെന്നതിന്റെ ഉദാഹരണം സായ്നാഥ് നല്ലപോലെ വരച്ചു കാട്ടിയിട്ടുണ്ട്. എല്ലാവരും നല്ല ഒരു വരൾച്ചയെ ഇഷ്ടപ്പെടുന്നു എന്ന് പറയും പോലെ ഭക്ഷ്യപ്രതിസന്ധിയെ അവസരമായി കണ്ടു. കേരളത്തിലെയും രാഷ്ട്രീയനേതൃത്വം. അങ്ങനെ പിറവി കൊണ്ടതാണ് കേരളത്തിലെ കുപ്രസിദ്ധമായ പാമോയിൽ കേസ്. 

poverty and malnutrition in india s biju writes

1991 ഒക്ടോബറിൽ ന്യൂദില്ലിയിൽ വച്ച് സിംഗപ്പൂ‍ർ ആസ്ഥാനമായ പവർ ആൻഡ് എനർജി ലിമിറ്റഡ് ഡയം ശിവരാമകൃഷ്ണൻ കേരള മുഖ്യമന്ത്രി കെ. കരുണാകരനെയും ചീഫ് സെക്രട്ടറി എസ്. പദ്മകുമാറിനെയും കാണുന്നു. ആ അനൗപചാരിക കൂടിക്കാഴ്ചയിൽ കേരളത്തിലെ രൂക്ഷമായ ഭക്ഷ്യ എണ്ണക്ഷാമം പരിഹരിക്കാനായി 15,000 ടൺ പാമോയിൽ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ധാരണയാകുന്നു. അങ്ങനെയാണ് കേരളത്തിലേക്ക് സുഗമമായി പാമോയിൽ ഒഴുകി തുടങ്ങുന്നത്. എന്നാൽ, കാലം പിന്നിടുമ്പോൾ ഇടപാടിലെ ക്രമക്കേടുകൾ പുറത്തുവരുന്നു. അന്തർദേശീയ വിപണിയിൽ ടണ്ണൊന്നിന് 392.25 അമേരിക്കൻ ഡോള‍ർ വിലയുണ്ടായിരുന്ന പാമോയിലാണ് 405 ഡോളർ നിരക്കിൽ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്. 

1990-91 കാലത്ത് പാമോയിൽ ഇടപാടിലെ അഴിമതി കഥകൾ കത്തിപ്പട‍ർന്നു. 93 -ൽ  അക്കൗണ്ടന്റ് ജനറലും 94 -ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്നു. മത്സരദർഘാസടക്കം, ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്തെന്ന് 1996 -ൽ കേരള നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ്ങ് കമ്മിറ്റിയും കണ്ടത്തി. അങ്ങനെയാണ് 1997 -ൽ ഈ വിഷയം വിജിലൻസ് കേസാകുന്നത്. കെ. കരുണാകരനും മറ്റ് ആറുപേരും കുറ്റക്കാരാണെന്ന് വിജിലൻസ് കണ്ടെത്തി. 

സുപ്രീം കോടതി വരെ ആ കേസ് വർഷങ്ങളോളം നീണ്ടത് മിച്ചം. 2010 -ൽ കെ. കരുണാകരൻ മരിക്കും വരെ തീർപ്പാകാതെ പോയ കേസിൽ തിരിച്ചടിയുണ്ടായത് പാമോയിൽ ഇടപാടിൽ ഒപ്പിട്ട അന്നത്തെ ഭക്ഷ്യ സെക്രട്ടറിയായിരുന്ന പി. ജെ തോമസിനു മാത്രം. സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന പേരെടുത്തതിനാലാണ് അദ്ദേഹത്തെ കേന്ദ്ര സ‍ർക്കാർ ചീഫ് വിജിലൻസ് കമ്മീഷണറാക്കിയത്. പാമോയിൽ അഴിമതി കേസ് നിലനിൽക്കുന്നതിനാൽ ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷണത്തെ തുടർന്ന് 2011 ഫെബ്രുവരിയിൽ തോമസ് രാജിവച്ചു. 

പാമോയിൽ ഇടപാടു നടന്ന സമയത്ത് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഈ കേസിൽ കഥയില്ലെന്നും അന്ന് പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കാൻ നടത്തിയ ഇടപെടലിൽ തെറ്റില്ലെന്നും കഴിഞ്ഞ ദിവസവും തിരുവന്തപുരത്ത് ഒരു ചടങ്ങിൽ പറഞ്ഞ് അതിനെ ന്യായീകരിച്ചു. ഒരു പ്രതിസന്ധി എങ്ങനെ രാഷ്ട്രീകാർക്കും, ഉദ്യോഗസ്ഥർക്കും അവസരമാകുന്നു എന്നതിന്റെ ഉദാഹരണമാണ് പാമോയിൽ ഇടപാട്.  

എന്തായാലും പാമോയിൽ ഇറക്കുമതി അഴിമതി മൂലം പൊതുഖജനാവിന് 2.32 കോടിയുടെ നഷ്ടമുണ്ടായതായാണ് കേസ്. എന്നാൽ, ഇത് കേരളത്തിന്റെ മുഖ്യവിളയായ തേങ്ങയുടെ  കനത്ത വിലയിടിവിലേക്കും നയിച്ചു. പലരും തെങ്ങുകൃഷി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കും എത്തിച്ചു. വെളിച്ചെണ്ണ വിലയിടിവ് തുട‍രുന്നതിന് കാരണം പാമോയിൽ ഇറക്കുമതിയാണെന്ന് കാട്ടി കേരളം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ്, 2007 -ൽ , കേന്ദ്രം കേരള തുറമുഖങ്ങൾ വഴിയുള്ള പാമോയിൽ ഇറക്കുമതി നിരോധിച്ചത്. 

എന്നാൽ, പാമോയിലിന്റെ രുചിയും ലാഭവും പിടിച്ചു കഴിഞ്ഞ കേരളത്തിലേക്ക് തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും തുറമുഖങ്ങൾ വഴി അത് യഥേഷ്ടം  ഒഴുകിയെത്തി എന്നത് മറ്റൊരു കാര്യം. റഷ്യ ഉക്രൈനിലേക്ക് നടത്തിയ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും നാം ഭക്ഷ്യ എണ്ണയുടെ ക്ഷാമം നേരിടുകയാണ്. അത് മറയാക്കി കേരള തുറമുഖങ്ങളിൽ  വീണ്ടും പാമോയിൽ ഇറക്കുമതിക്കായുള്ള അനുമതി നൽകണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. 

വർഷങ്ങൾ പുറകിലോട്ടു പോയാൽ അന്നത്തെ കേരളത്തിന്റ ദാരിദ്ര്യവും നിവൃത്തികേടും വെളിവാകും. ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ള കഥകളിൽ തന്നെ അത് വ്യക്തമാണ്. 50 വർഷം മുമ്പുള്ള കഥ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയുമായി കഴിയുന്ന തന്റെ സഹോദരിമാരിലൊരാൾക്ക് ആഴ്ച തോറും അഞ്ച് രൂപ അച്ഛൻ കൊടുക്കും. അവരതിന് മരച്ചീനി വാങ്ങി പുഴുങ്ങി പൊടിക്കും അതിലെ നല്ല വശം മാവായി വിറ്റാണ് വീട്ടിലെ ചെലവിനും കുട്ടികളുടെ പഠിപ്പിനുമൊക്കെ പണം കണ്ടെത്തുന്നത്. 

പോഷകമൂല്യമെല്ലാം നഷ്ടപ്പെട്ട് മിച്ചം വരുന്ന മരച്ചീനി കട്ടാണ് പുട്ടാക്കി എല്ലാവരും കഴിച്ച് വിശപ്പകറ്റുന്നത്. പശിയ‍ടങ്ങിയേക്കുമെങ്കിലും അത് ശാരീരിക, ബുദ്ധിവളർച്ചയെ സഹായിക്കാൻ പര്യാപ്തമായിരുന്നില്ല. ആ മക്കളിലാരും പത്താം തരം കടന്നില്ല. കാലം കടന്നുപോയി. അവർ കഷ്ടപ്പെട്ടു അവരുടെ മക്കളെ നന്നായി വളർത്തി. അവരിൽ പലരും എൻജിനീയറും ഡോക്ടറുമാരുമൊക്കെയായി. അവരുടെ കുട്ടിക്കാലവും  സമ്പന്നമൊന്നുമല്ലായിരുന്നു. എന്നാൽ, തങ്ങളുടെ അച്ഛനമ്മമാർ അനുഭവിച്ച പട്ടിണിയും വിദ്യാഭ്യാസനിഷേധവും അനുഭവിക്കേണ്ടി വരാത്തതിനാലാണ് അവർക്ക് മെച്ചപ്പെട്ട തൊഴിലിലേക്കും അതുവഴി നല്ല ജീവിതസാഹചര്യത്തിലേക്കും കടക്കാനായത്.

19 -ാം നൂറ്റാണ്ടിലെ വലിയ പട്ടിണിയിൽ നിന്ന് കരകയറ്റാനാണ് വിശാഖം തിരുനാൾ മഹാരാജാവ് ബ്രസീലിലെ മരച്ചീനിയെ തിരുവിതാംകൂറിലേക്ക് കൊണ്ടുവന്നത്. കവടിയാർ കൊട്ടാരത്തിനടുത്ത് അദ്ദേഹം മരിച്ചീനി പ്രചരിപ്പിക്കാൻ ഒരുക്കിയ വിളയാണ് പിന്നീട്  സമ്പന്നരുടെ കോളനിയായി മാറിയ ജവഹർ നഗർ. 

ജനതയുടെ ഭൂരിപക്ഷവും പട്ടിണിയിലും ദാരിദ്ര്യത്തിലും വലയുന്ന അവസ്ഥ കാലങ്ങളായി ഇന്ത്യയിൽ തുടരുന്നു. അടുത്തിടെ കണ്ടുമുട്ടിയ സാമ്പത്തികഭദ്രതയുള്ള 87 വയസ്സുള്ള ഒരു വയോധികൻ തന്റെ ഭൂതകാലം ഇങ്ങനെയാണ് അനുസ്മരിച്ചത്. അന്നദ്ദേഹത്തിന് 10-12 വയസ് വരും. അതായത് 75 വർഷം മുമ്പ്, തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് താമസം. അന്നത്തെ വരേണ്യവർ​ഗത്തിന്റെ പ്രതിനിധി. രണ്ടാം ലോകമഹായുദ്ധത്തിൽ ബർമ്മ വീണതോടെ പെട്ടെന്ന് നാട്ടിൽ ഭക്ഷ്യക്ഷാമം വന്നു. അരിയാഹാരം മാത്രം കഴിച്ച് ശീലിച്ചവർക്ക് അത് കിട്ടാതായി. അരിക്കു പകരം ഗോതമ്പും, ചോളവും, ബജ്റയും വരുന്നത് അങ്ങനെയാണ്. പക്ഷേ, നാട്ടുകാർക്ക് ഇതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. 

പദ്മനാഭൻ അയ്യരുടെ അമ്മയും സഹോദരിമാരുമൊക്കെ പുലർച്ചെ മൂന്ന് മണിക്കേ ഉണരാൻ തുടങ്ങി. അപ്പാൾ മുതൽ പരിചിതമല്ലാത്ത ആ ധാന്യങ്ങളുമായി അരക്കല്ലിൽ  അഭ്യാസം തുടങ്ങും. നേരം വെളുത്താലും പലപ്പോഴും അവരത് അരച്ചു തീർത്തിട്ടുണ്ടാകില്ല. സഹോദരിമാരുടെ പഠനം മുടങ്ങി. അയ്യരുടെ സഹോദരൻ കുടുംബത്തെ പോറ്റാൻ വേണ്ടി മാത്രം കൂലിപ്പട്ടാളമായി. ബർമ്മ അതിർത്തിയും കടന്ന് ജ്ഞാതരും അജ്ഞാതരുമായ ശത്രുകൾക്ക് നേരെ പോരാടി. അങ്ങനെ സഹോദരൻ ചോരയും വിയർപ്പും ചിന്തി  സമ്പാദിച്ച പണവുമായി ആ ബാലൻ സ്കൂളിലേക്ക് പോയി. ശ്രീമൂല വിലാസം വിദ്യാലയത്തിൽ നിക്കറും ചട്ടയുമിട്ട് എത്തിയ അപൂർവ വിദ്യാ‍ർത്ഥികളിലൊരാൾ. പെൺകുട്ടികളിൽ പോലും പലരും മുഷിഞ്ഞ തോർത്തുടുത്താണ് അന്ന് സ്കൂളിലെത്തിയിരുന്നത്. ഒഴിഞ്ഞ വയറുമായി അവിടെയെത്തുന്ന കുട്ടികൾക്ക് എന്ത് തലയിൽ കയറാൻ. പലരുടെയും പഠിത്തം അവിടെ നിലച്ചു. 

രാജഭരണം കാലം മുതൽ വിദ്യാഭാസത്തിന് കേരളം നല്കിയ പ്രാധാന്യത്തെയും പിന്നോട്ടടിക്കുന്നതായിരുന്നു യുദ്ധം ഉണ്ടാക്കിയ കെടുതികൾ. നമ്മുടെ നാട്ടിലേക്കാൾ ദയനീയമായിരുന്നു അയൽസംസ്ഥാനങ്ങളിൽ. ദാരിദ്ര്യം കാരണം സ്കൂൾ പഠനമുപേക്ഷിച്ചയാളാണ് പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായ കാമരാജ്. കഥയിങ്ങനെയാണ്, ഒരിക്കൽ തിരുനെൽവേലിയിലെ ഒരുൾനാടൻ ഗ്രാമത്തിൽ തീവണ്ടി കടന്നുപോകാൻ ലെവൽക്രോസ്സിൽ കാത്തുനിൽക്കവേ, ആടുമേച്ചു നടന്ന  കുട്ടികളെ കണ്ട് കാമരാജ് എന്തേ സ്കൂളിൽ പോകാത്തതെന്ന് ചോദിച്ചു. സ്കൂളിൽ പോയാൽ ഭക്ഷണം എങ്ങനെ കിട്ടുമെന്നായിരുന്നു മറുചോദ്യം. 

സ്കൂളിൽ പോകുമ്പോൾ മാസം തോറും കിട്ടുമായിരുന്ന ഒരുകിലോ അരിയുടെ മൂല്യമറിയാമായിരുന്ന കാമരാജിനെ ഇത് വല്ലാതെ ഉലച്ചു. അങ്ങനെയാണ് 1955-56 കാലത്ത് തമിഴ്നാട്ടിൽ സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതി തുടങ്ങുന്നത്. 65,000 കുട്ടികൾക്ക് ഭക്ഷണം നൽകാൻ ദിവസവും ഒന്നരയണ വീതം നീക്കിയിരിപ്പ്. നല്ല വസ്ത്രമില്ലാത്തതിനാൽ പെൺകുട്ടികൾ സ്കുളിലെത്താൻ മടിക്കുന്നത് മനസ്സിലാക്കി സൗജന്യ സ്കൂൾ യൂണിഫോമിനുള്ള പദ്ധതിക്കും പിന്നീട് കാമരാജ് തന്നെ മുൻകൈയെടുത്തു. 1920 -ൽ ചെന്നെ പട്ടണത്തിലെ അഞ്ച് സ്കൂളുകളിലെ കൊഴിഞ്ഞു പോക്കിന് പരിഹാരം തേടി അന്നത്തെ നഗരസഭാ പ്രസിഡന്റ് ത്യാഗരായ ചെട്ടി, ഒരണ വീതം ഉച്ചഭക്ഷണത്തിനായി വിലയിരുത്തി. 

പക്ഷേ, പിന്നീട് ബ്രിട്ടീഷുകാർ അതിന് തടയിട്ടു. സത്തുണർവ് പദ്ധതിയിലൂടെ തമിഴ്നാട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ ഉണ്ടാക്കിയ കുതിച്ചുകയറ്റമാണ് പ്രബുദ്ധ കേരളമടക്കം മറ്റ് സംസ്ഥാനങ്ങളെ ആ വഴിക്ക് ചിന്തിപ്പിച്ചത്. എന്നാൽ, നി‍ർഭാഗ്യവശാൽ ഉച്ചക്കഞ്ഞിയിലും കൈയിട്ടുവാരുന്ന അവസ്ഥയാണിന്ന്. നമ്മുടെ സ്കൂളുകളിലും അംഗനവാടികളിലും നൽകുന്ന ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഏൽക്കാനിടയായ കേരളത്തിലെ സമകാലിക സംഭവങ്ങൾ അതിന്റെ ദൃഷ്ടാന്തമാണ്. മുൻകൂട്ടി പ്രഖ്യാപിച്ച് ക്യാമറക്കാരെയെല്ലാം കൂട്ടി ഉച്ചഭക്ഷണ നിലവാരം പരിശോധിക്കാൻ മിന്നൽ സന്ദർശനത്തിനെത്തുന്ന മന്ത്രിമാർക്ക് പോലും കിട്ടുന്നത് മുടിനാരുള്ള ഭക്ഷണമാണ്.  

സ്കൂളുകളിൽ ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും സൗജന്യഭക്ഷണം നൽകുന്നുണ്ട്. കേരളം ഉൾപ്പടെ പലയിടത്തും സർക്കാർ വിദ്യാലയങ്ങളിൽ യുണിഫോമും, പാഠപുസ്തകങ്ങളും ഒക്കെ സൗജന്യമായി നൽകി വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംസ്ഥാനവും കേന്ദ്രവും പല ഘട്ടങ്ങളിലായി സൗജന്യ റേഷൻ നൽകുന്നുണ്ട്. രാജ്യത്തെവിടെ നിന്നും റേഷൻ വാങ്ങുന്നതിനുള്ള പോർട്ടബലിറ്റി സംവിധാനവും ഇപ്പോഴുണ്ട്. എന്നിട്ടും നമ്മുടെ ജനതയുടെ നല്ലൊരു പങ്കും ദാരിദ്ര്യത്തിലും പോഷാകാഹാരക്കുറവിലുമാണ് ജീവിക്കുന്നതെന്ന് ഏറ്റവും പുതിയ കണക്കുകളിലും പറയുന്നു. 

രാജ്യത്തെ 71 ശതമാനം പേരും ആരോഗ്യകരമായ ഭക്ഷണത്തിനു വകയില്ലാത്തവരാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മെച്ചപ്പെട്ട ഭക്ഷണം കഴിക്കാത്തത്  മൂലമുണ്ടാകുന്ന രോഗങ്ങൾ പിടിപ്പെട്ട് പ്രതിവർഷം ഇന്ത്യയിൽ 17 ലക്ഷം പേരാണ് മരിക്കുന്നതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനം പറയുന്നു. ലോകത്ത് ആരോഗ്യകരമായ ഭക്ഷണം താങ്ങാൻ കഴിയാത്തവർ 42 ശതമാനമാണ്. അതിന്റെ ഏതാണ്ട് ഇരട്ടിയോളം ശതമാനം ഇന്ത്യയിൽ ആ അവസ്ഥയിലുണ്ടെന്ന വിവരം ഭീതിജനകമാണ്. അതായത് നമ്മൾ ഇന്ത്യക്കാരിൽ ഏതാണ്ട് നാലിൽ മൂന്ന് പേർക്കും ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ പാങ്ങില്ല. 

20 വയസ്സിനു മുകളിലുള്ളവർ പ്രതിദിനം 200 ഗ്രാം പഴങ്ങളെങ്കിലും കഴിക്കണമെന്നാണ് മാനദണ്ഡം. എന്നാൽ, അതിൽ അഞ്ചിലൊന്ന് പോലും മഹാഭൂരിപക്ഷം ഇന്ത്യാക്കാർക്കും കഴിക്കുന്നില്ല. 300 ഗ്രാം പച്ചക്കറി കഴിക്കേണ്ടിടത്ത് നാം കഴിക്കുന്നത് പകുതിയാണ്. പണമില്ലാത്തത് തന്നെ കാരണം. കൊവിഡിനു പുറമേ റഷ്യയുടെ ഉക്രൈൻ അധിനിവേശവും കൂടിയായതോടെ കടുത്ത വിലകയറ്റമായി. ഇന്ധനവില കൂടിയതോടെ രാജ്യമാകെ ഭക്ഷ്യവസ്തുക്കളുടെ വില മുമ്പെങ്ങുമില്ലാത്ത വിധം കുതിച്ചുകയറി. ഫലമോ വിശപ്പടക്കാൻ പ്രധാനമായും അന്നജ ഭക്ഷ്യവസ്തുക്കൾ മാത്രം കഴിക്കാൻ നിർബന്ധിതമായി, മഹാഭൂരിപക്ഷവും. മോശം ഭക്ഷണം കാരണം ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, അർബുദം, ഹൃദ്‍രോഗം എന്നിവയ്ക്ക് നമ്മുടെ ജനത അടിപ്പെടുകയാണ്. 

സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുമ്പോൾ ഇന്ത്യ പല കാര്യങ്ങളിലും നേട്ടം കൈവരിച്ചു എന്ന് പറയുമ്പോഴും അടിസ്ഥാനപ്രശ്നമായ ദാരിദ്ര്യം വലിയ തോതിൽ നിലനിൽക്കുന്നു എന്നത് ഗൗരവതരമാണ്. ഭരണസംവിധാനങ്ങളിലെ അഴിമതിക്ക് മാറ്റമില്ല. ഭക്ഷണം, ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, പാർപ്പിടം, പൊതു ഗതാഗതം, കൃഷി തുടങ്ങിയ അടിസ്ഥാന മേഖലകളിൽ സർക്കാർ സേവനം അഴിമതി മുക്തമാക്കാൻ സാധിക്കാത്തത് നമ്മുടെ പോരായ്മയായി തുടരുന്നു. അഴിമതി ഒഴിവാക്കുന്നതിനാലാണ് ഇത്തരം സേവനങ്ങൾ ദില്ലിയിൽ സൗജന്യമായി നൽകാനാവുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞത് ശ്രദ്ധേയമാണ്. 

ഗാന്ധിജിയെയും കാമരാജിനെയും പോലെ, ഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന് ജനസപ്ന്ദനം അറിഞ്ഞ് നയരൂപീകരണം നടത്താവുന്ന  നേതാക്കളുടെ പ്രഭാവത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios