വാർത്തകൾ അറിയുന്നതിന് വേണ്ടി ബാറ്ററികൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന റേഡിയോകളെയാണ് ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്.

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഒരിക്കൽ പോലും തന്റെ കടയിൽ പൊടി പിടിച്ചിരിക്കുന്ന റേഡിയോകൾക്ക് നിറയെ ആവശ്യക്കാരുണ്ടാകുമെന്ന് മഹമൂദ് അൽ ദൗദി കരുതിയിരുന്നില്ല. എന്നാൽ, യുദ്ധത്തെ തുടർന്ന് വൈദ്യുതി ഇല്ലാതായതോടെ ​ഗാസയിൽ റേഡിയോ വാങ്ങുന്ന ആളുകളുടെ എണ്ണം കുത്തനെ കൂടുന്നു എന്ന് റിപ്പോർട്ടുകൾ. 

വാർത്തയറിയാനും മറ്റ് വിവരങ്ങളറിയാനും ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത് റേഡിയോകളെയാണ്. ഇസ്രയേൽ വൈദ്യുതിയുടെയും ഇന്ധനങ്ങളുടെയും വിതരണം അവസാനിപ്പിച്ചതോടെ നിരന്തരമുള്ള വൈദ്യുതി വിച്ഛേദം ​ഗാസയിൽ 2.4 മില്ല്യൺ ആളുകളെയാണ് വലച്ചിരിക്കുന്നത്. ഇതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ആളുകളുടെ പ്രധാന മാർ​ഗമായി റേഡിയോ മാറി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ടെലിവിഷൻ ഉപയോ​ഗിക്കാനോ, കംപ്യൂട്ടറുകളോ ഫോണോ ചാർജ്ജ് ചെയ്യാനോ ഇന്റർനെറ്റ് ഉപയോ​ഗിക്കാനോ ഒന്നും ഭൂരിഭാ​ഗം പേർക്കും സാധിക്കുന്നില്ല. വളരെ വളരെ ചുരുക്കം സമ്പന്ന വിഭാ​ഗത്തിനാണ് അത് സാധിക്കുന്നത്. അതിനാൽ തന്നെ ഭൂരിഭാ​ഗത്തിന് പുറത്തെ വിവരങ്ങളറിയാനും മറ്റും വേറെ വഴിയൊന്നും തന്നെ ഇല്ല. അതിനാലാവണം റേഡിയോയ്ക്ക് ആവശ്യക്കാർ കുതിച്ചുയരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വാർത്തകൾ അറിയുന്നതിന് വേണ്ടി ബാറ്ററികൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന റേഡിയോകളെയാണ് ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്. 'ഇവിടെ റേഡിയോ ഫുൾ സ്റ്റോക്ക് ആയിരുന്നു. എന്നാൽ, ആദ്യത്തെ ആഴ്ച തന്നെ മുഴുവനും വിറ്റു പോയി. ഫോണും ഇന്റർനെറ്റും ഇല്ലാതായതോടെ സംഭവിക്കുന്ന കാര്യങ്ങൾ അറിയണമെങ്കിൽ റേഡിയോ ആവശ്യമാണ് എന്ന അവസ്ഥയായി' എന്നും ദൗദി പറയുന്നു. 

ബാറ്ററി അധികനേരം നിൽക്കും എന്നതും റേഡിയോയുടെ പ്ലസ് ആയി ആളുകൾ കാണുന്നു. യുദ്ധത്തിന് മുമ്പ് 550 രൂപയിൽ താഴെയായിരുന്ന റേഡിയോയ്ക്ക് ഇപ്പോൾ 1500 -നടുത്താണ് വില എത്തി നിൽക്കുന്നത്.