25-30 ലക്ഷം രൂപ ഐ.ടി മേഖലയിൽ സമ്പാദിക്കുന്ന സുഹൃത്തുക്കൾക്ക് ഉയർന്ന വാടകയും ഇ.എം.ഐയും കാരണം തങ്ങളെപ്പോലെ പണം സേവ് ചെയ്യാൻ കഴിയുന്നില്ലെന്ന് യുവാവ് ചൂണ്ടിക്കാണിക്കുന്നു.
ഒരു പൊതുമേഖലാ സ്ഥാപനത്തിലെ 27 -കാരനായ ജീവനക്കാരൻ്റെ സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഗവൺമെന്റ്/PSU ജോലികൾ സാമ്പത്തികമായി സ്വകാര്യ മേഖലയേക്കാൾ എത്രയോ മുകളിലാണെന്നാണ് യുവാവ് വാദിക്കുന്നത്. 23 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള തനിക്ക്, വിവിധ ആനുകൂല്യങ്ങളും ഗ്രാമീണ മേഖലകളിലെ പോസ്റ്റിംഗുകളും കാരണം വലിയ തുക സമ്പാദിക്കാൻ കഴിയുന്നുണ്ടെന്ന് യുവാവ് പറയുന്നു.
'എൻ്റെ മാസ ശമ്പളം ഏകദേശം 1.3 ലക്ഷം രൂപയാണ്, എന്നാൽ, ചെലവുകൾ 15,000 രൂപയിൽ കൂടുതലാകാറില്ല. സൗജന്യ താമസ സൗകര്യം, ഇന്ധനം, വൈദ്യുതി, ഓഫീസിലെ സൗജന്യ ഭക്ഷണം എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു' എന്നും യുവാവ് കുറിക്കുന്നു.
ഗ്രാമീണ/ടയർ-3 പ്രദേശങ്ങളിലെ പോസ്റ്റിംഗ് കാരണം പണം ചെലവഴിക്കാൻ മറ്റ് വഴികളില്ലാത്തതും, വീക്കെൻഡുകളിൽ ചെയ്യാനൊന്നുമില്ലാത്തതും സമ്പാദ്യം കൂട്ടാൻ സഹായിക്കുന്നു.
പെർഫോമൻസ് അടിസ്ഥാനത്തിലുള്ള ശമ്പളം (മാസം ശരാശരി 28,000 രൂപ), NPS അക്കൗണ്ടിലേക്ക് 14,000 രൂപ ക്രെഡിറ്റ് ആകുന്നത്, വളരെ കുറഞ്ഞ പലിശ നിരക്കിൽ 10 ലക്ഷം രൂപയുടെ പേഴ്സണൽ ലോൺ, 50 ലക്ഷം രൂപയുടെ ഹോം ലോൺ എന്നിവ ലഭിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.
25-30 ലക്ഷം രൂപ ഐ.ടി മേഖലയിൽ സമ്പാദിക്കുന്ന സുഹൃത്തുക്കൾക്ക് ഉയർന്ന വാടകയും ഇ.എം.ഐയും കാരണം തങ്ങളെപ്പോലെ പണം സേവ് ചെയ്യാൻ കഴിയുന്നില്ലെന്ന് യുവാവ് ചൂണ്ടിക്കാണിക്കുന്നു. പണം ധാരാളമായി സേവ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും, സർക്കാർ ജോലിയിൽ പ്രത്യേകിച്ച് ചലഞ്ചുകളൊന്നും ഇല്ലാത്തത് തന്നെ മടിയനാക്കുന്നുണ്ടെന്നും അതിനാൽ ഒരു ബിസിനസ് സ്കൂളിൽ ചേർന്ന് പഠിക്കാൻ ആലോചിക്കുന്നുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സർക്കാർ ജോലി കൂടുതൽ സുരക്ഷിതമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. പണം സമ്പാദിക്കാം എന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും, മനുഷ്യന് യാത്രകളും നല്ല ബന്ധങ്ങളും സമൂഹവുമായി ഇടപെടലുകളും ആവശ്യമാണെന്നും ചിലർ ചൂണ്ടിക്കാണിച്ചു.
