'പത്തൊമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ ഏറ്റവും സുന്ദരിയായ രാജകുമാരി, 13 പുരുഷന്മാരാണ് ഈ രാജകുമാരി വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്‍തത്' എന്നെല്ലാം ഈ ചിത്രത്തോടൊപ്പം എഴുതി നിങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നിരിക്കാം. ചിലരൊക്കെ അത് ഷെയര്‍ ചെയ്‍തിട്ടുമുണ്ടാകാം. സാമൂഹികമാധ്യമങ്ങളില്‍ പലതവണ മേല്‍പ്പറഞ്ഞ അടിക്കുറിപ്പുകളോടെ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടയ്ക്കിടെ വാട്ട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം അതിങ്ങനെ കറങ്ങിനടക്കും. എന്നാല്‍, ഇതൊക്കെ കണ്ണുംപൂട്ടി ഷെയര്‍ ചെയ്യുന്നവര്‍ ഇവരെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങളന്വേഷിച്ചിരുന്നോ? 

ആരായിരുന്നു ഇവര്‍? 

ശരിക്കും ഇങ്ങനെയൊരു രാജകുമാരി ജീവിച്ചിരുന്നു. പേര് ഫാത്തിമേഹ് ഖാനും എസ്‍മത് അൽ ദൗലേഹ്. പേര്‍ഷ്യയില്‍ ഖജര്‍ രാജവംശത്തിലെ നാസര്‍ അല്‍ ദിന്‍ ഷായുടെ മകളായിരുന്നു എസ്‍മത്. തീര്‍ന്നില്ല, എസ്‍മത്തിന്‍റെ മാത്രമല്ല, അര്‍ദ്ധ സഹോദരി സാറ ഖാനൂമിന്‍റെയും ചിത്രങ്ങള്‍ ഇങ്ങനെ പ്രചരിക്കുന്നുണ്ട്. ഒരേ ചിത്രത്തില്‍ തന്നെയുള്ളത് രണ്ടുപേരാണ്.

 

മീശയുള്ള ഈ സ്ത്രീകളുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റ് ലോകത്തിന് പരിചിതമായിരിക്കും. എന്നാല്‍, അടിക്കുറിപ്പ് സത്യമല്ലെങ്കിലും അന്ന് പേര്‍ഷ്യയില്‍ സ്ത്രീകള്‍ മീശ ധരിക്കുന്നത് ഫാഷനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ''പല പേര്‍ഷ്യന്‍ ഭാഷാ സോഴ്‍സുകളില്‍നിന്നും ചിത്രങ്ങളില്‍നിന്നും അന്നത്തെ ഖജര്‍ സ്ത്രീകള്‍ മീശ, പ്രത്യേകിച്ചും പൊടിമീശ സൗന്ദര്യത്തിന്‍റെ ലക്ഷണമായിക്കണ്ടിരുന്നു. അത് അന്നത്തെ സ്ത്രീകള്‍ക്കിടയില്‍ ഫാഷനായിരുന്നു.'' എന്ന് ഡോ. അഫ്‍സാന നജ്‍മാബദി പറയുന്നുണ്ട്. 

 

ഏതായാലും ഈ രണ്ട് രാജകുമാരിമാരെ കുറിച്ചും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണ് എന്നതില്‍ സംശയമില്ല. ഇരുവരുടെയും പിതാവ് നാസര്‍ അല്‍ദിന്‍ ഷാ ഖജര്‍ 1848 മുതല്‍ 1896 -ല്‍ കൊല്ലപ്പെടുംവരെ പേര്‍ഷ്യ ഭരിച്ചിരുന്നു. അവിടെ സ്ത്രീകളാരും ഭരണാധികാരികളായിരുന്നിട്ടില്ല. ഷായ്ക്ക് സാഹിത്യത്തിലും ഫോട്ടോഗ്രഫിയിലും താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് മക്കളുടെ ചിത്രങ്ങളെടുക്കുന്നതും. 

'13 പേര്‍ ഇവര്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‍തു'വെന്ന് പറയുന്നതിന് പിന്നലെന്തെങ്കിലും സത്യമുണ്ടോ എന്നതാണ് അടുത്ത ചോദ്യം. ഒരിക്കലുമില്ല എന്നത് തന്നെയാണ് സത്യം. ചരിത്രകാരിയായ വിക്ടോറിയ മാര്‍ട്ടിനെസ് പറയുന്നതിങ്ങനെയാണ്, ''എസ്‍മത്തിന്‍റെ വിവാഹം വളരെ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. 12 വയസ്സ് ആകുമ്പോഴേക്കും അവര്‍ വിവാഹിതയായിരുന്നു. അന്നത്തെ രീതിയനുസരിച്ചാണെങ്കില്‍ അതൊരു അറേഞ്ച്ഡ് വിവാഹം തന്നെയായിരിക്കണം. അവര്‍ക്കാണെങ്കില്‍ വീട്ടിലുള്ള പുരുഷന്മാരെയല്ലാതെ വേറെ പുരുഷന്മാരെ കാണാനുള്ള അവസരം പോലും ലഭിച്ചിട്ടുണ്ടാവില്ല.'' എന്നാണ്. 

മറ്റൊരു ചിത്രം എസ്‍മത്തിന്‍റെ അര്‍ദ്ധസഹോദരിയായ സാറ ഖാനുമിന്‍റെയാണ്. രണ്ടുപേരും ഏകദേശം ഒരുപോലെയിരിക്കുന്നതിനാലാകാം ഒരാളാണെന്ന ധാരണയില്‍ ചിത്രം പ്രചരിക്കുന്നത്. 'പുരോഗമന ഇറാനിയന്‍ വനിത' എന്ന വിശേഷണത്തിന് പോലും അര്‍ഹയാണ് സാറ. കാരണം, അങ്ങനെയായിരുന്നു ആ കാലത്തും അവരുടെ പ്രവര്‍ത്തനങ്ങള്‍. ആമിര്‍ ഹുസ്സൈന്‍ ഖാനെയാണ് അവര്‍ വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളും രണ്‍ പെണ്‍മക്കളുമായിരുന്നു അവര്‍ക്ക്. പക്ഷേ, പിന്നീട് വിവാഹമോചനം നേടി സാറ. അങ്ങേയറ്റം യാഥാസ്ഥിതികമായ പേര്‍ഷ്യന്‍ സമൂഹത്തില്‍ അതൊരു അസ്വാഭാവിക സംഭവം തന്നെയായിരുന്നു. 

 

എഴുത്തുകാരിയും ബുദ്ധിജീവിയും ചിത്രകാരിയുമായിരുന്നു സാറ. ഓരോ ആഴ്‍ചയും സ്വന്തം വീട്ടില്‍ത്തന്നെ അവരൊരു സാഹിത്യചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഒരു ഫെമിനിസ്റ്റെന്ന നിലയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളൊരു സൊസൈറ്റിയും അവരുണ്ടാക്കിയിരുന്നു. അത് പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നില്ല. മറഞ്ഞിരുന്നായിരുന്നു അതിന്‍റെ പ്രവര്‍ത്തനങ്ങള്‍. 1910 മുതലാണത് പ്രവര്‍ത്തിച്ചിരുന്നത്. നിര്‍ബന്ധമായും ഹിജാബ് ധരിക്കേണ്ടിവരുന്നതിനെയും എതിര്‍ത്തിരുന്നയാളായിരുന്നു സാറ ഖാനും. ഒരുപാട് പുസ്‍തകങ്ങളും അവരെഴുതിയിട്ടുണ്ട്. 

ജീവിച്ചിരിക്കുന്ന കാലത്തൊന്നും എസ്‍മത്തോ സാറയോ തങ്ങളുടെ വേഷം കൊണ്ടോ രൂപം കൊണ്ടോ വിലയിരുത്തപ്പെടാനാഗ്രഹിച്ചിരുന്നില്ല. അത്രയും കരുത്തുറ്റ സ്ത്രീകളായിരുന്നു ഇരുവരും. വ്യക്തിത്വം കൊണ്ട് അറിയപ്പെട്ടിരുന്നവര്‍. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ സാമൂഹികമാധ്യമങ്ങളിലൂടെ എന്തതിക്രമമാണ് നാമവരോട് കാണിക്കുന്നത്. മരണശേഷവും പിന്തുടരുന്ന ഒന്നാണ് ബോഡി ഷെയിമിംഗ് എന്നതുകൂടി ഇതില്‍നിന്നും വ്യക്തമാണ്.