മര്‍ലിന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തൊണ്ണൂറ്റിയാറ് മെഴുകുതിരികള്‍ ഊതിക്കെടുത്തിയേനേ. ജോണ്‍ എഫ് കെന്നഡിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട്, 'ഹാപ്പി ബര്‍ത്ത്‌ഡേ മിസ്റ്റര്‍ പ്രസിഡന്റ്' എന്ന്  പാടിയതിന്റെ ഓര്‍മയ്ക്ക് മറ്റൊരു ഈണം മൂളിയേനെ- പി ആര്‍ വന്ദന എഴുതുന്നു

വാണിജ്യവിജയങ്ങളും സംഭവബഹുലമായിരുന്ന വ്യക്തിജീവിതവും മര്‍ലിന് വേണ്ടത്ര സന്തോഷം നല്‍കിയിരുന്നില്ല. മാനസികമായും ശാരീരികമായും അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സിനിമയിലെ മത്സരവും ചാര്‍ത്തിക്കിട്ടിയ 'മാദകത്തിടമ്പ്' എന്ന മേല്‍വിലാസം കൊണ്ടുനടക്കാനുള്ള പ്രയാസവും അഭിനയമികവും പാടാനുള്ള കഴിവും തെളിയിക്കാന്‍ പറ്റിയ അവസരങ്ങള്‍ വേണ്ടത്ര കിട്ടാത്തതും ജീവിതത്തില്‍ ഒറ്റക്കായി പോകുന്ന അവസ്ഥ മാറാത്തതും എല്ലാം അവരെ വിഷമിപ്പിച്ചിട്ടുണ്ടാകും.

Scroll to load tweet…


കാറ്റത്ത് ഉയര്‍ന്നു പൊന്തുന്ന ഉടുപ്പിന്റെ അറ്റങ്ങള്‍ ചേര്‍ത്ത് പിടിക്കാന്‍ പണിപ്പെടുന്ന സുന്ദരി. 'സെവന്‍ ഇയര്‍ ഇച്ച്' എന്ന ചിത്രത്തില്‍ നിന്നാണ് ഷിക്കാഗോ നഗരത്തിലെ ശില്‍പത്തിലേക്കുള്ള മര്‍ലിന്‍ മണ്‍റോയുടെ പരകായപ്രവേശം. മര്‍ലിന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തൊണ്ണൂറ്റിയാറ് മെഴുകുതിരികള്‍ ഊതിക്കെടുത്തിയേനേ. ജോണ്‍ എഫ് കെന്നഡിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട്, 'ഹാപ്പി ബര്‍ത്ത്‌ഡേ മിസ്റ്റര്‍ പ്രസിഡന്റ്' എന്ന് പാടിയതിന്റെ ഓര്‍മയ്ക്ക് മറ്റൊരു ഈണം മൂളിയേനെ.

ഉറക്കഗുളികകളുടെ ആലസ്യത്തിലേറി മുപ്പത്തിയാറു വര്‍ഷം മാത്രം നീണ്ട ഭൂമിജീവിതം അവസാനിപ്പിച്ച മര്‍ലിന്‍ മണ്‍റോ ഇപ്പോഴും എന്നും എക്കാലത്തും താരസുന്ദരിമാരുടെ കൂട്ടത്തില്‍ കിരീടം വെക്കാത്ത ചക്രവര്‍ത്തിനിയായിരുന്നു.

അഭിനയിച്ച മുപ്പത് ചിത്രങ്ങളുള്ളതിനേക്കാള്‍ വ്യത്യസ്തവും വിഭിന്നവുമായ കഥാസന്ദര്‍ഭങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും മര്‍ലിന്റെ 36 വര്‍ഷത്തെ ജീവിതത്തിലുണ്ടായിരുന്നു. ലോസ് ആഞ്ചല്‍സിലെ നിര്‍ധനകുടുംബത്തില്‍ 1926 ജൂണ്‍ ഒന്നിന് ജനനം. അമ്മ ഗ്ലാഡിസ് അവിവാഹിതയായിരുന്നു. നോര്‍മ ജീന്‍ എന്ന പേരിനൊപ്പം ചേര്‍ത്ത മോര്‍ട്ടന്‍സണ്‍ യഥാര്‍ത്ഥത്തില്‍ അച്ഛന്‍ തന്നെയാണോ എന്ന കാര്യത്തില്‍ സംശയം. മാമോദീസാവേളയില്‍ നോര്‍മ ജീന്‍ബേക്കര്‍ എന്ന് പേരുമാറ്റി. പേരിനൊപ്പം രണ്ട് അച്ഛന്‍മാര്‍ വന്നുപോയെങ്കിലും ജീവിതത്തില്‍ തുണയായി നോര്‍മക്ക് അച്ഛനുണ്ടായിരുന്നില്ല. അമ്മക്ക് നോക്കാന്‍ നേരവും സൗകര്യവുമില്ല. 

ബാല്യകാലത്തെ വര്‍ഷങ്ങള്‍ കുഞ്ഞുനോര്‍മ ചെലവഴിച്ചത് അനാഥാലയത്തില്‍. അതിനുശേഷം ഗ്രേസ് എന്ന സ്ത്രീയുടെ വീട്ടിലായിരുന്നു കുറച്ചുകാലം. ഗ്രേസ് സ്ഥലം മാറിപ്പോയപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മുന്നില്‍. അനാഥാലയത്തിലേക്ക് പോകാന്‍ മടിച്ച പതിനാറുകാരി കല്യാണം കഴിച്ച് ആ ചോദ്യത്തിനുത്തരം കണ്ടെത്തി. അയല്‍ക്കാരനായ ജെയിംസ് ഡോഹര്‍ട്ടി ആയിരുന്നു കണ്ടെത്തിയ ഭര്‍ത്താവ്. രണ്ട് വര്‍ഷത്തിനിപ്പുറം ഡോഹര്‍ട്ടി മര്‍ച്ചന്റ് മറൈന്‍സില്‍ ജോലിക്ക് കയറി. ഫാക്ടറിയില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചു നോര്‍മ. 

അവിടെ വെച്ച് ഒരു മാസികയുടെ ഫോട്ടോഗ്രാഫറുടെ കണ്ണില്‍പെട്ടത് നോര്‍മക്ക് പുതിയൊരു സ്വപ്നത്തിലേക്ക് വഴി തുറന്നു. പിന്‍ അപ് പോസ്റ്ററുകളുടേയും കവര്‍ ചിത്രങ്ങളുടേയും മോഡലായി നോര്‍മ. സാധ്യതകളുടെ ലോകം തേടിപ്പോകാനുള്ള കരുത്തുണ്ടാക്കാന്‍ നോര്‍മ അഭിനയപരിശീലനവും തുടങ്ങി. ആദ്യത്തെ ചെറിയ നിരാശകള്‍ക്ക് ശേഷം 1946-ല്‍ 20-th Century Fox കമ്പനിയുമായി ആറ് മാസത്തെ കരാര്‍ ഒപ്പിട്ടു. 

അക്കാലത്ത് തന്നെയാണ് വ്യക്തിജീവിതത്തിലും രണ്ട് പ്രധാന മാറ്റങ്ങളുണ്ടായത്. ഒന്ന് ഡോഹര്‍ട്ടിയുമായുള്ള വിവാഹമോചനം. രണ്ട്, നോര്‍മ മര്‍ലിന്‍ മണ്‍റോ എന്ന് പേരുമാറ്റി. ആ യുവതിയുടെ ജീവിതത്തില്‍ പിന്നീടങ്ങോട്ട് മാറ്റങ്ങളുടെ കാറ്റടിച്ചു. 

അഭിനയപരിശീലനം. ചില സിനിമകളില്‍ ചെറിയ വേഷം, കമ്പനികളുമായി കരാര്‍ നീട്ടലും റദ്ദാക്കലും, ഇടവേളകളില്‍ വീണ്ടും മോഡലിങ്....അന്നത്തെ കഷ്ടപ്പാടുകള്‍ കുട്ടിക്കാലത്ത് ആവശ്യത്തിലധികം കയ്പുനീരു കുടിച്ച മര്‍ലിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു. All About Eve . The Asphalt Jungle ,As Young as You Feel, Love Nest, Let's Make It Legal.,,,അങ്ങനെ കുറേ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളുമായി മര്‍ലിന്‍ മെല്ലെ മെല്ലെ ഹോളിവുഡിലെ ഇരിപ്പിടത്തിലേക്ക് നടന്നുതുടങ്ങി. ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 

Scroll to load tweet…

ഒരു കലണ്ടറിനായി നഗ്‌നയായി പോസ് ചെയ്‌തെന്നും അന്ന് കയ്യില്‍ തീരെ കാശില്ലാതിരുന്നതു കൊണ്ടാണെന്നും മര്‍ലിന്‍ തുറന്നുപറഞ്ഞത് പ്രേക്ഷകര്‍ക്കിടയില്‍ അനുകൂലതരംഗമുണ്ടാക്കി. മാസികളും പത്രങ്ങളും മര്‍ലിനെ കുറിച്ച് എഴുതി. ചലച്ചിത്രപ്രവര്‍ത്തകര്‍ മര്‍ലിനെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. Clash by Night, Don't Bother to Knock and We're Not Married... അങ്ങനെ കൂടുതല്‍ ചിത്രങ്ങള്‍.

1950-ല്‍ ബെറ്റി ഡേവിസനൊപ്പം അഭിനയിച്ച ഓള്‍ എബൗട്ട് ഈവ്, ജോസഫ് കോറ്റനൊപ്പമുള്ള നയാഗ്ര, ജന്റില്‍മെന്‍ പ്രിഫര്‍ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനയര്‍. ലേഡീസ് ഓഫ് ദ കോറസ്, ലവ് നെസ്റ്റ്, ഫുള്‍ ഹൗസ്, സെവന്‍ ഇയര്‍ ഇച്ച്, ബസ് സ്റ്റോപ്പ്, ദ പ്രിന്‍സ് ആന്‍ഡ് ദ ഷോ ഗേള്‍ അങ്ങനെ കുറേ ചിത്രങ്ങള്‍. മര്‍ലിന്റെ അഭിനയശേഷിയേക്കാളും ചര്‍ച്ചയായതും ശ്രദ്ധിക്കപ്പെട്ടതും അവരുടെ സൗന്ദര്യമായിരുന്നു. മാദകത്വമായിരുന്നു. 

1953-ല്‍ പ്ലേ ബോയ് മാസികയിലെ നഗ്‌നചിത്രവും സിനിമകളിലെ മേനി പ്രദര്‍ശനവും എല്ലാം കൂടി മര്‍ലിനെ എക്കാലത്തേക്കുമായി ഹോളിവുഡിന്റൊ മാദകത്തിടമ്പാക്കി. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെന വിലയിരുത്തലില്‍ ഹോളിവുഡിന്റെ സുവര്‍ണകാലത്തെ വനിതാഇതിഹാസങ്ങളില്‍ ആറാം സ്ഥാനമാണ് മര്‍ലിന്. പ്രേക്ഷകപ്രീതിയുടെ ഉയര്‍ന്നുനില്‍ക്കുന്ന ഗ്രാഫിനിടയില്‍ മര്‍ലിന് അഭിനയത്തിന് കിട്ടിയ പ്രധാന അംഗീകാരം സം ലൈക് ഇറ്റ് ഹോട്ട് എന്ന സിനിമയിലെ പ്രകടനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് ആണ്.

സിനിമയില്‍ തീര്‍ത്ത വിജയവും നേടിയെടുത്ത ആരാധകപ്രീതിയും വ്യക്തിജീവിതത്തില്‍ മര്‍ലിന് തുണയായില്ല. അക്കാലത്തെ പ്രശസ്ത ബേസ്‌ബോള്‍ താരം ജോ ഡിമാജിയോ ആയിരുന്നു മര്‍ലിന്റെ രണ്ടാമത്തെ ഭര്‍ത്താവ്. സെക്‌സ് സിംബല്‍ എന്ന വിശേഷണവും എവിടെത്തിരിഞ്ഞാലും കാണുന്ന അര്‍ദ്ധനഗ്‌ന ഫോട്ടോകളും ജോയെ അസ്വസ്ഥനാക്കി. മാധ്യമങ്ങള്‍ ആഘോഷിച്ച പ്രണയം ഒന്നാംവിവാഹവാര്‍ഷികം ആഘോഷിക്കും മുമ്പ് തന്നെ തെറ്റിപ്പിരിഞ്ഞു. പിന്നീട് മര്‍ലിന്‍ വിവാഹിതയാകുന്നത് 1956-ലാണ്. പ്രശസ്ത തിരക്കഥാകൃത്ത് ആര്‍തര്‍മില്ലറുമായി. 61-ല്‍ അതും വേര്‍പിരിഞ്ഞു. മര്‍ലിന്‍ പ്രണയിച്ചതും മര്‍ലിനെ പ്രണയിച്ചതുമായ പ്രശസ്തരുടെ നിര നീണ്ടതാണ്. അതില്‍ മാര്‍ലന്‍ ബ്രാണ്ടോയേയും യൂള്‍ ബ്രൈണ്ണറേയും പോലുള്ള താരങ്ങളുണ്ട്, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയും സഹോദരന്‍ റോബര്‍ട്ടും ഉണ്ട്. വിവിധ നിര്‍മാണകമ്പനികളുടെയും ഏജന്‍സികളുടെയും കേമന്‍മാരുണ്ട്.

Something Got to Give എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുംമുമ്പാണ് മര്‍ലിന്‍ മരിച്ചത്. ഉറക്കഗുളികകള്‍ അമിതമായി കഴിച്ച് മരിച്ച നിലയില്‍ സ്വന്തം കിടപ്പുമുറിയില്‍ മര്‍ലിനെ കണ്ടെത്തിയെന്ന വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചു. 

വാണിജ്യവിജയങ്ങളും സംഭവബഹുലമായിരുന്ന വ്യക്തിജീവിതവും മര്‍ലിന് വേണ്ടത്ര സന്തോഷം നല്‍കിയിരുന്നില്ല. മാനസികമായും ശാരീരികമായും അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സിനിമയിലെ മത്സരവും ചാര്‍ത്തിക്കിട്ടിയ 'മാദകത്തിടമ്പ്' എന്ന മേല്‍വിലാസം കൊണ്ടുനടക്കാനുള്ള പ്രയാസവും അഭിനയമികവും പാടാനുള്ള കഴിവും തെളിയിക്കാന്‍ പറ്റിയ അവസരങ്ങള്‍ വേണ്ടത്ര കിട്ടാത്തതും ജീവിതത്തില്‍ ഒറ്റക്കായി പോകുന്ന അവസ്ഥ മാറാത്തതും എല്ലാം അവരെ വിഷമിപ്പിച്ചിട്ടുണ്ടാകും. കുട്ടിയാകുമ്പോള്‍ കൂടെക്കൂടിയ അനാഥത്വവിചാരം മര്‍ലിനായപ്പോഴും നോര്‍മയില്‍നിന്നും വിട്ടുമാറിയിരുന്നില്ല.

ഭര്‍ത്താക്കന്‍മാരും കാമുകന്‍മാരും നിബന്ധനകളോടെയാണ് അവളുടെ ജീവിതത്തില്‍ വന്നതും പോയതും. സൗന്ദര്യമെന്ന ഒറ്റ അളവുകോലില്‍ എത്തുന്ന പണവും പ്രശസ്തിയും ഒറ്റക്കാവുക എന്ന നൊമ്പരത്തിന് ആശ്വാസമായില്ലെങ്കില്‍ പിന്നെ എന്തിന് എന്ന നിരാശ ഊട്ടിയുറപ്പിച്ചിട്ടുണ്ടാകും. മുപ്പത്തിയാറാം വയസ്സിലെ ആ വിയോഗം ദുരൂഹമരണമാണെന്ന് വിചാരിക്കുന്നവരും ഏറെയാണ്. 

അതെന്തു തന്നെയാണെങ്കിലും ഒരു കാര്യത്തില്‍ തര്‍ക്കമില്ല. സിനിമാആരാധകരുടെ മനസ്സില്‍ മര്‍ലിന്‍ മണ്‍റോക്ക് മരണമില്ല. ഹോളിവുഡ് ചരിത്രത്തില്‍ നിന്ന് ആ ചിരി മായില്ല. മരണത്തിന്റെ വാര്‍ഷികങ്ങള്‍ പലതുകഴിഞ്ഞിട്ടും അവരെ ലോകം ആരാധിക്കുന്നു. ഫോട്ടോകളും വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ലേലത്തില്‍ പോകുന്നത് വന്‍തുകക്കാണ്. വേദനയിലൊളിപ്പിച്ച ജീവിതവും സൗന്ദര്യത്തിലേറി നേടിയ സിനിമാവിജയങ്ങളും.

മര്‍ലിന്‍ മണ്‍റോ സ്വയം ഒരു ചലച്ചിത്രമാണ്. ഹോളിവുഡ് പടച്ചുവിടുന്ന ഏതൊരു തിരക്കഥയേയും വെല്ലുന്ന സംഭവബഹുലവും ഭാവസമ്പന്നവുമായ ഒരു സിനിമാക്കഥ