Asianet News MalayalamAsianet News Malayalam

കൊറോണക്കാലത്തെ പ്രതിഷേധം : കൊവിഡ് 19 -നെ അതിജീവിക്കാൻ ഷാഹീൻബാഗിനാകുമോ?

നഗരത്തിലെ സഹജീവികളുടെ ആരോഗ്യം പരിഗണിച്ച് രോഗത്തിന്റെ ഭീതി അടങ്ങും വരെ സമരം മാറ്റിവെക്കണം എന്നാണ് ദില്ലി പൊലീസ് സമരക്കാരോട് അഭ്യർത്ഥിച്ചിട്ടുളളത്.

Protests in the time of Corona, can Shaheenbagh survive the COVID 19 Pandemic
Author
Shaheen Bagh, First Published Mar 17, 2020, 4:21 PM IST

നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾക്കിടെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിൽ കയറി പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് തെക്കൻ ഡൽഹിയെയും നോയ്‌ഡയേയും ബന്ധിപ്പിക്കുന്ന ജി ഡി ബിർളാ മാർഗിലെ ഷാഹീൻ ബാഗിൽ 2019 ഡിസംബർ 11 -ന് രാത്രി പത്ത് മണിക്ക് പത്ത് സ്ത്രീകൾ തുടങ്ങി വക്കുകയും പിന്നീട നിരവധി സ്ത്രീകളുടെ നിരന്തര സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്തത് സമരമാണ് ഇന്ന് ഷാഹീൻബാഗ് സമരം എന്നറിയപ്പെടുന്നത്. കടുത്ത തണുപ്പ്. അതിനേക്കാൾ കടുത്ത അപവാദപ്രചാരണങ്ങൾ. വർഗീയത മുറ്റിനിന്ന ഒരു തെരഞ്ഞെടുപ്പ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഹിന്ദു-മുസ്ലിം ലഹള. ഷാഹീൻബാഗ് സമരം മേൽപ്പറഞ്ഞതിനെയെല്ലാം അതിജീവിച്ച ഒന്നാണ്.

ഇപ്പോൾ കൊവിഡ് 19  എന്ന മഹാമാരി ലോകമെമ്പാടും  മരണം വിതച്ചുകൊണ്ട് നടമാടുമ്പോൾ, ഇന്ത്യയിലും അത് നിരവധിപേർക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സർക്കാരുകൾ നടപടികൾ കടുപ്പിക്കുകയാണ്. നടപടികളിൽ പ്രധാനപ്പെട്ട ഒന്ന് ആൾക്കൂട്ടങ്ങൾക്ക് ഏർപെടുത്തുന്ന നിയന്ത്രണമാണ്. അരവിന്ദ് കെജ്‌രിവാൾ ദില്ലിയിൽ നടപ്പിലാക്കാൻ പ്രഖ്യാപിച്ച മുൻകരുതലുകളുടെ കൂട്ടത്തിൽ അമ്പതിലധികം പേർ ഒന്നിച്ചു കൂടുന്നതിന് വിലക്കുണ്ട്. അത് ഷാഹീൻ ബാഗ് അടക്കമുള്ള പ്രതിഷേധസമരങ്ങൾക്കും ബാധകമാണ്. 

ഷാഹീൻബാഗ് മോഡൽ സമരങ്ങൾ കൊറോണാ വൈറസിനെ എങ്ങനെ നേരിടും?

ഇന്ന് ഷാഹീൻബാഗ് മാതൃകയിൽ, അതിനെ പിന്തുണച്ചുകൊണ്ട് ഇന്ത്യയിലെ പല മെട്രോകളിലും, നഗരങ്ങളിലും, കൊച്ചു പട്ടണങ്ങളിലും വരെ നിരവധി ഷാഹീൻബാഗുകൾ 24x7 സമരത്തിലാണ്. തങ്ങൾക്ക് ദില്ലി പൊലീസിന്റെ അറിയിപ്പ് കിട്ടി എന്നും, തങ്ങളുടെ മെഡിക്കൽ, ലീഗൽ വിദഗ്ധരുടെ അഭിപ്രായം തേടുകയാണ്, ഒരു തീരുമാനം ഉടനെ എടുക്കും എന്നറിയിച്ചുകൊണ്ട് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ട്വീറ്റ് പുറപ്പെടുവിച്ചിരുന്നു. നഗരത്തിലെ സഹജീവികളുടെ ആരോഗ്യം പരിഗണിച്ച് രോഗത്തിന്റെ ഭീതി അടങ്ങും വരെ സമരം മാറ്റിവെക്കണം എന്നാണ് ദില്ലി പൊലീസ് സമരക്കാരോട് അഭ്യർത്ഥിച്ചിട്ടുളളത്.

 

 

ബംഗളുരുവിലെ ബിലാൽ ബാഗ് അവിടത്തെ ഷാഹീൻ ബാഗാണ്. അവർ പക്ഷേ, കൊവിഡ് 19 -ന്റെ സാന്നിധ്യത്തിലും സമരം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാസ്കുകളും, സാനിറ്റൈസറുകളും ഒക്കെയായി അവിടെ പരമാവധി സുരക്ഷാമുൻകരുതലുകൾ എടുക്കും എന്നാണ് അതിന്റെ സംഘാടകനായ സാക്വിബ് പറഞ്ഞത്.  "ജനങ്ങൾ സ്വമേധയാ വരുന്നതാണ്, അവരെ തടയുക അസാധ്യമാണ്. ഇപ്പോൾ ഇവിടെ പരമാവധി 250 പേർ ഒന്നിച്ചു കൂടുന്നുണ്ട്. ഞങ്ങൾ വിചാരിച്ചാൽ അതൊരു 150 വരെയൊക്കെ ആക്കി കുറയ്ക്കാൻ പറ്റും. അത് ചെയ്യും. ഷാഹീൻബാഗ് സമരം തുടരും വരെ ഞങ്ങളും തുടരും... " ബിലാൽബാഗ് സംഘാടകർ പറഞ്ഞു. 

മുംബൈ ബാഗ് സമര നേതാവായ റുബൈദ് അലി ഭോജാനിയും സമരം തുടരാനുള്ള പ്ലാനിലാണ്. എന്നാൽ തങ്ങളുടെ കൂട്ടത്തിലെ വൃദ്ധരോടും കുഞ്ഞുങ്ങളോടും കൊവിഡ് 19 ഭീതി അകലും വരെ സമരപ്പന്തലിൽ നിന്ന് വിട്ടു നില്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അവർ പറഞ്ഞു. "പന്തലിൽ ഒരു മീറ്റർ അകാലമെങ്കിലും പാലിച്ചു കൊണ്ട് വിട്ടു വിട്ടിരുന്ന് സൂചനാത്മകമായ സമരം തുടരുന്നതിൽ തെറ്റില്ല.പരമാവധി പത്തു പേർ മാത്രമായാലും മതി. അങ്ങനെ മൂന്നോ നാലോ ഷിഫ്റ്റിൽ മാറി മാറി ഇരുന്നു സമരം മുന്നോട്ട് കൊണ്ടുപോകാം. കൊവിഡ് 19 -നെ ഭയക്കാതെ തന്നെ " സമരത്തെ പിന്തുണയ്ക്കുന്ന കവി ഹുസൈൻ ഹൈദരി പറഞ്ഞു.

കൊവിഡ് 19 കാലത്ത് ജനവികാരം സമരക്കാർക്കെതിരെ തിരിയാതിരിക്കാൻ മേല്പറഞ്ഞതുപോലുള്ള നിർദേശങ്ങൾ പരിഗണിക്കുന്നുണ്ട് എന്ന് മുംബൈ ബാഗിന്റെ സംഘാടകർ ദ ക്വിന്റിനോട് പറഞ്ഞു. "സർക്കാരും ശത്രുപക്ഷത്തിന്റെ നുണഫാക്ടറികളും കൊവിഡ് 19 -നെപ്പോലും മുതലെടുത്തുകൊണ്ട് ഞങ്ങൾക്കെതിരെ കള്ളക്കഥകൾ അടിച്ചിറക്കുന്നുണ്ട്. അതുകൊണ്ട് അത്തരം അഭ്യൂഹങ്ങൾ ആരും വിശ്വസിക്കരുത്. ഞങ്ങൾ പരമാവധി ആളെണ്ണം കുറച്ച് പ്രതീകാത്മകമായി മാത്രം സമരത്തെ munnottu കൊണ്ട് പോകും" മുംബൈ ബാഗ് പ്രതിനിധി അലി പറഞ്ഞു. 

അതിനിടെ ജെഎൻയു സമര നേതാവായ ഉമർ ഖാലിദ് കൊവിഡ് 19 വളരെ ഗുരുതരമായ ഒരു മഹാമാരി ആണെന്നും, അതിന്റെ തീവ്രത പരിഗണിച്ചു കൊണ്ട്, തൽക്കാലത്തേക്ക് സമരം നിർത്തുന്നതാണ് ഉത്തമം എന്നും പറഞ്ഞുകൊണ്ട് ട്വീറ്റിട്ടു. 

 

സമരങ്ങളെ പിന്തുണയ്ക്കുന്ന പ്രണവ് സാഹ്നി എന്ന സാമൂഹിക പ്രവർത്തകനും തന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് പ്രകടനം നടത്തുന്ന സ്ത്രീകളെ അഭിസംബോധന ചെയ്തു കൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. "മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിനെ തോൽവിയാണ് കാണേണ്ടതില്ല. വിശ്രമിച്ച്, ശക്തി സംഭരിച്ച്, പൂർവാധികം ശക്തിയോടെ വീണ്ടും സമരത്തിനിറങ്ങാനുള്ള അവസരമായി ഇതിനെ കണക്കാക്കുക. ആലോചിച്ച് തീരുമാനിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു." സാഹ്നി പറഞ്ഞു.

 

 

Follow Us:
Download App:
  • android
  • ios