2007 -ൽ ചൈനയിലെ അധികാരികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ പരേഡിംഗ് നിരോധിച്ചിരുന്നു. സാംസ്കാരിക വിപ്ലവകാലത്ത് പരസ്യമായിട്ടുള്ള ഇത്തരം പരേഡുകള്‍ സാധാരണമായിരുന്നു. 

തെക്കൻ ചൈന(southern China)യിൽ പൊലീസ് നാല് കുറ്റവാളികളെ തെരുവിലൂടെ പരസ്യമായി നടത്തിക്കുന്നത്(Public shaming) ക്യാമറയിൽ പതിഞ്ഞു. വലിയ ചർച്ചയാണ് പരസ്യമായ ഈ അപമാനിക്കലിനെതിരെ ചൈനയിൽ ഉയർന്നു വന്നിരിക്കുന്നത്. ചൈനയുടെ അതിർത്തികളിലൂടെ ആളുകളെ കടത്തിയെന്നതാണ് ഈ നാല് പേർക്കെതിരെയുമുള്ള കുറ്റം. ഗുവാങ്‌സി പ്രവിശ്യയിലെ ജിങ്‌സി നഗരത്തിലെ തെരുവുകളിലൂടെ ഹസ്മത്ത് സ്യൂട്ടുകൾ ധരിച്ചാണ് ഇവരെ പരേഡ് ചെയ്യിച്ചത്. 

സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങളടക്കം സമ്മിശ്രപ്രതികരണങ്ങളാണ് ഈ പരസ്യമായ അപമാനിക്കലിനെതിരെ ഉണ്ടായിരിക്കുന്നത്. ഡിസംബർ 28 -ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍, ഹസ്മത്ത് സ്യൂട്ടുകള്‍ ധരിച്ച് മുഖം മറച്ച നാല് പേരെ പൊലീസ് നഗരത്തിലെ ഒരു പ്രദേശത്തുകൂടി നടത്തിക്കുന്നത് കാണാം. അവരുടെ കയ്യില്‍ അവരുടെ പേരും ചിത്രവും പതിച്ചിരിക്കുന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചിരിക്കുന്നതും കാണാം.

ഈ അച്ചടക്ക നടപടി അതിർത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തടയാന്‍ സഹായിക്കും. പകർച്ചവ്യാധി തടയലും നിയന്ത്രണവും പാലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാർ നടത്തുന്ന ഗുവാങ്‌സി ഡെയ്‌ലി പറഞ്ഞു. അതിർത്തി പ്രദേശത്തെ നിലവിലെ കൊവിഡ് സാഹചര്യത്തെ 'കഠിനവും സങ്കീർണ്ണവും' എന്നാണ് സംസ്ഥാന മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 

2019 അവസാനത്തോടെ കൊവിഡ് -19 ആദ്യമായി കണ്ടെത്തിയ രാജ്യമാണ് ചൈന. ചൊവ്വാഴ്ച 203 പുതിയ കേസുകളും 4,849 മരണങ്ങളും 114,365 കേസുകളും ഇവിടെ രേഖപ്പെടുത്തി. രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ മാസ് ടെസ്റ്റിംഗും ലോക്ക്ഡൗണുകളും ഉപയോഗിച്ചുള്ള കർശനമായ സീറോ-കോവിഡ് തന്ത്രമാണ് പിന്തുടരുന്നത്. കൂടാതെ ശക്തമായ വാക്സിനേഷൻ പ്രോഗ്രാമും ഉണ്ട്. 86 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചതായാണ് അറിയുന്നത്. 

സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ പരസ്യാപമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതിനെക്കുറിച്ചുള്ള ഒരു ഹാഷ്‌ടാഗ് മികച്ച ട്രെൻഡിംഗ് വിഷയമായിത്തീരുകയും ചെയ്‍തു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പരസ്യമായുള്ള അപമാനിക്കലുകളെ കുറിച്ച് ഈ നടപടി ഓർമ്മിപ്പിച്ചതായി ചിലർ പറഞ്ഞു. മറ്റുള്ളവർ അതിർത്തിക്കടുത്തുള്ള വൈറസ് നിയന്ത്രിക്കാൻ ആവശ്യമായ ശ്രമങ്ങളിലൊന്നാണിതെന്ന് പറഞ്ഞുകൊണ്ട് അതിനെ പിന്തുണച്ചു. 

'പരസ്യമായി ആളുകളെ തെരുവില്‍ നടത്തിച്ചതിനേക്കാള്‍ ഭയാനകമാണ് അതിനെ സാമൂഹികമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന അവസ്ഥ' എന്നാണ് ഒരാള്‍ എഴുതിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബെയ്‍ജിംഗ് ന്യൂസ് പറഞ്ഞത്, 'നടപടി നിയമവാഴ്ചയുടെ ആത്മാവിനെ ഗുരുതരമായി ലംഘിക്കുന്ന ഒന്നാണ്, ഇത് വീണ്ടും സംഭവിക്കാൻ അനുവദിക്കരുത്' എന്നാണ്. ജിംഗ്‌സി സിറ്റി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയും പ്രാദേശിക സർക്കാരും എന്നാല്‍ ഇതിനെ ന്യായീകരിച്ചു. എന്നിരുന്നാലും ഇത് അച്ചടക്കം നടപ്പിലാക്കാന്‍ വേണ്ടിയാണ് എന്നും ഇതില്‍ അനുചിതമായി ഒന്നുമില്ല എന്നുമായിരുന്നു ന്യായീകരണം. 

2007 -ൽ ചൈനയിലെ അധികാരികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ പരേഡിംഗ് നിരോധിച്ചിരുന്നു. സാംസ്കാരിക വിപ്ലവകാലത്ത് പരസ്യമായിട്ടുള്ള ഇത്തരം പരേഡുകള്‍ സാധാരണമായിരുന്നു. എന്നാല്‍, ഇപ്പോൾ വളരെ അപൂർവമാണ്. 2006 -ൽ നൂറോളം ലൈംഗികത്തൊഴിലാളികളും അവരുടെയടുത്തെത്തിയ ആളുകളെയും മഞ്ഞ ജയിൽ വസ്ത്രം ധരിപ്പിച്ച് തെരുവുകളിലൂടെ ഇതുപോലെ നടത്തിച്ചിരുന്നു.