ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ പുകവലിച്ച ഗൂഗിൾ ടെക്കി, തന്നെ ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറി. ജീവനക്കാരുടെ മുഖത്തേക്ക് പുക ഊതി വിട്ട ഇയാൾ പുകവലി നിരോധനത്തിന്‍റെ ഉത്തരവ് കാണമെന്ന് പറഞ്ഞു. ഇയാളുടെ വീഡിയോ വൈറലായതോടെ, സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നിരവധി പേർ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
രാജ്യത്ത് ഇന്ന് പൊതു ഇടങ്ങളിൽ നിന്നുള്ള പുകവലിക്ക് പലയിടത്തും നിയന്ത്രണമുണ്ട്. എന്നാൽ, അതിനും മുമ്പ് തന്നെ പുലവലി നിരോധിച്ച ചില സ്ഥലങ്ങളുണ്ട്. റെയിൽവേ, വിമാനത്താവളം. പെട്രോൾ പമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പുലവലി നിരോധനം ഏറെക്കാലമായി നിലനിൽക്കുന്നു. ഇത് സമീഹത്തിന്‍റെ ഒരു പൊതുബോധത്തിന്‍റെ ഭാഗം കൂടിയാണ് ഇന്ന്. എന്നാൽ, ബെംഗളൂരു വിമാനത്താവളത്തിന്‍റെ റൺവേയിൽ നിന്നും സിഗരറ്റ് വലിച്ച ഒരു ഗൂഗിൾ ടെക്കി തന്നെ ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറി. ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നടപടി വേണമെന്ന ആവശ്യം ഉയർന്നു.
റെണ്‍വെയിൽ നിന്ന് പുകവലി, വെല്ലുവിളി
ജീവനക്കാരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ഒരാൾ വിമാനത്താവളത്തിലെ ടാറിങ്ങിൽ പുക വലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തന്‍റെ പ്രവർത്തി ചോദ്യം ചെയ്ത ജീവനക്കാരുടെ നേരെ ഇയാൾ പുക ഊതിവിടുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഓൺലൈനിൽ വ്യാപകമായി പ്രചരിച്ച വീഡിയോ വലിയ പ്രതിഷേധത്തിനാണ് വഴി തെളിച്ചത്. വീഡിയോയിൽ പ്രദേശത്ത് പുലവലി നിരോധനമുണ്ടെന്ന് ഗ്രൗണ്ട് ജീവനക്കാർ ആവർത്തിച്ച് പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ മുന്നറിയിപ്പുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ അയാൾ പുകവലി തുടരുകയായിരുന്നു. ഇതിനിടെ ഇയാൾ ജീവനക്കാരോട് പുലവലി നിരോധനത്തിന്‍റെ ഉത്തരവ് ഹജരാക്കാൻ ആവശ്യപ്പെടുന്നു. "പുകവലി നിരോധന നിയമം എവിടെയാണെന്ന് എനിക്ക് കാണിച്ചുതരൂ?" എന്നാണ് ഇയാൾ ജീവനക്കാരോട് തർക്കിക്കുന്നത്.
ഇനി വിമാനത്തിൽ കയറ്റരുത്
ബെംഗളൂരു വിമാനത്താവളത്തിൽ പുലവലിച്ചത് ഉത്കർഷ് ഗൗതം എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. @aviationnews എന്ന വ്യോമയാന കേന്ദ്രീകൃത ഇൻസ്റ്റാഗ്രാം പേജ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ വൈറലായി. നിരവധി പേരാണ് ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഗൗരവം എടുത്ത് കാണിച്ചുകൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ ഈ പെരുമാറ്റത്തെ ശക്തമായി വിമർശിച്ചു. വിമാനത്താവളങ്ങൾ സെൻസിറ്റീവായ സുരക്ഷാ മേഖലകളാണെന്നും ഇത്തരം നിയമ ലംഘനങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ആജീവനാന്ത വിലക്കും വിശദമായ സുരക്ഷാ അന്വേഷണവും ആവശ്യപ്പെട്ട ചിലർ ഇയാൾക്ക് ഏങ്ങനെയാണ് സിഗരറ്റും ലൈറ്ററും റൺവേയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതെന്ന് ചോദിച്ചു. സുരക്ഷാ വീഴ്ച പലതലത്തിലാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. തീപിടുത്ത അപകടങ്ങളും വ്യോമയാന ഇന്ധന അപകട സാധ്യതകളും കണക്കിലെടുത്താണ് വിമാനത്താവളങ്ങൾ കർശനമായ പുകവലി നിരോധന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത്തരം നിയമങ്ങൾ ലംഘിച്ചാൽ പിഴകളോ യാത്രാ നിരോധനങ്ങളോ നേരിടേണ്ടിവന്നേക്കാം.


