Asianet News MalayalamAsianet News Malayalam

യുകെയിലെ 'നീലക്കുറിഞ്ഞി' പൂത്തു, അപൂർവമായ കാഴ്ച കാണാൻ ജനപ്രവാഹം 

രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി 'അന്യ​ഗ്രഹ ചെ‌ടി'യെന്നും അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ ചെടി പൂവിട്ടിരിക്കുകയാണ്. ഈ അപൂർവ കാഴ്ച കാണാൻ ബ്രിട്ടനിലിപ്പോൾ വൻ തിരക്കാണ്.

Puya alpestris bloom in Birmingham Botanical Gardens
Author
First Published Apr 19, 2024, 3:37 PM IST | Last Updated Apr 19, 2024, 3:37 PM IST

അപൂർവമായി പൂക്കുന്ന ചെടികളെക്കുറിച്ച് കേട്ടിട്ടില്ലേ? പൂവിടുന്നതിൽ മാത്രമല്ല, രൂപത്തിലും മറ്റ് ചെടികളിൽ നിന്നും വേറിട്ട് നിന്ന് അപൂർവത സൃഷ്ടിക്കുന്ന ഒരു ചെടിയുണ്ട്, ചിലെയിലെ ആൻഡിസ് പർവതമേഖലയിൽ കാണപ്പെടുന്ന പുയ ആൽപെട്രിസ് എന്ന ചെ‌ടിയാണ് ഇത്. 

രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി 'അന്യ​ഗ്രഹ ചെ‌ടി'യെന്നും അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ ചെടി പൂവിട്ടിരിക്കുകയാണ്. ഈ അപൂർവ കാഴ്ച കാണാൻ ബ്രിട്ടനിലിപ്പോൾ വൻ തിരക്കാണ്. ബ്രിട്ടനിലെ ബർമിങ്ങാം ബൊട്ടാണിക്കൽ ഗാർഡൻനിലെ പുയ ആൻഡിസ് ചെടിയാണ് ഇപ്പോൾ പുഷ്പിച്ചിരിക്കുന്നത്. പത്തുവർഷത്തിലേറെ സമയമെടുത്താണ് ഈ ചെടികൾ പുഷ്പിക്കുന്നത്. പക്ഷെ, പുഷ്പിച്ചുകഴിഞ്ഞാൽ അത്ര അധികനാളുകളൊന്നും നമുക്ക് വേണ്ടി കാത്തിരിക്കുകയുമില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊഴിഞ്ഞു പോകും. 

അതിനാൽ പൂവിട്ട പുയ ആൽപെട്രിസ് ചെടി കാണേണ്ടവർ എത്രയും വേ​ഗത്തിൽ തന്നെ ​ഗാർഡനിൽ എത്തണമെന്ന അധികൃതരുടെ അറിയിപ്പ് ലഭിച്ചതോ‌ടെയാണ് ഈ അപൂർവ കാഴ്ച്ചയ്ക്ക് സാക്ഷികളാകാൻ ആളുകൾ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

പുഷ്പവസന്തം തീരുന്നതിനു മുൻപ് കൃത്രിമമായി പൂവിൽ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉദ്യാന അധികൃതർ. സാധാരണയായി ചിലെയിൽ ഹമ്മിങ്‌ബേഡ് പക്ഷികളാണ് ഈ ചെടിയിൽ പരാഗണം നടത്തുന്നത്. എന്നാൽ ഉദ്യാനത്തിൽ അതിനുള്ള സാധ്യത കുറവായതിനാലാണ് അധികൃതർ കൃത്രിമമായി പരാ​ഗണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

സഫയർ ടവർ ചെടി എന്നും ഈ ചെടി അറിയപ്പെടാറുണ്ട്. 1833 -ൽ എഡ്വേർഡ് ഫ്രീഡ്‌റിക് പോപ്പിങ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ ചെടിയെപ്പറ്റി തന്റെ ഫ്രാഗ്‌മെന്റം സിനോപ്‌സിയോസ് പ്ലാന്റാരം ഫനീറോഗാമും എന്ന പുസ്തകത്തിൽ ആദ്യമായി പരാമർശിച്ചത്. ഒരു തവണ പുഷ്പിച്ചതിനു ശേഷം നശിച്ചുപോകുന്ന മോണോകാർപിക് വിഭാഗത്തിൽ പെടുന്നതാണ് ഈ ചെടി. പ്രധാനമായും അലങ്കാര ആവശ്യങ്ങൾക്കായാണ് ഈ ചെടി ഉപയോ​ഗിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios