സംഭവം നടന്നത് രാജസ്ഥാനിലെ സികർ ജില്ലയിലെ പൽസന ഗ്രാമത്തിലാണ്. അവിടത്തെ സർക്കാർ സ്‌കൂളിൽ കൊവിഡ് സംശയിച്ച് 54 അതിഥി തൊഴിലാളികളെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു സർക്കാർ. ഉത്തരേന്ത്യയിലെ മറ്റുപല ക്വാറന്റൈൻ കേന്ദ്രങ്ങളെയും പോലെ അല്ലായിരുന്നു ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്‌കൂളിലേത്. കെട്ടിടങ്ങൾ പഴയതായിരുന്നു, താമസിക്കാൻ സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും, ബാക്കി സംവിധാനങ്ങളൊക്കെ ഉഗ്രനായിരുന്നു. 

മൂന്നുനേരം സുഭിക്ഷ ഭക്ഷണമായിരുന്നു. അവർക്ക് പ്രിയമുള്ള ദാൽ, ഭാട്ടി, ചുർമ, ജിലേബി, പായസം, പൊരിച്ച കടികൾ, പൂരി മസാല, ഹൽവ, രാസഗുള  അങ്ങനെ പലതും അവർക്ക് അധികൃതർ നിത്യം വിളമ്പി. ഒടുവിൽ അത് ഒരു പ്രശ്നമാകാൻ തുടങ്ങി. ഇങ്ങനെ മൃഷ്ടാന്നം ഭക്ഷണം കഴിച്ചാൽ പിന്നെ, എല്ലുമുറിയെ പണിയെടുത്തില്ലെങ്കിൽ ശരിയാവില്ല അവർക്ക്. തങ്ങളുടെ തൊഴിലിടങ്ങളിലെ താമസക്കാലത്തൊന്നും തന്നെ അവർ അങ്ങനെ ശീലിച്ചിട്ടില്ല. ആദ്യത്തെ രണ്ടോ മൂന്നോ ദിവസം അവർ മേലനങ്ങാതെ മിണ്ടാതെ കഴിച്ചുകൂട്ടി. എന്നാൽ അധ്വാനലേശമില്ലാത്ത സുഭിക്ഷ ഭക്ഷണവും 24 മണിക്കൂർ ഉറക്കവും ഒക്കെ അവർക്ക് പെട്ടെന്ന് മടുത്തു

വന്ന ദിവസം തന്നെ ആ സർക്കാർ സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥ അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നതാണ്. പെയിന്റടിച്ചിട്ട് പത്തുകൊല്ലമെങ്കിലും ആയിക്കാണും കെട്ടിടങ്ങൾക്ക്. പലാമുറികളിലും നിലത്ത് എലികൾ മാളങ്ങൾ തീർത്തിട്ടുണ്ട്. ചുവരുകളിലുമുണ്ട് സിമന്റടർന്ന ഭാഗങ്ങൾ പലേടത്തും. ബെഞ്ചും ഡെസ്കും പലതും ഒടിഞ്ഞിട്ടുണ്ട്. ഒക്കെ കുട്ടികൾ കുത്തിവരച്ചിട്ട് ആകെ അലങ്കോലമായിട്ടുണ്ട്. 

അങ്ങനെ ഇരിക്കുമ്പോഴാണ് ആരോ പറഞ്ഞത്, നമുക്കീ ചുവരൊക്കെ ഒന്ന് പെയിന്റടിച്ച് കൊടുത്താലെന്താ? ബെഞ്ചും ഡെസ്കുമൊക്കെ വാർണിഷ് അടിച്ചാലെന്താ? അയാൾ ആ ആശയം കൂട്ടത്തിലുള്ളവരോട്  പങ്കുവച്ചപ്പോൾ എല്ലാവർക്കും ആവേശമായി. അവർ, ആരോഗ്യപ്രവർത്തകർ  വഴി സ്‌കൂൾ അധികാരികളെ കാര്യമറിയിച്ചു. പെയ്ന്റിനും ബ്രഷിനുമുള്ള പണം ടീച്ചർമാർ തന്നെ പ്രദേശത്തെ സുമനസ്സുകളിൽ നിന്ന് സ്വരൂപിച്ചു.  അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യവുമായതെല്ലാം തന്നെ തൊഴിലാളികൾക്ക് അവർ വാങ്ങി നൽകി. 

പിന്നീട് അവിടെ നടന്നത് ക്വാറന്റൈൻ ദിനങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും എന്ന കാര്യത്തിൽ ഒരു പക്ഷേ, രാജ്യത്തിനുതന്നെ മാതൃകയായേക്കാവുന്ന ഒരു പ്രവർത്തനമാണ്. അകത്ത് നിർബന്ധിത ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ആ സ്‌കൂളിലെ എല്ലാവിധ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി, കെട്ടിടത്തെ പുതുപുത്തൻ ലുക്കിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചു ആ തൊഴിലാളി സംഘം. തങ്ങളുടെ സ്‌കൂളിന് അവിചാരിതമായി കിട്ടിയ 'മേക്ക് ഓവറി'ൽ  അവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ത്രില്ലടിച്ചിരിക്കുകയാണ്. ഇനി സ്‌കൂൾ തുറന്നുകിട്ടിയാൽ പുതുപുത്തൻ സ്‌കൂളിൽ ഇരുന്നു പഠനം തുടരുമ്പോൾ ഈ സ്‌കൂളിലെ കുട്ടികൾ, അവധിക്കാലത്ത് താമസത്തിനെത്തിയ 'അതിഥി' തൊഴിലാളികൾ തങ്ങൾക്ക് നൽകിയ സേവനങ്ങൾ നന്ദിയോടെ സ്മരിക്കും.  

 

 

അതുമാത്രമാണ് ഈ ഭഗീരഥ പ്രയത്നം തങ്ങളുടെ ക്വാറന്റൈൻ കാലത്ത് പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്കും പറയാനുള്ളത്. " സ്‌കൂൾ കെട്ടിടം പെയിന്റടിച്ചതിന് ഞങ്ങൾക്ക് ആരും കൂലിയൊന്നും വേണ്ട. ഇവിടത്തെ കുഞ്ഞുങ്ങൾ ഞങ്ങളുടെ മക്കളെപ്പോലെയാണ്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ നാളെ അവരുടെ സ്‌കൂൾ പെയിന്റടിച്ചു വൃത്തിയാക്കിയ മാമന്മാരെ തെരുവിൽ വെച്ച് കണ്ടാൽ ഒന്ന് ചിരിക്കണം, അതുമാത്രം മതി ഞങ്ങൾക്ക്. " തൊഴിലാളികളിൽ ഒരാളായ ശങ്കർ സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.