സാങ്കേതിക വിദ്യ ഏറെ വികസിച്ച കാലത്തും യുദ്ധമോ കലാപമോ മഹാമാരിയോ എന്തുമാകട്ടെ വാർത്തയും വിനോദങ്ങളും അറിയാന്‍ റോഡിയോ മാത്രമേയുള്ളൂ.
ഒരുകാലത്ത് നമ്മുടെ നിർണായക വിവരസ്രോതസ്സ് ആയിരുന്നു റേഡിയോകൾ. ടെലിവിഷന്‍റെയും മൊബൈൽ ഫോണിന്‍റെയും ഇൻറർനെറ്റിന്‍റെയും ഒക്കെ കടന്നുവരവോടെ ആ പഴയ പ്രതാപകാലം അവസാനിച്ചെങ്കിലും ഒരു അടിയന്തരഘട്ടത്തിൽ നമുക്ക് അതിജീവനം സാധ്യമാകണമെങ്കിൽ റേഡിയോ തന്നെ വേണം. യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും വൈദ്യുതി തടസ്സം സംഭവിക്കുമ്പോഴും ആശയം വിനിമയം സാധ്യമാക്കാൻ റേഡിയോ സിഗ്നലുകൾക്ക് സാധ്യമാകുമെന്നത് തന്നെയാണ് ഈ ഹീറോയിസത്തിന് കാരണം.
ദി മെട്രോയുടെ റിപ്പോർട്ട് പ്രകാരം സ്പെയിനിലും പോർച്ചുഗലിലും 2024-ൽ ഉണ്ടായ ബ്ലാക്ക്ഔട്ടിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇന്‍റർനെറ്റ്, മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായപ്പോൾ പ്രവർത്തനക്ഷമമായി തുടർന്നത് റേഡിയോ സിഗ്നലുകൾ മാത്രമാണ്. യുക്രൈയ്നിൽ, ടിവി ടവറുകൾ നശിപ്പിക്കപ്പെടുകയും സിഗ്നലുകൾ തടസ്സപ്പെടുകയും ചെയ്തപ്പോൾ, രക്ഷപ്പെടാനുള്ള വഴികൾക്കായി പൗരന്മാർ ആശ്രയിച്ചത് റേഡിയോകളെയാണ്. അതുപോലെ, ടെലികമ്മ്യൂണിക്കേഷൻ തടസ്സങ്ങൾക്കിടയിലും ഗാസയിലെ പലസ്തീനികൾ വാർത്തകൾക്കായി റേഡിയോയെയാണ് ആശ്രയിക്കുന്നത്.
റേഡിയോയുടെ വിശ്വാസ്യത അതിന്‍റെ ലാളിത്യത്തിലാണെന്ന് വിദഗ്ദ്ധർ പറയുന്നു. വിലയേറിയ ഉപകരണങ്ങൾ, ഡാറ്റ പ്ലാനുകൾ, ദുർബലമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയെ ഇത് ആശ്രയിക്കുന്നില്ല. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടിയന്തര റേഡിയോകൾക്ക് വൈദ്യുതി നിലച്ചാലും പ്രക്ഷേപണം തുടരാനാകും. പ്രതിസന്ധി ഘട്ടങ്ങളിൽ, റേഡിയോ വെറുമൊരു ഉപകരണത്തേക്കാൾ ഉപരിയായി പ്രതീക്ഷയുടെയും അതിജീവനത്തിന്‍റെയും പ്രതീകമാണ്. സിറിയയിൽ, വ്യാജ പ്രചാരണത്തെ വെല്ലുവിളിക്കുന്നതിലും സത്യം പ്രചരിപ്പിക്കുന്നതിലും റേഡിയോ ഫ്രഷ് വഹിച്ച പങ്ക് ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള സർക്കാരുകൾ ഇപ്പോൾ പൗരന്മാരോട് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയ്‌ക്കൊപ്പം അടിയന്തര കിറ്റുകളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്നതോ വിൻഡ്-അപ്പ് റേഡിയോകളോ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എഐയും സ്മാർട്ട്‌ഫോണുകളും ആധിപത്യം പുലർത്തുന്ന ഈ കാലത്തും, പ്രതിസന്ധിഘട്ടങ്ങളിൽ അതിജീവനം സാധ്യമാക്കുന്ന നിർണായക ഉപകരണമായിരിക്കാൻ റേഡിയോയ്ക്ക് കഴിയും എന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള ഭയം ആളുകൾ വലിയ തോതിൽ റേഡിയോ വാങ്ങുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.യൂറോപ്പിലെയും യുഎസിലെയും സമൂഹ മാധ്യമ ഇൻഫ്ലുവൻമാർ ഉൾപ്പെടെയുള്ളവർ ആളുകളോട് അതിജീവന കിറ്റുകളിൽ റേഡിയോകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതാണ് ഇതിന് കാരണം. പവർ ഗ്രിഡ് തകരാറിലായാൽ, പരമ്പരാഗത റേഡിയോ പ്രക്ഷേപണങ്ങൾ ലഭ്യമാകാതെ ആളുകൾക്ക് സുപ്രധാന സർക്കാർ മുന്നറിയിപ്പുകൾ നഷ്ടമാകുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ് .


