ഈ സ്റ്റേഷനിൽ ഒരു ടിക്കറ്റ് കൗണ്ടർ ഉണ്ട്. ടിക്കറ്റുകളിൽ 'റായ്നഗർ' എന്നാണ് പേര് അച്ചടിച്ചിരിക്കുന്നത്. അതേസമയം സ്ഥലത്തിന്റെ പേര് അച്ചടിക്കേണ്ടിയിരുന്ന ബോർഡുകളെല്ലാം ശൂന്യമായി തുടരുകയാണ്.

പേരില്ലാത്ത ഒരു റെയിൽവേ സ്റ്റേഷൻ. ഇന്ത്യയിൽ അങ്ങനെ ഒരു റെയിൽവേ സ്റ്റേഷനുണ്ടോ? ഉണ്ട്- എവിടെയും പേര് അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു റെയിൽവേ സ്റ്റേഷനുള്ളത് അങ്ങ് പശ്ചിമ ബം​ഗാളിലെ പൂർവ ബർധമാൻ ജില്ലയിലാണ്. ബർധമാൻ നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ റെയിൽവേ സ്റ്റേഷൻ 2008 മുതൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി പാസഞ്ചർ, ചരക്ക് ട്രെയിനുകൾ ദിവസവും ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും ബങ്കുര മസാഗ്രാം പാസഞ്ചർ ട്രെയിൻ മാത്രമേ ഇവിടെ നിർത്താറുള്ളൂ.

ഈ സ്റ്റേഷനിൽ ഒരു ടിക്കറ്റ് കൗണ്ടർ ഉണ്ട്. ടിക്കറ്റുകളിൽ 'റായ്നഗർ' എന്നാണ് പേര് അച്ചടിച്ചിരിക്കുന്നത്. അതേസമയം സ്ഥലത്തിന്റെ പേര് അച്ചടിക്കേണ്ടിയിരുന്ന ബോർഡുകളെല്ലാം ശൂന്യമായി തുടരുകയാണ്. തുടക്കത്തിൽ, സ്റ്റേഷന് 'റായ്നഗർ' എന്ന് പേരിടാനാണ് റെയിൽവേ ആലോചിച്ചിരുന്നത്. എന്നാൽ, സമീപത്തുള്ള രണ്ട് ഗ്രാമങ്ങളിലെ താമസക്കാർ ഇതിനോട് വിയോജിപ്പ് അറിയിച്ചു. സ്റ്റേഷന് അവരുടെ ഗ്രാമത്തിന്റെ പേര് നൽകണമെന്ന് രണ്ട് ​ഗ്രാമക്കാരും ആ​ഗ്രഹിച്ചു.

തർക്കം മൂത്ത് മൂത്ത് വിഷയം റെയിൽവേ ബോർഡിന്റെ അടുത്തും എത്തി. അങ്ങനെ പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുന്നത് വരെ സ്റ്റേഷൻ പേരില്ലാതെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. പിന്നാലെ എവിടെയൊക്കെ സ്റ്റേഷന്റെ പേര് കുറിച്ചിട്ടുണ്ടോ അവിടെ നിന്നെല്ലാം ആ പേരുകൾ നീക്കം ചെയ്തു. അതോടെ ഈ സ്റ്റേഷൻ ഒരു പേരില്ലാത്ത സ്റ്റേഷനായി മാറുകയായിരുന്നു. എന്നാൽ, വൈകാതെ പേരില്ലാത്ത സ്റ്റേഷൻ ആളുകൾക്ക് പരിചിതമായി കഴിഞ്ഞു. ആ സ്റ്റേഷന്റെ ഐഡന്റിറ്റി തന്നെയായി മാറി ഈ പേരില്ല എന്ന കാര്യം. കൂടാതെ, ഞായറാഴ്ചകളിൽ സ്റ്റേഷൻ അടച്ചിരിക്കും. ആ ദിവസമാണത്രെ ടിക്കറ്റ് ബില്ലുകൾ അടയ്ക്കാൻ ട്രെയിൻ മാസ്റ്റർ ബർധമാനിലേക്ക് പോകുന്നത്.