4000 പേര്‍ താമസിക്കുന്ന ഒരു കോട്ടയുണ്ട് ഇന്ത്യയില്‍. രാജ്യത്തെ ജനവാസമുള്ള ഏക കോട്ടയും ഇതാണ്. ഏതാണാ കോട്ടയെന്നല്ലേ? യുനെസ്‍കോയുടെ പൈതൃകപട്ടികയില്‍ തന്നെ ഇടം പിടിച്ച ജയ്സാല്‍മീര്‍ കോട്ട. രാജസ്ഥാനിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷമായി നൂറുകണക്കിന് തലമുറകള്‍ ജീവിക്കുന്ന കോട്ടയാണിത്. ഇന്നത്തെ ജനസംഖ്യയാണ് 4000.

250 അടി പൊക്കവും 1500 അടി നീളവുമുള്ള ഈ കോട്ട നിര്‍മ്മിച്ചത് 1156 -ല്‍ രാജാ ജവാല്‍ ജൈസാല്‍ ആണ്. ജാലീസ്, ജറോഖാസ് എന്നീ കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച ഈ കോട്ട കാണേണ്ട കാഴ്‍ച തന്നെയാണ്. ചെളികൊണ്ടാണ് തറകള്‍ നിര്‍മ്മിച്ചത് എന്നതിനാല്‍ത്തന്നെ ചൂടുകാലം പോലും അതൊന്നുമറിയാതെ ഇവിടെ കഴിയാം. ചരിത്രവും ജീവിതവും ഒരുമിച്ച് ഇഴുകിച്ചേര്‍ന്ന ഇവിടുത്തെ പകലുകള്‍ക്കും രാത്രികള്‍ക്കും പ്രത്യേക ഭംഗി തന്നെയുണ്ട്. കോട്ടമതിൽ സ്വർണ്ണനിറത്തിലായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ സുവർണ്ണ കോട്ട എന്ന ഒരു പേരുമുണ്ട് ഈ ജൈസാൽമീറിലെ കോട്ടയ്ക്ക്. കോട്ടയ്ക്കകത്ത് ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമുണ്ട്. ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് കോട്ട സന്ദര്‍ശിക്കാനെത്തുന്നത്. 

മുഗള്‍, രാജ്‍പുത്, ബ്രിട്ടീഷുകാരൊക്കെ ഭരിച്ചിരുന്ന കോട്ട പിന്നീട് ഭരിച്ച രാജാവ് ജനങ്ങള്‍ക്ക് താമസിക്കാനായി നല്‍കി. തങ്ങളെ സേവിച്ച ജനങ്ങള്‍ക്കുള്ള പ്രത്യുപകാരമായിട്ടായിരുന്നു ഇത്. ഒരു രൂപ പോലും വാടക നല്‍കാതെയാണ് ഇവരിവിടെ കഴിയുന്നത്. ഇന്നിവിടെ താമസിക്കുന്നവര്‍ വരുമാനം കണ്ടെത്തുന്ന  വിനോദസഞ്ചാരത്തില്‍ നിന്നുമാണ്. കാലങ്ങളായി കച്ചവടങ്ങള്‍ നടക്കുന്നുണ്ട് ഇവിടെ. സില്‍ക്ക് റൂട്ട് വഴിയുള്ള കച്ചവടം നടക്കുന്ന കാലത്തുതന്നെ ഇവ കച്ചവടത്തില്‍ സജീവമായിരുന്നുവെന്ന് പറയപ്പെടുന്നു. 

എത്രയോ യുദ്ധങ്ങള്‍ക്കും ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയായ കോട്ട ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. ഇന്ത്യയിലെ ജനവാസമുള്ള ഈ ഏക കോട്ട കാണണമെന്നുണ്ടെങ്കില്‍ രാജസ്ഥാനിലേക്ക് വണ്ടി കയറാം.