Asianet News MalayalamAsianet News Malayalam

മരണമാല്യവുമായി കാത്തുനിന്ന ചാവേർ രാജീവിന്റെ പ്രാണനെടുത്തിട്ട് ഇന്നേക്ക് ഇരുപത്തെട്ടാണ്ട്

അങ്ങനെ അവർ കടൽ മാർഗം ചെന്നൈയിൽ എത്തി. തങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി അവർ രണ്ടുവട്ടം ബോംബില്ലാതെ പരിപാടികളിൽ കേറിച്ചെന്ന്  പരിശീലനം നടത്തി.  ആദ്യത്തെ തവണ 1991  ഏപ്രിൽ 21 -ന് മറീനാ ബീച്ചിൽ വെച്ച്. രണ്ടാമത്തെ വട്ടം മെയ് 12 -ന്, പ്രധാനമന്ത്രി വി പി സിങ്ങും ഡിഎംകെ നേതാവ് കരുണാനിധിയും പങ്കെടുത്ത ഒരു ചടങ്ങിൽ വെച്ചും. 

rajiv gandhi assassination suicide bomber
Author
Thiruvananthapuram, First Published May 21, 2019, 1:45 PM IST

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ചാവേർ ബോംബുസ്ഫോടനത്തിൽ വധിക്കപ്പെട്ടിട്ട് ഇന്നേക്ക് ഇരുപത്തെട്ടാണ്ടു തികയുകയാണ്. ആ ചാവേറാക്രമണം പല കണക്കിലും ഇന്ത്യയിൽ ആദ്യത്തേതായിരുന്നു. ആദ്യത്തെ മനുഷ്യ ബോംബ്. ആദ്യത്തെ സ്ത്രീ ചാവേർ. ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി വധിക്കപ്പെടുന്ന ആദ്യ സംഭവം. അങ്ങനെ പലതും. 

rajiv gandhi assassination suicide bomber

ഇന്ത്യൻ മണ്ണിലേക്ക് പൊട്ടിച്ചിതറാൻ വേണ്ടി മാത്രം വിരുന്നുവന്ന ആ യുവതിയുടെ പേര് തേന്മൊഴി രാജരത്നം എന്നായിരുന്നു. ധനു എന്ന് വിളിപ്പേര്. 1991  മെയ് 21 -ന്, ശ്രീപെരുംപുത്തൂർ മണ്ഡലത്തിൽ, മരഗതം ചന്ദ്രശേഖർ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ രാജീവ് ഗാന്ധി വരുന്നതും കാത്തിരുന്ന്, ഒടുവിൽ എത്തിയപ്പോൾ ഒരു പൂമാല അദ്ദേഹത്തിന്റെ കഴുത്തിലിട്ട്, കാൽതൊട്ടു വന്ദിക്കാനെന്ന ഭാവേന ഒന്നു കുനിഞ്ഞ്, അരയിലെ ബട്ടൺ അമർത്തി, വസ്ത്രത്തിനുള്ളിൽ ധരിച്ചിരുന്ന ബെൽറ്റ് ബോംബിനെ ട്രിഗർ ചെയ്ത് അദ്ദേഹത്തോടൊപ്പം പൊട്ടിച്ചിതറുകയായിരുന്നു ധനു.

rajiv gandhi assassination suicide bomber

LTTE എന്ന ശ്രീലങ്കൻ തമിഴ് പുലികളുടെ ചാവേർ സംഘമായ 'ബ്ലാക്ക് ടൈഗേഴ്‌സി'ൽ അംഗമായിരുന്നു ധനു. ആർക്കും അവരെപ്പറ്റി അധികമൊന്നും തന്നെ അറിയില്ലായിരുന്നു. ശ്രീപെരുംപുത്തൂരിൽ  പൊട്ടിച്ചിതറും മുമ്പ് രണ്ടിടത്ത് ബോംബില്ലാതെ അവർ ഇതേ ട്രിഗറിങ്ങ് പരിശീലനം നടത്തി. മൂന്നാമത്തെ തവണയാണ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ബോംബും ധരിച്ചുകൊണ്ട് അവർ കൃത്യം നടപ്പിലാക്കിയത്. 

ആ സംഘത്തിൽ ഒമ്പതു പേരുണ്ടായിരുന്നു. അഥവാ ധനുവിന്റെ ബോംബ് പോയില്ലെങ്കിൽ പകരം ചെന്ന് പൊട്ടിയ്ക്കാനായി  ശുഭ എന്ന ഒരു ബാക്ക് അപ്പ് ബോംബർ പോലും ഉണ്ടായിരുന്നു. അത്രയ്ക്ക് ഫൂൾ പ്രൂഫ് ആയ പ്ലാനിങ് ആയിരുന്നു പുലികളുടേത് എന്ന് സാരം. ഇന്ത്യയിൽ വന്ന ശേഷമാണ് ആരും തിരിച്ചറിയാതിരിക്കാൻ ധനു കാറ്റടിക്കണ്ണടകൾ വാങ്ങുന്നത്. സ്‌ഫോടനത്തിനു തലേന്ന് രാത്രി അവർ ഒരു സിനിമ കണ്ടു. വേദിയിലേക്ക് നടന്നു കേറുന്നതിനു മുമ്പ് ഒരു ഐസ്ക്രീമും തിന്നു ധനു. 

കയ്യിൽ ഒരു പൂമാലയും പിടിച്ച് ഒരു ഓറഞ്ചു പച്ചയും നിറത്തിലുള്ള ഒരു ചുരിദാറുമിട്ടു കൊണ്ട് ധനു രാജീവ് ഗാന്ധിയ്ക്ക് അടുത്തേക്ക് ചെല്ലാനാഞ്ഞപ്പോൾ ഒരു ലേഡി സബ് ഇൻസ്‌പെക്ടർ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് കണ്ട രാജീവ് ഗാന്ധി തന്റെ മരണത്തെ കൈ കാട്ടി അരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. "റിലാക്സ് ബേബി.." എന്നോ മറ്റോ ആണ് രാജീവ് ധനുവിനെ അടുത്തേക്ക് വിട്ടോളൂ കുഴപ്പമില്ല എന്ന അർത്ഥത്തിൽ ആ പൊലീസുകാരനോട്  പറഞ്ഞതെന്ന്  ഫോറൻസിക് എക്സ്പേർട്ടായ പി ചന്ദ്രശേഖർ പിന്നീട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. രാജീവ് ഗാന്ധി തന്റെ ജീവിതത്തിൽ അവസാനമായി ഉച്ചരിച്ച വാക്കുകളും ഒരുപക്ഷേ, അതുതന്നെയായിരിക്കാം..!

ധനുവിന്റെ ദേഹത്ത് ഒരു ബ്ലൂ ഡെനിം ബെൽറ്റിൽ ബന്ധിച്ചിരുന്ന ബന്ധിച്ചിരുന്ന RDX ബോംബിൽ  2 mm കനമുള്ള 10,000 സ്റ്റീൽ പെല്ലറ്റുകൾ അടക്കം ചെയ്തിട്ടുണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് അത് രാജീവ് ഗാന്ധിയുടെ ശരീരത്തിലൂടെ തുളച്ചു കേറി. അദ്ദേഹത്തിന്റെയും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന  പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറി. സംഭവം നടക്കുമ്പോൾ ആ യോഗത്തിൽ പങ്കെടുത്തിരുന്ന ജി കെ മൂപ്പനാരും ജയന്തി നടരാജനും മ്രഗതം ചന്ദ്രശേഖറും ഭാഗ്യം കൊണ്ടുമാത്രം അന്നാ സ്‌ഫോടനത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്ഫോടനം നടന്നയുടനെ മൂപ്പനാറം ജയന്തി നടരാജനും ചേർന്ന് രാജീവ് ഗാന്ധിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ അവരുടെ കൈകളിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗങ്ങൾ മാത്രമാണ് അടർന്നു വന്നത്. 

1987 തൊട്ടാണ് LTTE ചാവേർ ആക്രമണങ്ങൾ നടത്തിത്തുടങ്ങിയത്. ഒരിക്കലും ജീവനോടെ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി കഴുത്തിൽ സയനൈഡ് ഗുളികയും കൊണ്ടാണ് സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്നത്. കഴുത്തിലെ മാലയിൽ കൊരുത്തിട്ടിരുന്ന ഗ്ലാസ് പേടകം കടിച്ചു മുറിക്കുമ്പോൾ ചുണ്ട് മുറിയും. അതിനുള്ളിലെ സയനൈഡ് പൊടി രക്തത്തിൽ നേരിട്ട് കലരും. പിന്നെ സെക്കന്റുകൾക്കിടയിൽ മരണം സംഭവിക്കും.  ജാഫ്‌നയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായി ഒരു സ്‌കൂൾ ആക്രമിച്ചുകൊണ്ടാണ് അവർ ആദ്യത്തെ ചാവേറാക്രമണം നടത്തുന്നത്. പിന്നീട്  LTTE അവരുടെ രാഷ്ട്രീയ എതിരാളികളായ പ്രധാനമന്ത്രി പ്രേമദാസ, പ്രതിരോധമന്ത്രി ഗാമിനി ദിസ്സനായകെ, പട്ടാള മേധാവികൾ തുടങ്ങി പലരെയും ചാവേർ ആക്രമണങ്ങളിലൂടെ വധിക്കുകയുണ്ടായി. 

തമിഴ് പുലികൾക്ക് രാജീവ് ഗാന്ധിയോടുള്ള വിദ്വേഷം 

1987  ജൂലൈ 29 -ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ ആർ ജയവർധനെയും ചേർന്ന് ഇൻഡോ-ശ്രീലങ്കൻ സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്താൻ ഇന്ത്യ സകല സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടിയായിരുന്നു അത്. 1983  തൊട്ടേ ശ്രീലങ്കയിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിൾ ഈലം എന്ന പേരിൽ അല്ലെങ്കിൽ, തമിഴ് പുലികളെന്ന ചുരുക്കപ്പേരിൽ ഒരു സായുധ വിപ്ലവ സംഘടനാ ശ്രീലങ്കൻ മണ്ണിൽ തമിഴർക്ക് നേരെ നടന്നുകൊണ്ടിരുന്ന വംശീയ വിവേചനങ്ങൾക്കെതിരെ വളരെ അക്രമാസക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ടിരുന്നു. തമിഴ് ഈലം എന്ന പേരിൽ ശ്രീലങ്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിൽ അവർക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇതിനെതിരെയുള്ള സർക്കാർ നടപടികൾ പലതും കടുത്ത ആഭ്യന്തര യുദ്ധങ്ങളിലാണ് കലാശിച്ചത്.

rajiv gandhi assassination suicide bomber 

ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് അഥവാ ഇന്ത്യൻ സമാധാന സംരക്ഷണ സേന ( IPKF) ഇടപെട്ടതോടെ പുലിയ്ക്ക് പിടിച്ചുനിൽക്കാനായില്ല. കടുത്ത പോരാട്ടങ്ങളിൽ നിരവധി LTTE പോരാളികൾക്ക് ജീവനാശമുണ്ടായി. ലോകമെമ്പാടുമുള്ള  തമിഴ് വംശജർ ഈ ദൗത്യത്തിൽ നിന്നും ഇന്ത്യൻ സൈന്യത്തെ തിരിച്ചു വിളിക്കാൻ വേദി രാജീവ് ഗാന്ധിയ്ക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ഏറെ രക്തരൂഷിതമായ IPKF -ന്റെ ശ്രീലങ്കൻ ദൗത്യത്തിന് തിരശീല വീഴുന്നത് 1989 -ൽ രാജീവ് ഗാന്ധിയ്ക്ക് ഇന്ത്യയിൽ ഭരണം നഷ്ടപ്പെട്ട വിപി സിങ് സർക്കാർ അധികാരത്തിൽ വരുമ്പോഴാണ്. പിന്മാറ്റം പൂർത്തിയാവുന്നത് 1990 -ലും. അപ്പോഴേക്കും IPKF-ലെ 1200  ഭടന്മാർക്കും, 5000 -ലധികം തമിഴ് പുലികൾക്കും ജീവനാശം സംഭവിച്ചുകഴിഞ്ഞിരുന്നു. ഈ ദൗത്യത്തിനായി ഇന്ത്യൻ സർക്കാരിന് ആളും ആയുധവുമായി ഏകദേശം ആയിരം കോടി രൂപയിലധികം ചെലവായി. 

rajiv gandhi assassination suicide bomber

IPKF -നെ ചെകുത്താന്റെ സൈന്യം എന്ന് വിളിച്ച വേലുപ്പിള്ള പ്രഭാകരൻ, രാജീവ് ഗാന്ധി ഇന്ത്യയിൽ വീണ്ടും അധികാരത്തിലേറിയാൽ തങ്ങൾക്കുനേരെ വീണ്ടും IPKF വിന്യസിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് ഭയന്നിരുന്നു. അതാണ് രാജീവിന് നേരെ ഒരു ചാവേർ സംഘത്തെ അയക്കാൻ പ്രഭാകരനെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി ആയിക്കഴിഞ്ഞാൽ രാജീവിനെ വധിക്കാൻ പത്തിരട്ടി പ്രയാസമായിരിക്കുമെന്നു തിരിച്ചറിഞ്ഞ പുലികൾ, പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിരിക്കേയുള്ള താരതമ്യേന കുറഞ്ഞ സുരക്ഷാവലയത്തെ ഭേദിക്കാൻ പദ്ധതിയിട്ടു.  

ശിവരശൻ എന്ന ഒറ്റക്കണ്ണൻ മാസ്റ്റർ പ്ലാനർ 
പ്രഭാകരൻ ഈ ദുഷ്കരദൗത്യമേൽപ്പിച്ചത് തന്റെ വിശ്വസ്ത അനുയായികളായിരുന്ന  ശിവരശനെയായിരുന്നു. യഥാർത്ഥ പേര് പാക്കിയനാഥൻ. രഘുവരൻ എന്നൊരു പേരും അയാൾക്കുണ്ടായിരുന്നു. ഒരു കണ്ണില്ലാതിരുന്ന ശിവരശനെ മറ്റു പുലികൾ വിളിച്ചിരുന്നത്  'ഒറ്റൈകണ്ണന്‍' എന്നായിരുന്നു. പൊട്ടു അമ്മനാണ് പ്രഭാകരന് ഈ ദൗത്യത്തിന്റെ ചുക്കാൻ പിടിക്കാൻ വേണ്ടി ശിവരശന്റെ പേര് നിർദേശിച്ചത്.

rajiv gandhi assassination suicide bomber

കൂടെ LTTE -യുടെ എക്സ്പ്ലോസീവ്സ് സ്പെഷ്യലിസ്റ്റ് ആയിരുന്ന മുരുകനുമുണ്ടായിരുന്നു. മദ്രാസിൽ അന്ന് താമസമുണ്ടായിരുന്ന LTTE സ്ലീപ്പർ സെൽ ഓപ്പറേറ്റീവുകളായിരുന്ന  സുബ്രഹ്മണ്യനും മുത്തുരാജയും അവരെ പദ്ധതിയിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ടു. ഇവർക്ക് പുറമെ പേരറിവാളൻ എന്ന ഒരു ഇലക്ട്രോണിക്സ് എക്സ്പെർട്ടും, നളിനി എന്ന മറ്റൊരു യുവതിയും ഈ ഗൂഢാലോചനയുടെ ഭാഗമായി. ശിവരശന്റെ ബന്ധുക്കളായിരുന്നു ചാവേറുകളായി റിക്രൂട്ട് ചെയ്യപ്പെട്ട ധനുവും ശുഭയും. 

അങ്ങനെ അവർ കടൽ മാർഗം ചെന്നൈയിൽ എത്തി. തങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി അവർ രണ്ടുവട്ടം ബോംബില്ലാതെ പരിപാടികളിൽ കേറിച്ചെന്ന്  പരിശീലനം നടത്തി.  ആദ്യത്തെ തവണ 1991  ഏപ്രിൽ 21 -ന് മറീനാ ബീച്ചിൽ വെച്ച്. രണ്ടാമത്തെ വട്ടം മെയ് 12 -ന്, പ്രധാനമന്ത്രി വി പി സിങ്ങും ഡിഎംകെ നേതാവ് കരുണാനിധിയും പങ്കെടുത്ത ഒരു ചടങ്ങിൽ വെച്ചും. അന്നും, പ്രധാനമന്ത്രിയുടെ സുരക്ഷാ കവചങ്ങൾ ഭേദിച്ച് ചെന്ന്  അദ്ദേഹത്തിന്റെ കാൽക്കൽ തൊട്ടു വന്ദിയ്ക്കാൻ ധനുവിനായിരുന്നു. ഒരാഴ്ചയ്ക്കപ്പുറം രാജീവ് ഗാന്ധിയുടെ പാദങ്ങളിൽ എന്ന പോലെ. 

rajiv gandhi assassination suicide bomber

ഒടുവിൽ അവർ പദ്ധതി നടപ്പിലാക്കാൻ ഉറപ്പിച്ച ദിവസവും വന്നെത്തി.1991  മെയ് 20. ശ്രീപെരുംപുത്തൂരിൽ കോൺഗ്രസിന്റെ പ്രചാരണ റാലി നടക്കുന്നു. കയ്യിൽ ഒരു പൂമാലയും പിടിച്ചു കൊണ്ട് വിഐപി ഏരിയയ്ക്കടുത്തായി ധനു നിന്നു. ശുഭയും നളിനിയും ജനക്കൂട്ടത്തിനിടെ. ശിവരശൻ ഒരു പിസ്റ്റളുമായി വേദിയ്ക്കരികിലും. രാത്രി കൃത്യം പത്തുമണിക്ക് രാജീവ് വന്നു. 

rajiv gandhi assassination suicide bomber

ചുറ്റും നിന്ന കോൺഗ്രസ് പ്രവർത്തകർ പലരും പൂമാലകൾ അണിയിച്ച് രാജീവിനെ സ്വീകരിച്ചു. അക്കൂട്ടത്തിലേക്ക് ധനുവും ഇടിച്ചുകേറാൻ നോക്കി. അവരെ തടഞ്ഞ പോലീസുകാരിയോട് രാജീവ് തന്നെയാണ് ധനുവിനെ തന്റെ അടുത്തേക്ക് വിടാൻ പറഞ്ഞത്. അവർക്കും മാലയിടാൻ ഒരു അവസരം കിട്ടിക്കോട്ടെ എന്നദ്ദേഹം കരുതി.  ധനു മാലയിട്ടു. കാൽതൊട്ടു വണങ്ങാനെന്നോണം കുനിഞ്ഞു, അരയിലെ ബെൽറ്റ് ബോംബിന്റെ ബട്ടൺ അമർത്തി. രാജീവും, ധനുവും, ഒപ്പം ആ ബോംബിന്റെ ആഘാത പരിധിയ്ക്കകത്തുണ്ടായിരുന്ന സകലരും സ്‌ഫോടനത്തിൽ ചിന്നിച്ചിതറി. റഈവ് ഗാന്ധിയും, ധനുവും അടക്കം ആകെ 16  മരണം. 43  പേർക്ക് അതിഗുരുതരമായ പരിക്കുകൾ. ഇത്രയുമായിരുന്നു ആ സ്‌ഫോടനത്തിന്റെ ഫലമായി അവിടുണ്ടായത്.

സംഭവം നടന്നു രണ്ടു ദിവസത്തിനകം തന്നെ സംഭവ സ്ഥലത്തു നിന്നും ഒരു കാമറ കണ്ടെടുത്തു. അത് ആ സമ്മേളനം റിപ്പോർട്ടുചെയ്യാൻ വന്ന ഹരിബാബു എന്ന ലോക്കൽ ഫോട്ടോഗ്രാഫറുടേതായിരുന്നു. ഹരിബാബുവും മരണപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. രാജീവിന്റെ ഛിന്നഭിന്നമായ ശരീരാവശിഷ്ടങ്ങൾ ദില്ലിയിലെ പാലം എയർപോർട്ടിലേക്ക് വിമാനമാർഗം കൊണ്ടുപോയി. തുടർന്ന് AIIMS -ൽ വെച്ച് അവ കൂട്ടിച്ചേര്‍ക്കപ്പെടുകയും  എംബാം ചെയ്യപ്പെടുകയുമുണ്ടായി. രാജീവിന്റെ ശവസംസ്‌കാരം നടന്നത് മെയ് 24 -നായിരുന്നു. യമുനാ നടിയുടെ തീരത്തുവെച്ച്, തന്റെ അമ്മയുടെയും, മുത്തച്ഛന്റേയും, സഹോദരന്റെയും ആത്മാക്കളുറങ്ങുന്ന അതേയിടത്തു തന്നെ രാജീവ് ഗാന്ധിയെയും അടക്കി. ആ പ്രദേശം ഇന്ന് വീരഭൂമി എന്നാണ് അറിയപ്പെടുന്നത്. 

rajiv gandhi assassination suicide bomber

സിബിഐ അന്വേഷണം 
ഡി ആർ കാർത്തികേയൻ എന്ന ഓഫീസറുടെ കീഴിൽ ഒരു സ്‌പേഷ്യന് ഇൻവെസ്റ്റിഗേഷൻ ടീം ഉണ്ടാക്കി രണ്ടു ദിവസത്തിനകം തന്നെ സിബിഐ അന്വേഷണം തുടങ്ങി. സംഭവത്തിൽ LTTE -യുടെ റോൾ സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് മിലാപ് ചന്ദ് ജെയിൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ  ഡിഎംകെയ്ക്കും ഗൂഢാലോചന നടത്തിയ LTTE -യുമായി രഹസ്യബന്ധമുണ്ടായിരുന്നു എന്നൊരു ആരോപണമുണ്ടായിരുന്നു. ഡിഎംകെയിലെ പല പ്രാദേശിക നേതാക്കൾക്കും ഇങ്ങനെ ഒരു ആക്രമണത്തിന്റെ സാധ്യതയെപ്പറ്റി മുന്നറിവുകളുണ്ടായിരുന്നു എന്നും അന്ന് പറയപ്പെട്ടിരുന്നു. 

ആദ്യ അറസ്റ്റു നടക്കുന്നത് മെയ് 23 -നാണ്. ഹരിബാബുവിന്റെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മാത്രമായിരുന്നു ലഭ്യമായ തെളിവ്. അതിൽ നിന്നും അന്വേഷണങ്ങൾ നടത്തി ഒടുവിൽ സിബിഐ, തഞ്ചാവൂരിൽ നിന്നും ശങ്കർ എന്നുപേരായ ഒരാളെ  അറസ്റുചെയ്യുന്നു. അയാളുടെ ഡയറിയിലെ വിവരങ്ങൾ അവരെ നളിനി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് നയിക്കുന്നു. 

പക്ഷേ, സിബിഐ അന്വേഷിച്ചു ചെന്നപ്പോഴേക്കും നളിനി അവിടം വിട്ടിരുന്നു  LTTE സംഘം രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നു. നളിനി, മുരുഗൻ, ശിവരശൻ, ശുഭ എന്നിവരടങ്ങിയ സംഘം തിരുപ്പതിയിലേക്ക് പോവുന്നു. അപ്പോഴേക്കും സകല പത്രങ്ങളിലും അവരുടെയെല്ലാം ചിത്രങ്ങൾ വന്നു കഴിഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നളിനിയുടെ സഹോദരൻ ഭാഗ്യനാഥൻ, റോബർട്ട് പയസ്, പേരറിവാളൻ  എന്നിങ്ങനെ പലരും   അറസ്റ്റുചെയ്യപ്പെടുന്നു. 

തൊണ്ണൂറു ദിവസം നീണ്ടു നിന്ന ഓട്ടം 
അങ്ങനെ മൂന്നുമാസത്തോളം നീണ്ടു നിന്ന ഓട്ടത്തിനൊടുവിൽ ശിവരശനടങ്ങുന്ന ഏഴംഗ സംഘം ഒരു എണ്ണ ടാങ്കറിനുള്ളിൽ ഒളിച്ചിരുന്നു യാത്രചെയ്ത്  ബാംഗ്ലൂരിൽ എത്തിപ്പെടുന്നു. അവിടെ വെച്ച് രഘുനാഥ് എന്നൊരാളുടെ വീട്ടിൽ അവർക്ക് അഭയം കിട്ടുന്നു. എന്നാൽ ഇത് മണത്തറിഞ്ഞുകൊണ്ട്, 1991 ആഗസ്റ്റ് 20 -ന്  ഇന്ത്യൻ കമാൻഡോ സംഘം ശിവരശനും സംഘവും താമസിച്ചിരുന്ന വീട് വളഞ്ഞു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള കോനാനകുണ്ടെ എന്ന ഒരു പ്രദേശമായിരുന്നു അത്. അന്ന് കമാണ്ടോകളും പുലികളും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിനിടെ ശിവരശൻ, ശുഭ, കീർത്തി, നേര്, സുരേഷ് മാസ്റ്റർ, അമ്മൻ, ജമീല എന്നിവർ സയനൈഡ് കഴിച്ച് ആത്മഹത്യചെയ്‌തു. സയനൈഡ് കഴിച്ചതിനു പുറമെ ശിവരശൻ തന്റെ തലയിലേക്ക് നിറയൊഴിക്കുകയും ചെയ്തിരുന്നു.  

അന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനമായിരുന്നു എന്നത് വല്ലാത്തൊരു യാദൃച്ഛികതയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ, രാജീവ് ഗാന്ധിയ്ക്ക് അന്നേ ദിവസം 47  വയസ്സ് തികഞ്ഞേനെ. ഈ എൻകൗണ്ടർ നടന്നത് രണ്ടു ദിവസം മുമ്പാണെന്നും, പോലീസ് അത് രാജീവിന്റെ പിറന്നാൾ കണക്കാക്കി 20 -ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണെന്ന മറ്റൊരു വാദവും നിലവിലുണ്ട്. 

ആക്രമണങ്ങൾക്കും  കമാണ്ടോകളുടെ പിടിയിൽ അകപ്പെടും മുമ്പുള്ള പുലികളുടെ സംഘടിത ആത്മാഹുതികൾക്കും ശേഷം ഏറെക്കാലം ആൾപ്പാർപ്പില്ലാത്ത കിടന്ന ഈ കെട്ടിടം പിന്നീട് കുറച്ചു കാലം സ്ഥലത്തെ പോലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്നു. ഇന്നവിടെ പ്രവർത്തിക്കുന്നത് ഒരു അംഗനവാടിയാണ്. 

TADA കോടതിയിലെ വിചാരണ 
ഈ കേസ് വിചാരണയ്‌ക്കെടുത്തത് 'ടെററിസ്റ്റ്സ് ആൻഡ് ഡിസ്റ്പ്റ്റീവ് ആക്ടിവിറ്റീസ് ആക്റ്റ് 'അഥവാ TADA പ്രകാരമായിരുന്നു. 1998  ജനുവരി 28  പ്രത്യേക ടാഡ കോടതി ഗൂഢാലോചനയിൽ പങ്കാളികളായ 26  പേർക്കും വധശിക്ഷ വിധിച്ചു. അതിൽ നാലുപേരുടേതൊഴിച്ച് മറ്റുള്ളതെല്ലാം സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തു. 

അമ്മ ഇന്ദിരാഗാന്ധിയുടെ അകാലത്തിലുള്ള വിയോഗം കാരണം തന്റെ നാല്പതാമത്തെ വയസ്സിൽ രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ട ഒരാളാണ് രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ അകാലമൃത്യുവിന് കാരണക്കാർ പത്രങ്ങളാണ് എന്ന് അന്ന് പ്രധാനമന്ത്രി ചന്ദ്രശേഖർ പറഞ്ഞിരുന്നു. തന്നെ ജനങ്ങളുമായി ഇടപഴകാൻ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല എന്ന രാജീവിന്‍റെ പരിഭവത്തിന് പത്രക്കാർ കൊടുത്ത മുൻപേജിൽ കവറേജ് ആണ് തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സെക്യൂരിറ്റിയിൽ ചില ഇളവുകൾ വരുത്താനും അദ്ദേഹത്തിന് ജനസമ്പർക്കത്തിനുള്ള അവസരങ്ങൾ നൽകാനും അന്നത്തെ ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്. ആ സുരക്ഷാ ഇളവുകൾ തന്നെയാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തതും.

Follow Us:
Download App:
  • android
  • ios