‘മുളക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കുട്ടിക്കാലം തൊട്ട് താൻ മുളക് കഴിക്കുന്നുണ്ട്. ഇപ്പോൾ തനിക്ക് ഒട്ടും എരിവ് തോന്നുന്നില്ല’ എന്നാണ് റാം പിർതു പറയുന്നത്.
ഈ ലോകത്ത് കേട്ടാൽ അവിശ്വസനീയം എന്ന് തോന്നുന്ന പല കാര്യങ്ങളും ചെയ്യുന്ന, പല ശീലങ്ങളും കൊണ്ടുനടക്കുന്ന മനുഷ്യരുണ്ട്. അതിൽ ഒരാളാണ് റാം പിർതു. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ബറ്റാവ് ഗ്രാമത്തിൽ നിന്നുള്ള ഒരു സാധാരണ കർഷകനാണ് റാം. അടുത്തിടെ ഇയാളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധിപ്പെടുകയുണ്ടായി. 10 കിലോയോളം മുളക് റാം ഒറ്റയടിക്ക് കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം പോലും വരാതെ, എരിയുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാതെയാണ് റാം മുളക് കഴിക്കുന്നത്.
2021 -ലാണ് അദ്യമായി റാം പിർതു ശ്രദ്ധ നേടുന്നത്. ആ സമയത്ത് ഇയാളുടെ ഒരു വീഡിയോ വൈറലായി മാറുകയായിരുന്നു. ഇതിൽ ഇയാൾ ബാഗുകണക്കിന് മുളകുകൾ തിന്നുന്നതാണ് കാണാൻ സാധിക്കുക. മേഘാലയയിൽ നിന്നുള്ള ഇയാൾക്ക് 10 കിലോഗ്രാം ഉണക്കമുളക് ഒറ്റയടിക്ക് തിന്നാൻ കഴിയും എന്നാണ് ഫേസ്ബുക്കിലും യൂട്യൂബിലും ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. മില്ല്യൺ കണക്കിന് ആളുകളാണ് അന്ന് വീഡിയോ കണ്ടത്.
‘മുളക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കുട്ടിക്കാലം തൊട്ട് താൻ മുളക് കഴിക്കുന്നുണ്ട്. ഇപ്പോൾ തനിക്ക് ഒട്ടും എരിവ് തോന്നുന്നില്ല’ എന്നാണ് റാം പിർതു പറയുന്നത്. എന്തായാലും, റാം പിർതുവിന്റെ ഈ കഴിവിനെ കുറിച്ച് വലിയ ശ്രദ്ധ നേടിയതോടെ ആളുകൾ അയാളെ പരീക്ഷിക്കാനും തുടങ്ങി. ഇയാൾ മുളകിൽ കുളിക്കാനും മുളക് ദേഹത്ത് പുരട്ടാനും ഒക്കെ തുടങ്ങി. ഇതൊക്കെ കാണാൻ വലിയ താല്പര്യമാണ് ആളുകൾക്ക്. എന്ത് ഭക്ഷണം കഴിക്കുമ്പോഴും വലിയ എരിവോടെയാണ് റാം പിർതു കഴിക്കുന്നതത്രെ. രാവിലെ മുളക് ചായ കുടിച്ച് തുടങ്ങുന്ന ഇയാൾ, ലഞ്ചിന് ചില്ലി മട്ടണും, ഡിന്നറിന് വെറും മുളകും ഒക്കെയാണത്രെ കഴിക്കുന്നത്.


