പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന നിരവധിപേരെ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നായി അറസ്റ്റു ചെയ്‍ത് വലിച്ചിഴച്ച് നീക്കുന്ന കാഴ്‍ചയാണ് ഇന്നലെ നാം കണ്ടത്. അക്കൂട്ടത്തിൽ അറുപത്തൊന്നുകാരനായ ഒരു ചരിത്രകാരനും ഉണ്ടായിരുന്നു. ഇന്ത്യൻ ചരിത്രത്തെ ഇത്രകണ്ട് ഇഴകീറി വിശകലനം ചെയ്‍ത മറ്റൊരാളില്ല. പേര് രാമചന്ദ്ര ഗുഹ. കയ്യിൽ ഒരു ചെറിയ പ്ലക്കാർഡും ഉയർത്തിപ്പിടിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുക മാത്രമാണ് അദ്ദേഹം ചെയ്‍തത്. ബെംഗളൂരു നഗരത്തിൽ വെച്ച് അറസ്റ്റു ചെയ്ത് നീക്കാൻ നേരത്ത് അദ്ദേഹം ചോദിച്ചത് ഇത്രമാത്രം, "ദില്ലിയിൽ ഇരിക്കുന്ന ചിത്തഭ്രമക്കാരനായ പ്രജാപതി തികച്ചും ജനാധിപത്യപരമായ ഈ പ്രതിഷേധങ്ങളെ ഭയക്കുന്നതെന്തിനാണ്?"

അറസ്റ്റുചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പായി ഗുഹ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. 'ഇന്ത്യൻ ബഹുസ്വരത-ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. തന്റെ പ്രസംഗത്തിൽ അദ്ദേഹം ഇടത്, കോൺഗ്രസ് പാർട്ടികളെ ശക്തിയായി വിമർശിച്ചു. വിശേഷിച്ച് ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് നിലമൊരുക്കിയ നെഹ്‌റു-ഗാന്ധി കുടുംബത്തെ.
 
"ഒരു യഥാർത്ഥ ദേശസ്നേഹി, സ്വന്തം രാജ്യത്തിന്റെ അപചയത്തിൽ ലജ്ജിക്കുന്നവനാണ്. സ്വന്തം മതം തന്റെ സഹജീവികളോട് വിവേചനം കാണിക്കുന്നത് കാണുമ്പോൾ ഒരു യഥാർത്ഥ ദേശസ്നേഹിക്ക് സങ്കടം തോന്നും. ഞാനൊരു ഉയർന്ന ജാതിക്കാരനാണ് എങ്കിൽ, ചില മേൽജാതിക്കാർ ദളിതരോട് ജാതീയവിവേചനങ്ങൾ കാണിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നേണ്ടതുണ്ട്. ഞാനൊരു മുസ്ലിം ആണെങ്കിൽ, ചില മുസ്ലിം മതമേലാളന്മാർ തങ്ങളുടെ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് കാണുമ്പോൾ എനിക്ക് ലജ്ജ തോന്നേണ്ടതുണ്ട്. എന്റെ മതം, അല്ലെങ്കിൽ എന്റെ രാജ്യം കുറ്റമറ്റതല്ല, അതിലും ന്യൂനതകളുണ്ട്, അവ പരിഹരിക്കാൻ ഞാൻ ശ്രമിക്കും എന്ന് തുറന്നു സമ്മതിക്കുന്നത് ദേശസ്നേഹത്തിന് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ്." രാമചന്ദ്ര ഗുഹ പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയവയെ ചുറ്റിപ്പറ്റി നിരവധി പ്രതിഷേധസമരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇങ്ങനെ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. സിവിൽ ലിബർട്ടീസ് കളക്ടീവ് എന്ന സംഘടനയാണ് ഇതിനു പിന്നിൽ. ഇത് ദർശന, ബെംഗളൂരു കളക്ടീവ്, സെക്കുലർ ഫോറം, കെഎംസിസി, എംഎംഎ, കർണാടക പ്രവാസി കോൺഗ്രസ്, കർണാടക മലയാളി കോൺഗ്രസ് എന്നിങ്ങനെ പല സംഘടനകളുടെയും ഒരു സംയുക്ത വേദിയാണ്. ഈ സംഘടനകളൊക്കെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളിൽ സജീവമാണ്.

"സ്വന്തം രാജ്യം പ്രവർത്തിക്കുന്ന അതിക്രമങ്ങളിൽ ലജ്ജതോന്നുന്നവനാണ് യഥാർത്ഥ ദേശസ്നേഹി."  അദ്ദേഹം തുടർന്നു, "ഒരു യഥാർത്ഥ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നത് സ്വന്തം മതത്തിന്റെ നാമത്തിൽ നാട്ടിൽ നടക്കുന്ന വിവേചനങ്ങളെക്കുറിച്ചോർത്ത് ആകുലപ്പെടുന്നവനായിരിക്കും. ഗാന്ധിയും അംബേദ്കറും ദേശസ്നേഹത്തെപ്പറ്റി ഏറ്റവും ഒടുവിലായി നടത്തിയ നിരീക്ഷണങ്ങൾ ഇപ്രകാരമാണ്, 'സ്വന്തം സംസ്കാരത്തിൽ അടിയുറച്ചു നിൽക്കുമ്പോഴും, അന്യസംസ്‌കാരങ്ങളിൽ നിന്ന് പുതുതായി പലതും ആർജ്ജിക്കാൻ ബദ്ധശ്രദ്ധരായിരിക്കണം ദേശസ്നേഹികൾ' എന്നാണ് "

നമ്മുടെ പ്രപിതാമഹന്മാരുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി നിലനിൽക്കുന്ന ഈ  രാജ്യത്തിന്റെ ബഹുസ്വരതയുടേതായ പാരമ്പര്യത്തെപ്പറ്റിയും ഇന്നത്തെ നിയമ ഭേദഗതി അതിനേൽപ്പിക്കുന്ന ആഘാതത്തെപ്പറ്റിയുമാണ് ഗുഹ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചത്. "ഒരു മതമോ, രാജ്യമോ അതിന്റെ നേതാവോ ഒക്കെ എല്ലാം തികഞ്ഞവരാണ് എന്ന സങ്കൽപം ഏറെ അപകടകരമായ ഒന്നാണ്. അത് യഥാർത്ഥ ദേശസ്നേഹത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമാണ്. ബഹുസ്വരതയുടേതായ, തുറന്ന വീക്ഷണമുള്ള, വിശാലഹൃദയത്തോടു കൂടിയ, നവോത്ഥാന മൂല്യങ്ങളോട് കൂടിയ, സമത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹം ഇന്ന് കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സങ്കല്പമാണ്." അദ്ദേഹം പറഞ്ഞു.

"ഇന്ന് നമ്മൾ കാണുന്നത് ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ പുതിയൊരു ദേശസ്നേഹമാതൃകയാണ്. ഹിന്ദുത്വത്തിന് മൂന്ന് ലക്ഷണങ്ങളാണുള്ളത്. ഒന്ന്, ഹിന്ദുക്കൾ അഹിന്ദുക്കളേക്കാൾ ഒരു പടി മേലെ നിൽക്കേണ്ടവരാണ് എന്ന് അത് കരുതുന്നു. രണ്ട്, ഹിന്ദി മറ്റുള്ള ഇന്ത്യൻ ഭാഷകളേക്കാൾ വരിഷ്ഠമാണ് എന്ന് അവർ കരുതുന്നു. മൂന്ന്, നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാകണമെന്നുണ്ടെങ്കിൽ അതിന് പാകിസ്ഥാനെ വെറുത്തേ മതിയാകൂ എന്ന് അവർ വിശ്വസിക്കുന്നു." അദ്ദേഹം ഓർമിപ്പിച്ചു.

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ട് ഗുഹ പറഞ്ഞത് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ പത്തൊമ്പതാം നൂറ്റാണ്ടിൽ 'ഒരു ഭാഷ, ഒരു മതം, ഒരു ശത്രു' എന്ന് ജപിച്ചുകൊണ്ട് കഴിഞ്ഞുകൂടിയിരുന്ന ഒരു യൂറോപ്യൻ രാജ്യത്തിന്റേത് പോലെയാണ്. അന്ന് അങ്ങനെ വിശ്വസിച്ചിരുന്ന ഒരു യൂറോപ്യൻ രാജ്യം പോലും കാലപ്രവാഹത്തെ അതിജീവിച്ചില്ല. പാകിസ്ഥാൻ എന്ന നമ്മുടെ അയല്‍ രാജ്യം, മതേതരമായ ഇന്ത്യൻ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായി, മേൽപ്പറഞ്ഞ അതേ മാതൃകയിൽ രൂപംകൊടുത്ത ഒരു രാഷ്ട്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ദേശീയതയുടെ ഹിന്ദുത്വ മാതൃക ഏറെ സങ്കുചിതമാണ്. അത് ഏറെ പാപ്പരായ, ബഹുസ്വരതയ്ക്ക് എതിരായ ഒരു സങ്കല്പമാണ്. ഹിന്ദുത്വത്തിന്റെ മറ്റു സവിശേഷതകളും ഏറെ ജനാധിപത്യവിരുദ്ധം തന്നെയാണ്. എതിർപ്പുകളെ ചവിട്ടിയരക്കുക, വിമർശകരെ ദേശദ്രോഹികൾ എന്ന് വിളിക്കുക, അല്ലെങ്കിൽ അർബൻ നക്സലുകൾ എന്ന് വിശേഷിപ്പിക്കുക, ഹിന്ദുത്വത്തിന്റെ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ പേരിൽ മാത്രം എഴുത്തുകാരെ വെടിവെച്ചുകൊള്ളുക അങ്ങനെ പലതും അതിന്റെ ലക്ഷണങ്ങളാണ്." അദ്ദേഹം പറഞ്ഞു. ഹിന്ദുത്വമെന്ന സങ്കല്പത്തിൽ ഭാരതീയമായ യാതൊന്നും ഇല്ലെന്നും അതിലെ മേൽപ്പറഞ്ഞ പ്രവണതകൾ മുഴുവനും പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നിന്നോ, മധ്യകാല ഇസ്ലാമിക് സ്റ്റേറ്റുകളിൽ നിന്നോ ഒക്കെ കടമെടുത്തവയാണ് എന്നും ഗുഹ പറഞ്ഞു.

ഇടത് കോൺഗ്രസ് നേതൃത്വങ്ങളെയും ഇന്നത്തെ സാഹചര്യത്തിന് ഉത്തരവാദികൾ എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ശക്തമായി വിമർശിച്ചു. "രാഹുൽ ഗാന്ധി എന്ന ഒരൊറ്റ മനുഷ്യൻ ഇല്ലായിരുന്നു എങ്കിൽ മോദി ഒരിക്കലും ഇത്രകണ്ട് വിജയശ്രീലാളിതനാവുകയില്ലായിരുന്നു. ഞാൻ നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ചരിത്രവും തത്വശാസ്ത്രങ്ങളും ഏറെ അഭ്യസിച്ച ഒരാളാണ്. ഇന്ന് നെഹ്‌റു ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ രാഹുൽ ഗാന്ധിയുടെ ഇന്നത്തെ അവസ്ഥകണ്ട് അന്ധാളിച്ച് പോയിരുന്നേനെ." കുടുംബ വാഴ്ചയും അഴിമതിയും കെടുകാര്യസ്ഥതയും വെച്ചുപുലർത്തുന്നു എന്നൊരു ആരോപണവും അദ്ദേഹം കോൺഗ്രസിനെതിരെ ഉയർത്തി.

ഇടതുപക്ഷത്തേയും ഗുഹ വെറുതെ വിട്ടില്ല. ഇടതുപക്ഷം കാണിക്കുന്നത് കാപട്യമാണ്. മൂന്നുസംസ്ഥാനങ്ങളിൽ മാത്രം അധികാരം കയ്യിലുണ്ടായിരുന്നുള്ളു എങ്കിലും,  കലാകാരന്മാർക്കും, സംഗീതജ്ഞർക്കും, ചലച്ചിത്രപ്രവർത്തകർക്കും ഒക്കെ ഇടയിൽ എന്നും ഏറെ സ്വാധീനമുണ്ടായിരുന്നു ഇടതുപക്ഷത്തിന്. എന്നിട്ടും അത് എന്നുമെന്നും ദേശവിരുദ്ധം തന്നെ ആയിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ദുരന്തമെന്നത്, അവർക്ക് എന്നും സ്വന്തം രാജ്യത്തെക്കാൾ മറ്റേതെങ്കിലും രാജ്യത്തോടായിരുന്നു പ്രിയം എന്നതാണ്"

പൗരത്വ നിയമത്തിന്റെ ഭേദഗതി വിവേചനപരമാണ് എന്നാക്ഷേപിച്ചുകൊണ്ട് രാജ്യത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന പ്രക്ഷോഭങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന കലാകാരന്മാരും, എഴുത്തുകാരും, സാമൂഹ്യപ്രവർത്തകരുമെല്ലാം തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് രാമചന്ദ്ര ഗുഹ എന്ന ലബ്ധപ്രതിഷ്ഠനായ ചരിത്രകാരനും ബെംഗളൂരുവിൽ പ്രതിഷേധിക്കാനിറങ്ങിയതും, പൊലീസിനാൽ അറസ്റ്റുചെയ്യപ്പെട്ടതും. ഭരണഘടനാ വിരുദ്ധമായ ഈ നിയമ ഭേദഗതി പിൻവലിക്കും വരെ എതിർക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.