മൃഗശാലയിൽ നായ കയറി, പേടിച്ചോടിയ 27 -കാരി 'റാണി' ചരിഞ്ഞു
അതേസമയം ഈ നായ എങ്ങനെയാണ് മൃഗശാലയ്ക്ക് അകത്ത് പ്രവേശിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സാധാരണ സർവീസ് ആനിമൽസിനെ മാത്രമാണ് മൃഗശാല അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

അപ്രതീക്ഷിതമായി നായയെ കണ്ട് ഭയന്നോടി, പിന്നാലെ 27 വയസുള്ള പെൺആനയ്ക്ക് ദാരുണാന്ത്യം. മിസോറിയിലെ സെന്റ് ലൂയിസ് മൃഗശാലയിലാണ് സംഭവം നടന്നത്. റാണി എന്ന പെൺ ഏഷ്യൻ ആനയ്ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നായയുടെ സാന്നിധ്യത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന ആനകൾ അസ്വസ്ഥരായതിന് പിന്നാലെയായിരുന്നു റാണിയുടെ അന്ത്യം. 20 വർഷങ്ങളായി മൃഗശാലയിലെ താരത്തെ പോലെയായിരുന്നു റാണി, ഏവർക്കും പ്രിയങ്കരിയും. ആ റാണിയുടെ അന്ത്യം മൃഗശാലയെ ദു:ഖത്തിലാഴ്ത്തി.
ഒക്ടോബർ 13 വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. എന്നാൽ, ഒക്ടോബർ 17 ചൊവ്വാഴ്ച വരെ മൃഗശാല സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. എപി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഉച്ചയ്ക്ക് ശേഷം ഒരു നായ ആനകളെ പാർപ്പിച്ചിരുന്ന സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ അതിന്റെ സാന്നിധ്യം അവിടെയുള്ള ആനകളിൽ അസ്വസ്ഥത സൃഷ്ടിച്ചു. നായയെ നിയന്ത്രിക്കാനും ആനകളെ ശാന്തരാക്കാനും മൃഗശാല അധികൃതർ പരമാവധി ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
ആന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നായ എത്തിയത് കണ്ടില്ലായിരുന്നു. എന്നാൽ, മറ്റ് ആനകൾ ബഹളം വയ്ക്കുന്നത് റാണിയുടെ ശ്രദ്ധയിൽ പെട്ടു. പിന്നാലെ, ആന വല്ലാതെ അസ്വസ്ഥയാവുകയും ചുറ്റും ഓടുകയുമായിരുന്നു. പിന്നാലെ ആന വീഴുകയും ചെയ്തു. ആനയുടെ ജീവൻ രക്ഷിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു എങ്കിലും ഒന്നും വിജയിച്ചില്ല. റാണിക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മറ്റ് ആനകൾ ശാന്തരായത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഈ നായ എങ്ങനെയാണ് മൃഗശാലയ്ക്ക് അകത്ത് പ്രവേശിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സാധാരണ സർവീസ് ആനിമൽസിനെ മാത്രമാണ് മൃഗശാല അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അതും നിയന്ത്രണങ്ങളോടെ. വളർത്തുമൃഗങ്ങളെ പൂർണമായും നിരോധിച്ചിട്ടുണ്ട്.
ആന ചരിഞ്ഞതിന് പിന്നാലെ നായയെ ഒരു ഷെൽട്ടറിലേക്ക് അയച്ചു. “ഈ സംഭവം തങ്ങളെ ആകെ തകർത്തിരിക്കുകയാണ്. ഈ പ്രയാസകരമായ സമയത്ത് സമൂഹത്തിന്റെ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ പ്രൊഫഷണലായിട്ടുള്ള മൃഗസംരക്ഷണ വിദഗ്ധരുടെ സംഘം സാധ്യമായതെല്ലാം ചെയ്തിരുന്നു. എന്നിട്ടും, ഞങ്ങൾക്ക് റാണിയെ രക്ഷിക്കാനായില്ല” മൃഗശാല ഡയറക്ടർ മൈക്കൽ മാസെക് തങ്ങളുടെ പത്രക്കുറിപ്പിൽ പറഞ്ഞു.
അതേസമയം, ആനയുടെ ഹൃദയത്തിന് നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന് ആനയുടെ മരണവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വായിക്കാം: ഒരിക്കൽ പോലും വിമാനത്തിൽ കയറിയില്ല, 203 രാജ്യങ്ങൾ സന്ദർശിക്കാൻ യുവാവിന് ചെലവായ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: