വംശനാശം സംഭവിച്ച ഭീമൻ മോവ പക്ഷിയുടെ അപൂർവ മുട്ട 60 വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ നിന്ന് ന്യൂസിലൻഡിലേക്ക് തിരികെ എത്തിക്കുന്നു. കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ലേലത്തിൽ വാങ്ങിയ ഈ മുട്ട ജന്മനാട്ടിലേക്ക് മടക്കി നൽകുന്നത്. പുരാതന ഡിഎൻഎ വേർതിരിച്ചെടുക്കാനും മോവയെ വംശനാശത്തിൽനിന്ന് തിരിച്ചുകൊണ്ടുവരാനുമുള്ള ഗവേഷണങ്ങൾക്ക് ഇത് നിർണായകമാകും.

വംശനാശം സംഭവിച്ച പറക്കാനാകാത്ത ഭീമൻ പക്ഷിയായ മോവയുടെ അപൂർവ മുട്ട ഏകദേശം 60 വർഷത്തിന് ശേഷം ന്യൂസിലൻഡിലേക്ക് തിരിച്ചെത്തുന്നു. അമേരിക്കയിലെ സ്വകാര്യ ശേഖരത്തിലായിരുന്ന ഈ ചരിത്രാവശിഷ്ടം ജൈവസാങ്കേതികവിദ്യാ കമ്പനിയായ കൊളോസൽ ബയോസയൻസസ് ആണ് സ്വന്തമാക്കി ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നത്. ഡിസംബറോടെ മുട്ട ന്യൂസിലൻഡിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ആകെയുള്ളത് 40 -ൽ താഴെ

ലേലരേഖകൾ പ്രകാരം 1966 ജനുവരി 14 -നാണ് മുട്ട ന്യൂസിലൻഡിൽ നിന്നും കണ്ടെത്തിയത്. പിന്നീട് അമേരിക്കയിലെ സ്വകാര്യ ശേഖരത്തിൽ സൂക്ഷിച്ചിരുന്ന ഇത് 2026 ജൂണിൽ കൊളറാഡോയിലെ ആർട്ടെമിസ് ഗാലറിയിൽ നടന്ന ലേലത്തിലൂടെയാണ് കൊളോസൽ ബയോസയൻസസ് ഈ അത്യപൂർവ്വ മുട്ട വാങ്ങിയത്. ഏകദേശം 22 സെന്‍റീമീറ്റർ നീളവും 17 സെന്‍റീമീറ്റർ വീതിയുമുള്ള മുട്ട നിരവധി പൊട്ടിയ കഷണങ്ങൾ കൂട്ടിച്ചേർത്താണ് പുനർനിർമിച്ചിരിക്കുന്നത്. 10,500 യുഎസ് ഡോളറിനാണ് (ഏകദേശം 9.95 ലക്ഷം ഇന്ത്യൻ രൂപയ്ക്ക്) കൊളോസൽ മുട്ട ലേലത്തിൽ സ്വന്തമാക്കിയത്.

Scroll to load tweet…

ചില ഭാഗങ്ങൾ ഇനിയും ഘടിപ്പിക്കാനുണ്ടെന്ന് റിപ്പോർട്ടുകൾ. ഏറെക്കുറെ പൂർണരൂപത്തിലുള്ള മോവ മുട്ടകൾ ലോകത്ത് 40 -ൽ താഴെ എണ്ണം മാത്രമേയുള്ളൂ. ഏകദേശം 600 വർഷം മുമ്പ് വംശനാശം സംഭവിച്ച മോവ പക്ഷികൾക്ക് 3.6 മീറ്റർ വരെ ഉയരമുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. 1987-ൽ ന്യൂസിലാൻഡിലെ ഒരു ഗുഹയിൽ നിന്നും 3,300 വർഷം പഴക്കമുള്ള 'അപ്‌ലാൻഡ് മോവ' (upland moa) പക്ഷിയുടെ മമ്മി ചെയ്ത കാൽപ്പാദം കണ്ടെത്തിയിരുന്നു. ഗുഹയിലെ വരണ്ട കാറ്റ് കാരണം ഇതിന്‍റെ ചർമ്മവും നഖങ്ങളും കണങ്കാൽ വരെ നീളുന്ന തൂവലുകളും കേടുകൂടാതെ സംരക്ഷിക്കപ്പെട്ട നിലയിലാണുള്ളത്.

Scroll to load tweet…

ചരിത്രമുറങ്ങുന്ന മുട്ട

മാവോറി ചരിത്രകാരനും ഗോത്രനേതാവുമായ പ്രൊഫസർ ടെ മൈരെ ടാവുവിന് മുട്ട കൈമാറാനാണ് പദ്ധതി. ങായി താഹു ഗോത്രത്തിലെ ഗവേഷകരുടെ മാർഗനിർദേശത്തിലായിരിക്കും തുടർപഠനങ്ങൾ. മുട്ടത്തോടിൽനിന്ന് പുരാതന ഡിഎൻഎ ലഭിക്കാനും പക്ഷിയുടെ ഇനം, ഭൂമിശാസ്ത്രപരമായ ഉത്ഭവം എന്നിവ കണ്ടെത്താനും സാധ്യതയുണ്ട്. പരിശോധനകൾ നടത്തണോ എന്നത് മാവോറി സാംസ്കാരിക രീതികൾ പരിഗണിച്ച് ഗവേഷകർ തീരുമാനിക്കും. മോവയെ വംശനാശത്തിൽനിന്ന് തിരിച്ചുകൊണ്ടുവരാനുള്ള ഗവേഷണപദ്ധതിയിലും കൊളോസൽ പ്രവർത്തിക്കുന്നുണ്ട്. ഈ മുട്ടയുടെ തിരിച്ചുവരവ് ശാസ്ത്രീയമായും സാംസ്കാരികമായും വലിയ പ്രാധാന്യമുള്ളതാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.