Asianet News MalayalamAsianet News Malayalam

ട്രാപ്പ് ക്യാമറയിൽ പതിഞ്ഞ പേർഷ്യൻ പുള്ളിപ്പുലിയുടെ കുടുംബവിശേഷം; വൈറലായി വീഡിയോ

കുടുംബം വിശ്രമിക്കുന്നതും പരസ്പരം സമയം ചെലവഴിക്കുന്നതുമായ അപൂർവ ദൃശ്യങ്ങൾ ആണ് വീഡിയോ കാണിക്കുന്നത്. പുള്ളിപ്പുലിക്കുട്ടികളുടെ മനോഹരമായ ശബ്ദവും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

Rare Persian Leopards captured in  trap camera rlp
Author
First Published Oct 17, 2023, 2:26 PM IST

ട്രാപ്പ് ക്യാമറയിൽ കുടുങ്ങിയ പേർഷ്യൻ പുള്ളിപ്പുലിയുടെയും കുടുംബത്തിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആയ പർവീൺ കസ്വാൻ ആണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. തുർക്ക്‌മെനിസ്ഥാനിൽ നിന്നുള്ള നരിൻ ടി റോസൻ എന്ന സംരക്ഷകൻ സ്ഥാപിച്ച ട്രാപ്പ് ക്യാമറയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പുള്ളിപ്പുലി ഉപജാതികളിൽ ഏറ്റവും വലുതായ പേർഷ്യൻ പുള്ളിപ്പുലികൾ നിലവിൽ വംശനാശഭീഷണി നേരിടുന്നവയാണ്. പ്രായപൂർത്തിയായ പുള്ളിപ്പുലികളുടെ എണ്ണം നിലവിൽ ആയിരത്തിൽ താഴെയാണ്.

ഒരു പാറക്കെട്ടിനുള്ളിൽ സ്ഥാപിച്ച ട്രാപ്പ് ക്യാമറയിലാണ് നാലംഗ പുള്ളിപ്പുലി കുടുംബം പതിഞ്ഞത്. കുടുംബം വിശ്രമിക്കുന്നതും പരസ്പരം സമയം ചെലവഴിക്കുന്നതുമായ അപൂർവ ദൃശ്യങ്ങൾ ആണ് വീഡിയോ കാണിക്കുന്നത്. പുള്ളിപ്പുലിക്കുട്ടികളുടെ മനോഹരമായ ശബ്ദവും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ''ഒരു പേർഷ്യൻ പുള്ളിപ്പുലി കുടുംബം ട്രാപ്പ് ക്യാമറയ്ക്ക് മുന്നിൽ വീട് വെക്കാൻ തീരുമാനിച്ചപ്പോൾ. ഇവരെ കുറിച്ച് അവബോധം വളർത്തിയതിന് @NarynTR-ന് കടപ്പാട്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ട്രാപ്പ് ക്യാമറകൾക്ക് വലിയ പങ്കുണ്ട്. ഓരോ ഇനം ജീവികളെയും മികച്ച രീതിയിൽ മനസ്സിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഈ ക്യാമറകൾ സഹായിക്കുന്നു. WWF (World Wide Fund for Nature) പറയുന്നത് അനുസരിച്ച്, ക്യാമറ ട്രാപ്പ് എന്നത് ഇൻഫ്രാറെഡ് സെൻസറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഡിജിറ്റൽ ക്യാമറയാണ്. അതിൽ മൃഗങ്ങളെപ്പോലെ ചലിക്കുന്ന വസ്തുക്കളെ കാണാൻ കഴിയും. വന്യജീവികളെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ചും എണ്ണത്തെ കുറിച്ചും, വലുപ്പത്തെ കുറിച്ചും, വിവിധ ജീവിവവർ​ഗങ്ങൾ എങ്ങനെ ഇടപഴകുന്നു എന്നതിനെ കുറിച്ചും ഒക്കെയുള്ള നിർണായകമായ വിവരങ്ങൾ‌ ലഭിക്കാനും ഇത് സഹായിക്കുന്നു.

വായിക്കാം: ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ബില്ല് കണ്ട യുവാവ് ബാത്ത്‍റൂമിൽ പോകാനെന്നും പറഞ്ഞ് മുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 
 

Follow Us:
Download App:
  • android
  • ios