ഒന്നര അടി നീളമുള്ള മൂർഖൻ പാമ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രമാണ് പ്രായമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പാമ്പിനെ ഡെറാഡൂണിലെ മൃഗശാലയിലേക്ക് എത്തിച്ചിരിക്കുകയാണ്.

രണ്ട് തലയുള്ള മൂര്‍ഖനുണ്ടാകുമോ. അപൂര്‍വങ്ങളില്‍ അപൂര്‍വമായിരിക്കും അല്ലേ? എന്നാല്‍, അങ്ങനെയൊന്നുണ്ടായി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ കൽസി ഫോറസ്റ്റ് ഡിവിഷനിലാണ് രണ്ട് തലയുള്ള ഒരു മൂർഖൻകുഞ്ഞിനെ കണ്ടെത്തിയത്. വ്യാഴാഴ്ച ജില്ലയിലെ വികാസ് നഗർ മേഖലയിലെ ഒരു വ്യാവസായിക യൂണിറ്റ് പരിസരത്ത് ഒരു ചെറിയ മൂർഖനെ കണ്ടെത്തിയതായി വനംവകുപ്പിന് വിവരം ലഭിക്കുകയായിരുന്നു. 

കഴിഞ്ഞ 15 വർഷമായി പാമ്പുകളെ രക്ഷിക്കുകയും ഇപ്പോൾ വനം വകുപ്പിൽ ജോലി ചെയ്യുകയും ചെയ്യുന്ന ആദിൽ മിർസയെയാണ് മൂർഖനെ പിടികൂടാന്‍ അയച്ചത്. സ്ഥലത്തെത്തിയപ്പോഴാണ് അത് രണ്ട് തലയുള്ള മൂർഖൻ പാമ്പാണെന്നറിഞ്ഞത്. '15 വര്‍ഷമായി താന്‍ പാമ്പിനെ പിടികൂടുന്നു. എന്നാല്‍ ഇതുപോലെ രണ്ട് തലയുള്ളൊരു മൂര്‍ഖനെ താനിതുവരെ കണ്ടിട്ടില്ല. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്' എന്നാണ് മിര്‍സ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. 

ഒന്നര അടി നീളമുള്ള മൂർഖൻ പാമ്പിന് രണ്ടാഴ്ചയിൽ താഴെ മാത്രമാണ് പ്രായമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പാമ്പിനെ ഡെറാഡൂണിലെ മൃഗശാലയിലേക്ക് എത്തിച്ചിരിക്കുകയാണ്. വെറ്ററിനറി ഡോക്ടര്‍മാര്‍ അതിനെ പരിശോധിക്കുകയാണ്. ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് അയക്കണോ കൂടുതല്‍ പഠനത്തിന് അവിടെ തന്നെ നിര്‍ത്തണോ എന്ന് തീരുമാനിക്കും. ഇത്തരം പാമ്പുകള്‍ കാട്ടില്‍ അതിജീവിക്കാന്‍ വലിയ പ്രയാസമാണ് എന്ന് ഡിഎഫ്ഒ ആയ ബിബി മര്‍ട്ടോലിയ പറഞ്ഞു. 

ഉരഗ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത്തരം പാമ്പുകൾക്ക് ഇങ്ങനെ രണ്ട് തലകളുണ്ടാവുന്നത് ഒരു ജനിതക വൈകല്യമാണ്. കൂടാതെ, അത്തരം പാമ്പുകളുടെ അതിജീവന നിരക്ക് വളരെ കുറവാണ്.

(ചിത്രം പ്രതീകാത്മകം)